ചാത്തന്നൂര്‍: പാര്‍ട്ടിക്കുള്ളിലെ അഴിമതിചര്ച്ചയില് വഴിമുട്ടി സിപിഎം ചിറക്കര ലോക്കല്‍ സമ്മേളനം പൂര്‍ത്തിയാകാതെ പിരിഞ്ഞു. അക്ഷരാര്‍ത്ഥത്തില്‍ പഞ്ചനക്ഷത്രസമ്മേളനമായി മാറിയ പരിപാടി ചിറക്കരയിലെ വ്യവസായപ്രമുഖനും സിപിഎം എല്‍സി മെമ്പറുമായ ചിരവിള മോഹനന്റെ വീട്ടുമുറ്റത്ത് ഹൈടെക് രീതിയില്‍ നിര്‍മ്മിച്ച പന്തലിലാണ് നടന്നത്.
സിപിഎമ്മും ഡിവൈഎഫ്ഐയും ചേരിതിരിഞ്ഞ് പരസ്യമായി ഏറ്റുമുട്ടുന്ന ഇവിടെ പഞ്ചായത്തില്‍ സിപിഐക്കാരിയായ പ്രസിഡന്റും ചില മെമ്പര്‍മാരും നടത്തുന്ന അഴിമതിയും ഡിവൈഎഫ്ഐ സമരവുമായിരുന്നു ചര്‍ച്ച. ചര്‍ച്ചയില്‍ തര്‍ക്കം മുറുകിയപ്പോള്‍ ഉപരികമ്മിറ്റി നേതാക്കളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സമ്മേളനം പിരിക്കുകയായിരുന്നു.
പിണറായി പക്ഷത്തെ മൂടോടെ വെട്ടിനിരത്തി വിഎസ് പക്ഷം ലോക്കല്‍ കമ്മിറ്റി നേതൃത്വം പിടിച്ചെടുക്കുകയും ചെയ്തു. സിപിഐയുടെ പഞ്ചായത്ത് പ്രസിഡന്റ് നടത്തുന്ന അഴിമതിക്ക് കുടപിടിക്കുന്ന സമീപനമാണ് സിപിഎമ്മിലെ ഒരുവിഭാഗം ചെയ്യുന്നതെന്നും ചിറക്കര പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത ടാര്പ്ലാന്റിനെതിരെയും പോളച്ചിറ ഏലായില്‍ വെള്ളം വറ്റിക്കലിനെതിരെയും നടന്ന സമ്മേളനത്തില്‍ പാര്‍ട്ടി നടത്തിയ ഒത്തുതീര്‍പ്പുകളും ചര്‍ച്ചയായി.
സിപിഎം മുന്നണി മര്യാദ ലംഘിച്ചുകൊണ്ട് പല കാര്യങ്ങളിലും പഞ്ചായത്ത് ഭരണസമിതിക്കെതിരെയുള്ള നിലപാടാണ് സ്വീകരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റിനും എംഎല്‍എയ്ക്കുമെതിരെ നിഴല്‍യുദ്ധമാണ് നടത്തുന്നതെന്നും, ഇങ്ങനെ പോയാല്‍ മുന്നണി സംവിധാനം പുനഃപരിശോധിക്കണമെന്നും ഭൂരിഭാഗം പ്രതിനിധികളും അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: