ആലപ്പുഴ: കടുത്ത വിഭാഗീയതയെ തുടര്‍ന്ന് സിപിഎം ആലപ്പുഴ ഏരിയ സമ്മേളനം രണ്ടാംദിവസം നിര്‍ത്തിവച്ചു. ഇന്ന് പൊതുസമ്മേളനം നിശ്ചയിച്ചിരിക്കെയാണ് സമ്മേളനം പൂര്‍ത്തിയാക്കാനാവാതെ നിര്‍ത്തിവയ്ക്കേണ്ടി വന്നത്. ഔദ്യോഗിക പാനലിനെതിരെ നഗരസഭാദ്ധ്യക്ഷയടക്കം പത്തുപേര്‍ മത്സര രംഗത്തെത്തിയതാണ് സമ്മേളനം നിര്‍ത്തിവയ്ക്കാന്‍ കാരണം. സിപിഎം സംസ്ഥാന കമ്മറ്റിയുടെ നിര്‍ദേശ പ്രകാരം സമ്മേളനങ്ങളില്‍ തെരഞ്ഞെടുപ്പു പാടില്ല. നിരീക്ഷകരായെത്തിയ ജില്ലാ സെക്രട്ടറിയടക്കമുള്ളവര്‍ മത്സരം ഒഴിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ട സാഹചര്യത്തിലാണ് സമ്മേളനം പാതിവഴിയില്‍ നിര്‍ത്തിയത്.
ഔദ്യോഗിക പക്ഷത്തെ തന്നെ ഇരുചേരികള്‍ തമ്മിലുള്ള ഭിന്നതയാണ് മത്സരത്തിലേക്ക് നയിച്ചതെന്നാണ് വിവരം. സിപിഎം ജില്ലാ കമ്മറ്റിയംഗവും ഡിവൈഎഫ്ഐ നേതാക്കളുമായുള്ള ഭിന്നത നേരത്തെ തന്നെ പാര്‍ട്ടിക്ക് തലവേദനയായിരുന്നു. ലോക്കല്‍ സമ്മേളനങ്ങളില്‍ ഇത് സാരമായി ബാധിച്ചിരുന്നു. കൂടാതെ എസ്എഫ്ഐ നേതാക്കള്‍ സിപിഎം സംസ്ഥാന സമിതിയംഗം ജി. സുധാകരനെതിരെ പാര്‍ട്ടി സംസ്ഥാന കമ്മറ്റിക്ക് പരാതി നല്കിയതും വിവാദമുയര്‍ത്തിയിരുന്നു. ജില്ലാ നേതാവിന്റെ മകനെ ലക്ഷങ്ങള്‍ മുടക്കി വിദേശത്ത് പഠനത്തിനയച്ചതും കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത പ്രതികളെ ഉന്നതര്‍ സംരക്ഷിക്കുന്നതിനെതിരെയും പ്രതിനിധികള്‍ ആഞ്ഞടിച്ചിരുന്നു.
ആലപ്പുഴ നഗരസഭയിലെ സിപിഎം ഭരണത്തിനെതിരെയും വിമര്‍ശനമുയര്‍ന്നു. നിരവധി ആരോപണവിധേയരായവരെയും സ്ത്രീ വിഷയത്തില്‍ വരെ പ്രതിക്കൂട്ടിലായവരെയും ഏരിയ കമ്മറ്റിയംഗങ്ങളാക്കുന്നതിനെതിരെയുള്ള പ്രതിഷേധ സൂചകമായാണ് പലരും മത്സര രംഗത്തെത്തിയതെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: