ആലപ്പുഴ: പക്ഷിപ്പനി രോഗപ്രതിരോധ-നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ രണ്ടാംഘട്ടം നാലിന് പൂര്‍ത്തീകരിക്കുമെന്ന് കളക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു. അവലോകന യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെ നശിപ്പിക്കുന്നതും വീടുകളുടെ പരിസരം അണുവിമുക്തമാക്കുന്നതുമാണ് പൂര്‍ത്തീകരിക്കുക. തലവടി, നെടുമുടി എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. അമ്പലപ്പുഴ വടക്ക്, ചെന്നിത്തല, പുറക്കാട് എന്നിവിടങ്ങളില്‍ നാലിന് പൂര്‍ത്തീകരിക്കും. ഇതിനായി 22 ദ്രുതകര്‍മ സംഘങ്ങളെ നിയോഗിക്കും.
ആരോഗ്യവകുപ്പ് നടത്തുന്ന ആരോഗ്യ സര്‍വേ തുടരും. ആരോഗ്യപ്രവര്‍ത്തകര്‍ ഇന്നലെ 19,294 വീടുകള്‍ സന്ദര്‍ശിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തി. പക്ഷിപ്പനിയുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങള്‍ ആരിലും കണ്ടെത്തിയിട്ടില്ല. രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളുടെ മൂന്നു കിലോമീറ്റര്‍ ചുറ്റളവിലും പത്തു കിലോമീറ്റര്‍ ചുറ്റളവിലുമുള്ള സ്ഥലങ്ങളിലെ പക്ഷികളുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. അണുവിമുക്തമാക്കല്‍ പ്രവര്‍ത്തികള്‍ തുടരും. പുറക്കാട് മൂന്നിന് 284 താറാവുകളെയും 141 കോഴികളെയും ഏഴു പ്രാവുകളെയും കൊന്ന് സംസ്കരിച്ചു. 28 മുട്ട നശിപ്പിച്ചു.
പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് വി.സി. മധു, എഡിഎം: ആന്റണി ഡൊമിനിക്, ഡിഎംഒ: ഡോ. കെ.എ. സഫിയബീവി, മൃഗസംരക്ഷണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. ജെ. മോഹന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ലിസി പി. സ്കറിയ, ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. വി. ഗോപകുമാര്‍, ഡപ്യൂട്ടി കളക്ടര്‍ കെ.ആര്. ചിത്രാധരന്‍, ഡിടിപിസി സെക്രട്ടറി സി. പ്രദീപ്, ജൂനിയര്‍ സൂപ്രണ്ട് പ്രേംജി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: