ആലപ്പുഴ: വിധിയുടെ കൊടുംക്രൂരതയില്‍ തളര്‍ന്ന് പോയ മക്കളെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരാന്‍ രാപകല്‍ കഷ്ടപ്പെടുന്ന അമ്മയെ സര്‍ക്കാരും ഉദ്യോഗസ്ഥ സംവിധാനങ്ങളും തോല്‍പ്പിക്കുന്നു. ആലപ്പുഴ ആശ്രമം വാര്‍ഡ് ലക്ഷ്മി ഭവനില്‍ പി.എസ്. ശെല്‍വമാണ് സര്‍ക്കാര്‍ സംവിധാനങ്ങളുടെ ക്രൂരതയ്ക്കിരയായി മക്കളെ എങ്ങിനെ വളര്‍ത്തണമെന്ന് അറിയാതെ നെട്ടോട്ടമോടുന്നത്.
വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി ഈ അമ്മ കുഴഞ്ഞു. ശെല്‍വത്തിന് രണ്ടു പെണ്‍കുട്ടികളാണുള്ളത്. 12 വയസുള്ള മൈഥിലിയും, പത്ത് വയസുകാരി മധുമിതയും. ഇരുവരും കിടക്കയില്‍ നിന്ന് എഴുന്നേല്ക്കാന് പോലും കഴിയാതെ തളര്‍ന്ന നിലയിലാണ്. ഭര്‍ത്താവ് അഞ്ചു വര്‍ഷം മുമ്പ് ശെല്‍വത്തെ ഉപേക്ഷിച്ചു. ബാങ്കില്‍ നിന്ന് വായ്പയെടുത്തും കടം വാങ്ങിയുമാണ് മക്കളുടെ ചികിത്സ നടത്തിയത്. ഒടുവില്‍ കിടപ്പാടവും നഷ്ടപ്പെട്ട ശെല്‍വവും മക്കളും ഇപ്പോള്‍ വാടക വീട്ടിലാണ് കഴിയുന്നത്. വക്കീല്‍ ഓഫീസില്‍ താത്ക്കാലികമായി ടൈപ്പിസ്റ്റ് ജോലി ചെയ്ത് കിട്ടുന്ന തുച്ഛമായ വരുമാനമാണ് ശെല്‍വത്തിന്റെ ആശ്രയം.
2013 മെയ് മാസത്തില്‍ സുതാര്യ കേരളം പരിപാടിയില്‍ മുഖ്യമന്ത്രിയോട് ഇതുസംബന്ധിച്ച് പരാതി പറഞ്ഞിരുന്നു. സ്ഥലവും വീടും ഒരു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ നല്‍കുമെന്നും തളര്‍ന്നു കിടക്കുന്ന കുട്ടികളുടെ തുടര്‍ ചികിത്സ സൗജന്യമായി സര്‍ക്കാര്‍ നടത്തുമെന്നും മുഖ്യമന്ത്രി വാഗ്ദാനം നല്കി. എന്നാല്‍ വര്‍ഷം ഒന്നര പിന്നിട്ടിട്ടും ശെല്‍വത്തിന് വീടും സ്ഥലവും ലഭിച്ചില്ല. ശെല്‍വത്തിന് വീടും സ്ഥലവും നല്‍കിയതായി മാധ്യമങ്ങളിലുടെ കുപ്രചരണം നടത്താനും സുതാര്യകേരളം അധികൃതര്‍ തയ്യാറായി. മുഖ്യമന്ത്രിയുടെ അറിയിപ്പിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മുതല്‍ പ്രമുഖ ആയുര്‍വേദ ഡോക്ടര്‍ വിഷ്ണുനമ്പൂതിരി കുട്ടികളുടെ ചികിത്സ ആരംഭിച്ചു. അഞ്ചു മാസത്തെ ചികിത്സയില്‍ കുട്ടികളുടെ നിലയില്‍ പുരോഗതി ഉണ്ടാകുകയും ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതിനാല്‍ ചികിത്സ മുടങ്ങി.
ആയുര്‍വേദ ഡിഎംഒയും മറ്റു ഉദ്യോഗസ്ഥരും തുടര്‍ ചികിത്സയ്ക്ക് ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കാത്തതാണ് ഫണ്ട് ലഭിക്കാതിരിക്കാന്‍ കാരണം. ശെല്‍വം ഡിഎംഒ ഓഫീസിലും കളക്ട്രേറ്റിലും കയറിയിറങ്ങി കുഴഞ്ഞു. പക്ഷെ നടപടി മാത്രം ഉണ്ടാകുന്നില്ല. ചില ഉദ്യോഗസ്ഥര്‍ ഈ യുവതിയെ കുട്ടികളുടെ രോഗവിവരം പറഞ്ഞ് മാനസികമായി വേദനിപ്പിക്കാനും ശ്രമിക്കുന്നു. വിധിയുടെ ക്രൂരതയ്ക്കിരയായെങ്കിലും പിടിച്ചു നില്‍ക്കാനുള്ള തന്റെ ശ്രമങ്ങളെ ഉദ്യോഗസ്ഥരും സര്‍ക്കാര്‍ സംവിധാനങ്ങളും പരാജയപ്പെടുത്തുകയാണെന്ന് ശെല്‍വം പറയുന്നു.
ഇനി എന്തു ചെയ്യണമെന്ന ശെല്‍വത്തിന്റെ ചോദ്യത്തിന് ആര്‍ക്കും ഉത്തരമില്ല. സര്‍ക്കാര്‍ ഉപേക്ഷിച്ചാലും ഈ അമ്മയേയും മക്കളേയും സഹായിക്കാന്‍ കാരൂണ്യത്തിന്റെ ഉറവ വറ്റാത്ത സമൂഹത്തിന് കഴിയും. ശെല്‍വത്തിന്റെ ഫോണ്‍ നമ്പര്‍: 8891021115.
പ്രതികരിക്കാൻ ഇവിടെ എഴുതുക: