കൊല്ലം: തിരുവനന്തപുരം കിംസ് ആശുപത്രിയുടെ പത്താംനിലയില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ വീണുമരിച്ച നഴ്സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആക്ഷന്‍കൗണ്‍സില്‍. ഈ ആവശ്യമുന്നയിച്ച് റോജി റോയി ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ അഞ്ചിന് രാവിലെ 10ന് കൊട്ടിയം കിംസ് ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
റോജിറോയിയുടെ മരണം സംബന്ധിച്ച അന്വേഷണം സിറ്റിപോലീസ് കമ്മീഷണര്‍ എച്ച്.വെങ്കിടേഷിന് കൈമാറിയെന്ന ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനം പോലും പാഴ്വാക്കായിരിക്കുകയാണെന്ന് ആക്ഷന്‍കൗണ്‍സില്‍ കണ്‍വീനര്‍ സഞ്ജയ് പറഞ്ഞു. ബധിരരും മൂകരുമായ നല്ലില പുതിയക്കല്‍ റോബിന്ഭവനില് റോയിജോര്ജ്ജിന്റെയും സജിതറോയിയുടെയും ഏകമകളാണ് മരണപ്പെട്ട റോജിറോയി. മരണത്തിനുശേഷം ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുള്ള ഓരോ ഇടപെടലുകളും ദുരൂഹത ഉണര്‍ത്തുന്നതാണെന്ന് നെടുമ്പന പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രാമചന്ദ്രന് ചൂണ്ടിക്കാട്ടി.
വീഴ്ചയില്‍ത്തന്നെ മരിച്ച റോജിയുടെ മൃതശരീരം നാട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ട് ആശുപത്രിയിലേക്ക് പെട്ടെന്ന് മാറ്റുകയായിരുന്നു. രാത്രി ഏഴ് മണിയോടെയാണ് മരിച്ചതെന്ന ആശുപത്രി അധികൃതരുടെ വാദവും ആര്‍ഡിഒയും ജനപ്രതിനിധികളും ബന്ധുക്കളും എത്തുന്നതിനുമുമ്പുള്ള പോലീസിന്റെ തിടുക്കപ്പെട്ട ഇന്‍ക്വസ്റ്റ് തയ്യാറാക്കലും വട്ടിയൂര്‍ക്കാവിലുള്ള ഹോസ്റ്റലില്‍ നിന്ന് 15 കിലോമീറ്റര്‍ ദൂരെയുള്ള ആശുപത്രിയിലേക്ക് റോജിയെ ഒറ്റയ്ക്ക് വിളിപ്പിച്ചതിന്റെ കാരണവും നിലവിലുള്ള അന്വേഷണത്തിന്റെ പോരായ്മകളും പുരോഗതിയില്ലായ്മയും ഈ മരണവുമായി ബന്ധപ്പെട്ട് ഒട്ടനവധി സംശയങ്ങള്ക്കിടയുണ്ടാക്കുന്നുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ പ്രസന്ന രാമചന്ദ്രന്, കെ.യു.ഷിജുകുമാര്‍, ജോണ്സണ് കല്ലട, ഫിലിപ്പ്.ജി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: