അഗളി: അട്ടപ്പാടി ഊരുകളില്‍ മാനസിക വൈകല്യരോഗികളുടെ എണ്ണം വര്‍ധിക്കുന്നതായി കണ്ടെത്തല്‍. യുവതീയുവാക്കളിലാണ് അധികവും മാനസികരോഗം പിടിപെടുന്നത്. മദ്യമയക്കുമരുന്നുകളുടെ അമിത ഉപയോഗവും കുടുംബജീവിത ദുരിത പശ്ചാത്തലങ്ങളുമാണ് ആദിവാസികള്‍ക്കിടയില്‍ ഈ രോഗം വ്യാപിക്കുന്നതിനു കാരണമാകുന്നതെന്നാണ് കണ്ടെത്തല്‍. ഇതുവഴി ആത്മഹത്യയും പെരുകുന്നു. രണ്ടുവര്‍ഷത്തിനിടെ 238 ആദിവാസികള്‍ അട്ടപ്പാടിയില്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്.
പട്ടികവര്‍ഗ ക്ഷേമത്തിനായി നിരവധി പാക്കേജുകളും പ്രവര്‍ത്തനങ്ങളും ഉണ്ടാകുന്നുണ്ടെങ്കിലും മാനസിക രോഗികളെ പുനരധിവസിപ്പിച്ച് ചികിത്സ നല്‍കാനുള്ള സംവിധാനമുണ്ടായിട്ടില്ല. രോഗം പിടിപെട്ട് തെരുവില്‍ അലയുന്നവരും നിരാലംബരായി ഊരില്‍ കഴിയുന്നവരും ഏറെയാണ്. രോഗം പിടിപെട്ട് മരുന്നും ഭക്ഷണവും വസ്ത്രവും ലഭിക്കാതെ കൈക്കുങ്ങളുമായി അലയുന്ന ആദിവാസി യുവതികളും കൗമാരക്കാരും വൃദ്ധജനങ്ങളും അട്ടപ്പാടിയില്‍ മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന കാഴ്ചയാണ്. അതേസമയം അക്രമാസക്തരാകുന്ന രോഗികള്‍ വളരെ കുറവാണ് ഇവിടെ. കൃത്യമായി മരുന്നും പരിചരണങ്ങളുമുണ്ടായാല്‍ വളരെവേഗം സുഖപ്പെടുന്ന രോഗികളാണ് അധികവും. എന്നാല്‍ ചിത്തഭ്രമം ദൃശ്യമായാല്‍ ബന്ധുക്കള്‍ ഉപേക്ഷിക്കുകയാണ്.
കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ മാനസികരോഗികള്‍ക്ക് ചികിത്സാ സൗകര്യങ്ങളുണ്ടെങ്കിലും പ്രവര്‍ത്തനം കടലാസില്‍ ഉറങ്ങുകയാണ്. അഗളിയിലെ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ സേവനങ്ങളാണ് ആദിവാസികളായ മാനസികരോഗികള്‍ സ്വാന്തനമാകുന്നത്. ഇവിടെ എല്ലാദിവസവും മാനസികരോഗികള്‍ക്ക് ചികിത്സ നല്കുന്നുണ്ട്. കൂടാതെ എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന മെഹക് ട്രസ്റ്റിന്റെ സുപ്പീരിയര്‍ മനഃശാസ്ത്രജ്ഞയായ ഡോ. ചിത്ര വെങ്കിടേശ്വരന്‍ മാസത്തിലൊരിക്കല്‍ രോഗികളെ പരിശോധിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ മാനസിക പരിപാടിയുടെ ഭാഗമായി എല്ലാമാസവും രണ്ടാമത്തെ ബുധനാഴ്ചയില്‍ വിവേകാനന്ദയില്‍ വിദഗ്ധ ഡോക്ടര്‍മാരെത്തി രോഗികളെ പരിശോധിച്ച് മരുന്നുകള്‍ നല്‍കിവരുന്നു.
എന്നാല്‍ ചികിത്സ നേടിയവരുടെ പിന്നീടുള്ള സ്ഥിതിയോ സ്ഥിര ചികിത്സ നേടുന്നുണ്ടോ എന്ന് അറിയാനുള്ള സംവിധാനങ്ങളൊ ഇല്ല. 2011-ല്‍ വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ നടത്തിയ സര്‍വേയില്‍ വിവിധ ഊരുകളിലായി 285-ഓളം രോഗികളെ കണ്ടെത്തിയിരുന്നു. ഇതില്‍ 74 ശതമാനംപേരും ചികിത്സ തേടിയിരുന്നില്ല. തുടര്‍ന്നു നടന്ന സര്‍വേയില്‍ ചിത്തഭ്രമം ബാധിച്ച 286 പേരെ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 124 പേര്‍ക്ക് ചികിത്സ ലഭിച്ചപ്പോള്‍ 162 പേര്‍ക്ക് പരിചരണം ലഭിച്ചില്ല. ഇതില്‍ 45 പേര്‍ തുടര്‍ചികിത്സ തേടിയതില്‍ പന്ത്രണ്ട് പേര്‍ മാത്രമാണ് സാധാരണ ജീവിതത്തിലേക്ക് എത്തിയത്.
2014 ഒക്ടോബറില്‍ 260 മാനസികരോഗികള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 185 പേര്‍ വിവേകാനന്ദയില്‍ ചികിത്സ തേടുന്നു. ഇതില്‍ 160 പേര്‍ക്ക് രോഗലക്ഷണം കുറഞ്ഞു സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയിട്ടുണ്ടെന്ന് വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ അധികൃതര്‍ പറഞ്ഞു. രോഗവിമുക്തരാകുന്നവര്‍ക്ക് തുടര്‍ചികിത്സയും പുനരധിവാസം, തൊഴില്‍, യോഗ തുടങ്ങി മറ്റു പരിചരണങ്ങളും ചികിത്സ ലഭിക്കാത്തവരെ കണ്ടെടത്തി ഡോക്ടറുടെ സേവനവും പരിരലക്ഷയും ലഭ്യമാക്കുകയും ചെയ്താല്‍ മാനസികരോഗികളെ സാധാരണ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാനാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: