ശബരിമല : ശബരിമലയിലെ നിര്‍ദ്ദിഷ്ട റോപ് വേ നിര്‍മ്മാണത്തില്‍ നിന്നും കൊല്‍ക്കത്ത കമ്പനി പിന്‍മാറുന്നു. മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കേണ്ട ഹൈ പവര്‍ കമ്മറ്റിയുടെ അംഗീകാരം ലഭിച്ച് എട്ടുമാസം കഴിഞ്ഞിട്ടും അനുമതി പത്രം നല്‍കാത്തതാണ് കാരണം.
പമ്പ ഹില്‍ടോപ്പില്‍ നിന്നും സന്നിധാനത്തേക്ക് 2700 മീറ്റര്‍ നീളത്തില്‍ റോപ് വേ നിര്‍മ്മിക്കുന്നത് ദാമോദര്‍ റോപ് വേയ്‌സ് ആന്റ് ഇന്‍ഫ്രാ ലിമിറ്റഡ് എന്ന കമ്പനിയാണ്. മുപ്പതുവര്‍ഷത്തെ ബിഒടി വ്യവസ്ഥയിലാണ് നിര്‍മ്മാണം. റോപ് വേ നിര്‍മ്മാണം മുടങ്ങുമെന്നഘട്ടം എത്തിയപ്പോള്‍ കമ്പനിയില്‍നിന്നും കാലാവധി ഒരുമാസം കൂടി നീട്ടിനല്‍കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ കാലാവധിയും കഴിഞ്ഞു.
ദേവസ്വം ബോര്‍ഡില്‍ നിന്നും അനുമതിപത്രം ലഭിച്ചാല്‍ മാത്രമെ പാരിസ്ഥിതിക പഠനം നടത്താനാവു. ഇത് കമ്പനിയുടെ സ്വന്തം ചെലവില്‍ നടത്തണം. ഈ പഠനം പൂര്‍ത്തിയാകണമെങ്കില്‍ ഒരുവര്‍ഷം വേണ്ടിവരും.പാരിസ്ഥിതിക പഠനത്തിനു ശേഷംമാത്രമാണ് തുടര്‍നടപടികള്‍ സാധ്യമാകുക.
റോപ് വേയ്‌ക്ക് 15 കോടിയാണ് മുതല്‍മുടക്ക്. റോപ് വേയിലൂടെ ദേവസ്വം ബോര്‍ഡിനുവേണ്ടി പ്രത്യേക നിരക്കില്‍ സാധനങ്ങള്‍ സന്നിധാനത്തെത്തിക്കാന്‍ ധാരണയുണ്ടായിരുന്നു. ഒരു ടണ്‍ ശര്‍ക്കര പമ്പയില്‍ നിന്നും ശബരിമലയിലെത്താന്‍ 3000 രൂപയാണ് ബോര്‍ഡ് കമ്പനിക്ക് നല്‍കേണ്ടത്.
ദിനംപ്രതി പത്ത് മെട്രിക്ക് ടണ്‍ ശര്‍ക്കരയോളം പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് എത്തുന്നുണ്ട്. ഇതില്‍നിന്നും കോടികളുടെ വരുമാനം കമ്പനിക്ക് നേടാനാവും. ഇതിനുപുറമെ സ്വകാര്യസ്ഥാപനങ്ങളുടേയും വ്യക്തികളുടെയും സാധനങ്ങളും ഈ സംവിധാനത്തിലൂടെ എത്തും. ഇതിനുള്ള ചാര്‍ജ് കമ്പനിയാകും നിശ്ചയിക്കുക.
റോപ് വേ നടത്തിപ്പിനായി വര്‍ഷം 12 ലക്ഷം രൂപയാണ് കമ്പനി ദേവസ്വം ബോര്‍ഡില്‍ അടക്കേണ്ടത്. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ സംവിധാനം ബോര്‍ഡിന് കൈമാറണമെന്നാണ് ധാരണ. വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ ആലോചന തുടങ്ങിയ പദ്ധതിക്ക് കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹൈപവര്‍ കമ്മറ്റി അംഗീകാരം നല്‍കിയത്.
എന്നാല്‍ അംഗീകാരം ലഭിച്ചിട്ടും അനുമതി പത്രം നല്‍കാത്തത് ദുരൂഹമായി തുടരുകയാണ്. പദ്ധതി നടപ്പായാല്‍ നിലവിലുള്ള ട്രാക്ടര്‍ സര്‍വീസുകള്‍ ഒഴിവാക്കാനാകും. ഇത് തീര്‍ത്ഥാടകരുടെ സഞ്ചാരം കൂടുതല്‍ സൗകര്യപ്രദമാക്കും. റോപ് വേ നിര്‍മ്മാണത്തില്‍ 40 വര്‍ഷത്തെ പരിചയമുള്ള കമ്പനിയാണ് ദാമോദര്‍ റോപ് വേയ്‌സ് ആന്റ് ഇന്‍ഫ്രാ ലിമിറ്റഡ്. 11000 അടി ഉയരത്തിലുള്ള അരുണാചല്‍പ്രദേശിലെ തവാങ്ങില്‍ റോപ് വേ നിര്‍മ്മിച്ചത് ഈ കമ്പനിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: