തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് അലംഭാവം. ഇതുസംബന്ധിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം നല്കിയ മുന്നറിയിപ്പ് സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും അവഗണിച്ചു.
2011ല്‍ ഐബി ഉദ്യോഗസ്ഥര്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പരിശോധന നടത്തിയിരുന്നു. സ്ഫോടക വസ്തുക്കളുമായി അനായാസം ക്ഷേത്രത്തില്‍ കയറാന്‍ ഐബി ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുരക്ഷാ നിര്‍ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് സംസ്ഥാനത്തിന് നല്കി. റിപ്പോര്‍ട്ട് ലഭിച്ച് മൂന്നു വര്‍ഷം പിന്നിടുമ്പോഴും നിര്‍ദേശങ്ങളില്‍ ഒന്നുപോലും നടപ്പാക്കിയിട്ടില്ല.
2011 ഏപ്രില്‍ എട്ടിനാണ് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും കേന്ദ്രം റിപ്പോര്‍ട്ട് നല്‍കിയത്. വര്‍ഗീയ കലാപമുണ്ടാക്കാന്‍ മാലിദ്വീപിലെ ഭീകരസംഘടനകള്‍ കേരളത്തിലെ ക്ഷേത്രങ്ങളെ ലക്ഷ്യംവെയ്ക്കുന്നതായി റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഗുരുവായൂരിലെ സുരക്ഷാ പാളിച്ചകളും റിപ്പോര്‍ട്ടില്‍ അക്കമിട്ടു നിരത്തുന്നുണ്ട്.
സ്ഫോടക വസ്തുക്കള്‍ കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധനയില്ല. ക്ഷേത്രത്തിന് തൊട്ടടുത്ത് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചാണ് ദേഹ പരിശോധന. ആധുനിക സുരക്ഷാ ഉപകരണങ്ങളോ അടിയന്തര സാഹചര്യം നേരിടാനുള്ള സംവിധാനമോ ഇല്ല.
100 മീറ്റര്‍ ചുറ്റളവില്‍ ഭൂമി ഏറ്റെടുക്കണമെന്ന പ്രധാന നിര്‍ദേശം അട്ടിമറിച്ച ദേവസ്വംബോര്‍ഡ് ഇപ്പോള്‍ 25 മീറ്റര്‍ ചുറ്റളവ് അതിര്‍ത്തിയാക്കി വേലികെട്ടാനുള്ള തീരുമാനമാണ് എടുത്തിരിക്കുന്നത്. ബോംബ് ഭീഷണി ഉണ്ടായാല്‍ പരിശോധന നടത്തണമെങ്കില്‍ സ്ക്വാഡ് തൃശൂരില്‍ നിന്നുമെത്തണം.
ഭക്തരുടെ എണ്ണത്തിന് ആനുപാതികമായി സുരക്ഷാ ഉദ്യോഗസ്ഥരില്ല. ഉള്ളവര്‍ തന്നെ പരിശീലനം ലഭിച്ചവരുമല്ല. സുരക്ഷയ്ക്ക് പ്രത്യേക വിഭാഗം രൂപീകരിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുമ്പോഴാണിത്. സമീപത്തെ ലോഡ്ജുകളിലും ഹോട്ടലുകളിലും പരിശോധന നടക്കാറില്ല.
റിപ്പോര്‍ട്ട് മുന്നില്‍ വച്ച 24 നിര്‍ദേശങ്ങള്‍
തിരക്ക് നിയന്ത്രിക്കാനും സുരക്ഷ ഏര്‍പ്പെടുത്താനും 100 മീറ്റര്‍ ചുറ്റളവില്‍ സ്ഥലം ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധി നടപ്പിലാക്കണം മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധന കവാടത്തിന് 25 മീറ്റര്‍ അകലെ വേണം ക്ഷേത്രത്തില്‍ കയറാനും ഇറങ്ങാനും പ്രത്യേക കവാടങ്ങള്‍ വേണം.
കുളത്തിലൂടെ നീന്തി ക്ഷേത്രത്തിനടുത്തെത്താന്‍ കഴിയുമെന്നതിനാല്‍ ജീവനക്കാരും പൂജാരിമാരും കുളിക്കുന്ന ഭാഗത്തെ കമ്പിവേലിയുടെ ഉയരം അഞ്ചടി കൂടി കൂട്ടണം. സമീപത്തെ ഹോട്ടലുകളിലും ലോഡ്ജുകളിലും പരിശോധന വേണം. ഇതിന് ആധുനിക ഉപകരണങ്ങളും പോലീസ് നായയുമുള്പ്പെടുന്ന പ്രത്യേക വിഭാഗം വേണം പ്രവേശന കവാടങ്ങളില്‍ ആയുധധാരികളായ പോലീസിനെ നിയോഗിക്കണം.
തോക്കുധാരികളായ സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്ഷേത്രത്തിനു ചുറ്റും മുഴുവന്‍ സമയവും പട്രോളിംഗ് നടത്തണം ബോംബ് പരിശോധനയിലും നിര്‍വീര്യമാക്കുന്നതിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കണം.
ഊട്ടപുരയും അടുക്കളയും ക്ഷേത്ര പരിസരത്തുനിന്നും അകലെ സ്ഥാപിക്കണം പോലീസിനെയും ദേവസ്വം ബോര്‍ഡിന്റെ സുരക്ഷാജീവനക്കാരെയും വിന്യസിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യുന്നതിന് ഡിവൈഎസ്പി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥനെ നിയമിക്കണം കര്‍ശന പരിശോധനകള്‍ക്ക് ശേഷം മാത്രമേ പൂജാ, ഭക്ഷണ സാധനങ്ങള്‍ ക്ഷേത്രത്തിനകത്തേക്ക് കയറ്റിവിടാന്‍ പാടുള്ളു.
ടിക്കറ്റ്, പ്രസാദം കൗണ്ടറുകള്‍ ക്ഷേത്ര മതില്‍ക്കെട്ടിന് പുറത്ത് സ്ഥാപിക്കണം ചോറൂണ്, വിവാഹം തുടങ്ങിയ അവസരങ്ങളില്‍ തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണം സുരക്ഷാ ഉദ്യോഗസ്ഥരും പോലീസും തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കണം. അടിയന്തിര സാഹചര്യം നേരിടുന്നതിന് ക്വിക് റിയാക്ഷന് ടീം (ക്യുആര്‍ടി) രൂപീകരിക്കണം സുരക്ഷാ ഉദ്യോഗസ്ഥര്‍ നിരന്തരം യോഗം ചേര്‍ന്ന് സാഹചര്യം വിലയിരുത്തണം പ്രകൃതി ദുരന്തങ്ങള്‍, പകര്‍ച്ച വ്യാധികള്‍ തുടങ്ങിയവ നേരിടുന്നതിന് പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: