ആലപ്പുഴ: ശബരിമലയും ഗുരുവായൂരും അടക്കമുള്ള ഏതാനും ചില ക്ഷേത്രങ്ങളിലെ വരുമാനം മാത്രം ചെലവഴിച്ചാല്‍ സംസ്ഥാനത്തെ മുഴുവന്‍ ഹിന്ദുക്കളുടെയും ദുരിതങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍. മാതാ അമൃതാനന്ദമയി മഠത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ ധനസഹായ പദ്ധതികള്‍ വിതരണം ചെയ്യുന്നതിന്റെ കുട്ടനാട്, അമ്പലപ്പുഴ താലൂക്കുതല ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ടീച്ചര്‍.
അട്ടപ്പാടിയില്‍ വനവാസികള്‍ പോഷകാഹാരത്തിന്റെ കുറവു മൂലം മരിക്കുന്നു. ശബരിമലയിലെ വരുമാനത്തിന്റെ ഒരുവിഹിതം അവര്‍ക്കായി ചെലവഴിക്കാന്‍ കഴിയുന്നില്ല. ശബരിമല പൂങ്കാവനത്തിലെ നിരവധി വനവാസികള്‍ കടുത്ത പട്ടിണിയിലും ദുരിതത്തിലുമാണ് കഴിയുന്നത്. അവരെ സഹായിക്കാന്‍ പോലും ക്ഷേത്രത്തിലെ വരുമാനം വിനിയോഗിക്കാന്‍ കഴിയാത്ത ഗതികേടിലാണ് ഹിന്ദുക്കള്‍. ക്ഷേത്രങ്ങളിലെ വരുമാനം ഹിന്ദുക്കളുടെ ദുരിതങ്ങള്‍ പരിഹരിക്കാന്‍ ചെലവഴിക്കണം. അതിന് ഇന്നുള്ള വ്യവസ്ഥിതികള്‍ മാറണമെന്നും അവര്‍ പറഞ്ഞു.
ആത്മീയതയെ അടിസ്ഥാനമാക്കിയുള്ള ഭൗതിക വളര്‍ച്ചയ്ക്ക് മാത്രമേ നിലനില്‍പ്പുള്ളൂ. എന്നാല്‍ സന്ധ്യാനാമം പോലും ജപിക്കാത്തവരായി നമ്മള് മാറി. ആള്‍ക്കൂട്ടങ്ങളല്ല നമ്മെ നയിക്കേണ്ടത്. ഗുരുവര്യന്മാരാണ് നയിക്കേണ്ടത്. വ്രതം അനുഷ്ഠിക്കാന്‍ പോലും നമ്മള്‍ക്ക് സമയമില്ല. പലതിന്റെയും പേരില്‍ ന്യായീകരണങ്ങള്‍ പറഞ്ഞു വ്രതങ്ങള്‍ എടുക്കുന്നില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ നമ്മള് മാതൃകയാക്കണം. അമേരിക്കന്‍ പ്രസിഡന്റിന്റെ വിരുന്നു സത്ക്കാരത്തിന് പോലും മോദിയുടെ നവരാത്രി വ്രതത്തെ മുടക്കാന്‍ കഴിഞ്ഞില്ല. പച്ചവെള്ളം മാത്രം കുടിച്ചാണ് അദ്ദേഹം വിരുന്നു സത്ക്കാരത്തില്‍ പങ്കെടുത്തത്. ഇത്തരത്തില്‍ കൃത്യമായി അനുഷ്ഠാനങ്ങള്‍ പുലര്‍ത്തുന്നവര്‍ക്ക് മാത്രമേ ജീവിതത്തില്‍ മുന്നേറാന്‍ കഴിയൂ. മാതാ അമൃതാനന്ദമയി ദേവിയുടെ സ്നേഹം ലോകം മുഴുവന്‍ നിറയുകയാണ്. അമ്മയിലൂടെ ഭാരത സംസ്കാരം കൂടുതല്‍ ശോഭനമാകുന്നു. അഗതികളും നിരാലംബരും ഇല്ലാത്ത നാടാണ് അമ്മയുടെ ലക്ഷ്യം. ഇതിലേക്ക് നമ്മള്‍ക്ക് ഒരുമിച്ചു മുന്നേറാമെന്നും ടീച്ചര്‍ പറഞ്ഞു.
അമൃതകുടീരം പദ്ധതിയുടെ താക്കോല്‍ദാനവും ടീച്ചര്‍ നിര്‍വഹിച്ചു. അമൃതനിധി പെന്ഷന് വിതരണം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്കോളര്‍ഷിപ് വിതരണോദ്ഘാടനം അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. സുലേഖ നിര്‍വഹിച്ചു. വിഎച്ച്പി ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് എന്‍. രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ബ്രഹ്മചരി. ഡോ. അമിതാഭ് സ്വാഗതവും എ.ബി. മഹാദേവന് നന്ദിയും പറഞ്ഞു.
അമ്പലപ്പുഴ, കുട്ടനാട് ഉള്‍പ്പെട്ട 2500 പേര്‍ക്ക് അമൃതനിധി പെന്‍ഷനും 500 വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാമൃതം സ്ക്കോളര്‍ഷിപ്പും 14 പേര്‍ക്ക് അമൃതകുടീരവും നല്‍കും. നിര്‍ദ്ധനരും നിരാശ്രയരുമായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരാന്‍ സ്ക്കോളര്‍ഷിപ്പു നല്കുന്ന പദ്ധതിയാണ് വിദ്യാമൃതം. അഗതികളും വിധവകളുമായ സ്ത്രീകള്‍ക്കുള്ള പ്രതിമാസ പെന്ഷന് പദ്ധതിയാണ് അമൃതനിധി. വീടുകളില്ലാത്തവര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്കുന്ന പദ്ധതിയാണ് അമൃതകുടീരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: