കാക്കനാട്: ഒരുമാസം നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ തൃക്കാക്കര നഗരസഭാ ചെയര്മാന് ഷാജി വാഴക്കാല രാജിവെച്ചു. കോണ്‍ഗ്രസ്സിനുള്ളിലെ എ ,ഐ ഗ്രൂപ്പ് പോരാണ് വീണ്ടുമൊരു സ്ഥാനമാറ്റത്തിന് ഇടയാക്കിയത്.
ഒക്ടോബര്‍ മാസം 29നു മുന്‍പ് ഷാജി വാഴക്കാല രാജിവയ്ക്കണമെന്നാണ് കെപിസിസി ഉപസമിതി നിര്‍ദ്ദേശിച്ചിരുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അധികാര കൈമാറ്റം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ചുമതലപ്പെടുത്തിയ കെപിസിസി ഉപസമിതി ഇരുവിഭാഗങ്ങളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഇക്കാര്യം നിര്‍ദേശിച്ചത്.
ജില്ലയില്‍ അധ്യക്ഷ പദവി മാറേണ്ടിയിരുന്ന മറ്റു തദ്ദേശ സ്ഥാപനങ്ങളെ സംബന്ധിച്ച് കെപിസിസി കര്‍ശന നടപടി കൈക്കൊണ്ടതും ധിക്കരിച്ചവരെ പുറത്താക്കിയതും മുന്‍നിര്‍ത്തിയാണ് ഏറ്റുമുട്ടലിലേക്ക് പോകേണ്ടതില്ലെന്ന അഭിപ്രായത്തിനു ഐ ഗ്രൂപ്പിനകത്ത് മുന്‍തൂക്കം ലഭിച്ചത്.
അതേസമയം കഴിഞ്ഞവര്‍ഷം ചെയര്മാന് പദവി വിട്ടുതരാന്‍ എ ഗ്രൂപ്പ് അനാവശ്യ തടസ്സവാദങ്ങള്‍ ഉന്നയിച്ച് സമയം നഷ്ടപ്പെടുത്തിയത് മറക്കരുതെന്ന് ഐ ഗ്രൂപ്പിലെ ചിലര്‍ക്ക് അഭിപ്രായമുണ്ട്. എന്നാല്‍ ചെയര്മാന് ഷാജി വാഴക്കാലയുടെ നിലപാടാണ് ഗ്രൂപ്പ് അംഗീകരിച്ചത്. അവസാന ഒരു വര്‍ഷം പി.ഐ. മുഹമ്മദാലിയെ തന്നെ ചെയര്മാനാക്കുകയെന്നതായിരുന്നു ധാരണ.
തൃക്കാക്കരയില്‍ കോണ്‍ഗ്രസ്സിനകത്ത് ഉരുണ്ടു കൂടിയ ഗ്രൂപ്പ് പോരിന്റെ ബലിയാടാണ് താനെന്ന് ഷാജി പറഞ്ഞു. അധികാരം ദുര്‍വിനിയോഗം ചെയ്യുന്ന നഗരസഭയായി അധ:പതിച്ച തൃക്കാക്കരയെ തന്റെ പത്തുമാസത്തെ ഭരണം കൊണ്ട് അഴിമതി വിമുക്തമാക്കിയെന്ന് ഷാജി വാഴക്കാല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഭരണ മാറ്റത്തിന് നേതൃത്വം ഇടപെടാത്തതിനെത്തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച ചേര്‍ന്ന അടിയന്തര കൗണ്‍സില്‍ യോഗം എ ഗ്രൂപ്പിലെ 20 കൗന്‍സിലര്‍മാര്‍ ബഹിഷ്ക്കരിച്ചിരുന്നു .
2010 ഡിസംബര്‍ നാലിന് പുറപ്പെടുവിച്ച കെ പി സി സി യുടെ സര്‍ക്കുലര്‍ അനുസരിച്ച് തന്നേക്കാള്‍ ഒരു വോട്ട് കൂടുതല്‍ ലഭിച്ച പി.ഐ.മുഹമ്മദാലിക്കു രണ്ടര വര്‍ഷവും ,ശേഷിച്ച രണ്ടര വര്‍ഷം തനിക്കുമെന്ന തീരുമാനം നടപ്പാക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടു. 2010 ഡിസംബര്‍ 6 മുതല്‍ 2013 ഡിസംബര്‍ 21 വരെ മുഹമ്മദാലി ചെയര്‍മാനായി തുടര്‍ന്നു. 21 മുതല്‍ ജനുവരി 12 വരെ വൈസ് ചെയര്പേഴ്സന് മുസ്ലീം ലീഗിലെ ഷെരീനാഷുക്കൂര് ചെയര്‍മാന്റെ താല്‍ക്കാലിക ചുമതല വഹിച്ചു. വൈകിട്ട് നാലുമണിയോടെ പ്രവര്‍ത്തകരോടൊപ്പം ജാഥയായിട്ടാണ് ഷാജി വാഴക്കാല നഗരസഭാ സെക്രട്ടറി ഡി.ഷാജു മുന്‍പാകെ രാജിക്കത്ത് സമര്‍പ്പിച്ചത്.
ഇനി നഗരസഭാ സെക്രട്ടറി സാക്ഷ്യപ്പെടുത്തി നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷന് 15 ദിവസത്തെ സാവകാശത്തില്‍ വിജ്ഞാപനം പുറപ്പെടുവിച്ചു വേണം പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുവാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: