തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ, ഉദയംപേരൂര്‍, പനങ്ങാട് ഫോര്‍ട്ടുകൊച്ചി ഭാഗങ്ങളില്‍ ആമ്പ്യൂളുകള്‍ വില്പന നടത്തിവന്നിരുന്ന പറവൂര്‍ താലൂക്ക് ഏലൂര്‍ വില്ലേജ് മഞ്ഞുമ്മല്‍ സ്വദേശിയായ സ്രാമ്പിക്കല്‍ വീട്ടില്‍ ഉണ്ണി എന്ന് വിളിക്കുന്ന മുരുകേശനെ അറസ്റ്റ് ചെയ്തു. എറണാകുളം എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.എസ്സ്.ശശികുമാറും സംഘവും ചേര്‍ന്ന് തൃപ്പൂണിത്തുറ മേക്കര ഗവണ്മെന്റ് കോളേജിന് സമീപത്തുനിന്നുമാണ് 16 ആമ്പ്യൂളുകളുമായി അറസ്റ്റ് ചെയ്തത്.
ആമ്പ്യൂളുകള്‍ വില്‍പ്പനക്കായി കൊണ്ടുവരുമ്പോഴാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തത്. യുവാക്കളും വിദ്യാര്‍ത്ഥികളുമാണ് പ്രതിയില്‍ നിന്നും ആമ്പ്യൂളുകള്‍ വങ്ങുന്നത്. ദല്‍ഹിയില്‍ നിന്നും 25 ആമ്പ്യൂളുകള്‍ അടങ്ങുന്ന പാക്കറ്റുകള്‍ മൊത്തമായി 1500 രൂപ നിരക്കില്‍ വാങ്ങി ഒരു ആമ്പ്യൂളിന് 500 മുതല്‍ 750 വരെ നിരക്കിലാണ് പ്രതി കൊടുത്തിരിക്കുന്നത്.
2013ല്‍ 76 ആമ്പ്യൂളുകള്‍ വില്‍പ്പനക്കായി സൂക്ഷിച്ചതിന് പ്രതിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതി നടപടികള്‍ നടന്നുവരുമ്പോഴാണ് ഇയാള്‍ വീണ്ടും ആമ്പ്യൂള്‍ കേസില്‍ പിടിയിലാകുന്നത്. ജില്ലാ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു. പ്രതിയെ കണ്ടെത്താന്‍ നടത്തിയ റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ വി.എ.ജബാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുനീഷ്കുമാര്‍, കൃഷ്ണകുമാര്‍, ശശി, ജയറാം, മണി എന്നിവരും പങ്കെടുത്തു. തൃപ്പൂണിത്തുറ മേഖല കേന്ദ്രീകരിച്ച് ശക്തമായ റെയ്ഡുകള്‍ തുടരുമെന്ന് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: