പാലക്കാട്: ടൗണില്‍ ബസില്‍ സഞ്ചരിച്ച് യാത്രക്കാരുടെ ബാഗില്‍ നിന്നും മറ്റും പണം കവരുന്ന സംഘത്തിലെ രണ്ടു സ്ത്രീകളെ ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. മധുര മേലൂര്‍ സ്വദേശിനികളായ മുത്തുമാരി(21), മഞ്ജു(19) എന്നിവരെയാണ് നോര്‍ത്ത് സി.ഐ ആര്. ഹരിപ്രസാദിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം കേന്ദ്രീകരിച്ചാണ് സംഘം തമ്പടിച്ചിരിക്കുന്നത്.
ട്രെയിന്‍ മാര്‍ഗം പാലക്കാട്ടെത്തി തിരക്കുള്ള ബസുകളില്‍ യാത്ര ചെയ്ത് സ്ത്രീകളുടെ ബാഗ്, കുട്ടികളുടെ ആഭരണങ്ങള്‍ എന്നിവ കവര്‍ച്ച നടത്തുകയാണ് സംഘം ചെയ്യുന്നത്. ഇന്നലെ രാവിലെ ഒലവക്കോടുനിന്നാണ് ഇവരെ ഷാഡോ പോലീസ് പിടികൂടിയത്. കഴിഞ്ഞ ഒരാഴ്ചക്കാലമായി ഇവര്‍ ടൗണിലെ ബസുകളില്‍ ചെറുതും വലുതുമായ തുകകള്‍ മോഷ്ടിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. മോഷണം നടത്തിയ പണവും പഴ്സുകളും ഇവരുടെ പക്കല്‍ നിന്നും കണ്ടെത്തി. മോഷണം നടത്തി അടുത്ത ബസ് സ്റ്റോപ്പില്‍ ഇറങ്ങുന്ന പ്രതികള്‍ ഉടന്‍ വസ്ത്രം മാറുന്ന ശീലമുണ്ട്. ഇവരുടെ ബാഗില്‍ നിന്നും വിവിധതരം വസ്ത്രങ്ങളും പോലീസ് പിടിച്ചെടുത്തു. കാഴ്ചയില്‍ മാന്യമായ രീതിയില്‍ വസ്ത്രംധരിച്ചും മേക്കപ്പ് ചെയ്തും ആഭരണങ്ങള്‍ അണിഞ്ഞുമാണ് ഇവര്‍ ബസില്‍ യാത്ര ചെയ്യുന്നത്. രണ്ടുപേര്‍ ചേര്‍ന്ന് ഒരു ബസില്‍ കയറി ഒരാള്‍ തിക്കുംതിരക്കും സൃഷ്ടിക്കുകയും മറ്റെയാള്‍ ഈ തക്കത്തില്‍ പണം മോഷ്ടിക്കുന്നതുമാണ് രീതി.ഒരാഴ്ചയോളം കളവു നടത്തിയശേഷം താമസ സ്ഥലത്തേക്ക് മടങ്ങും. മോഷ്ടിക്കുന്ന ആഭരണങ്ങള്‍ വില്‍ക്കുന്നത് ഇവരുടെ ഭര്ത്താക്കന്മാരും മറ്റുമാണ്.
സംഘത്തില്‍പ്പെട്ട കൂടുതല്‍ പേര് കേരളത്തിലെത്തിയതായി പോലീസ് സംശയിക്കുന്നു. നോര്‍ത്ത് എസ്.ഐ എം. സുജിത്ത്, ജൂനിയര്‍ എസ്.ഐ വിഷ്ണു, എ.എസ്.ഐ ഷംസുദ്ദീന്, എസ്.സി.പി.ഒ അശോക് കുമാര്‍, സി.പി.ഒമാരായ കെ. അഹമ്മദ് കബീര്‍, നളിന്‍കുമാര്‍, വനിതാ സി.പി.ഒമാരായ ഗീത, രജിത എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: