കൊല്ലം: നരേന്ദ്രമോദിസര്‍ക്കാര്‍ രാജ്യത്തെ വികസനത്തിലേക്ക് നയിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടി കേരളത്തില്‍ കള്ളുകച്ചവടം കൊഴുപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്.
കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാനദിനത്തിന്റെ ഭാഗമായി കൊല്ലത്ത് സംഘടിപ്പിച്ച ജനശക്തി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് കള്ളുകച്ചവടം ഏറ്റെടുത്ത് നടത്തുന്ന ഏക സര്‍ക്കാര്‍ കേരളത്തിലേതാണെന്ന് രാധാകൃഷ്ണന് ആരോപിച്ചു. കെപിസിസി പ്രസിഡന്റ് വി.എം.സുധീരന് ഇപ്പോള്‍ യാത്ര നടത്തുകയാണ്. സുധീരന്റെ പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരാണ് ഗ്രാമങ്ങള്‍തോറും ബിവറേജസ് ഔട്ട്ലെറ്റുകള് നടത്തുന്നത്. കഴിഞ്ഞ നാല് മാസത്തിനിടയില്‍ 21 തവണയാണ് യുഡിഎഫ് യോഗം ചേര്‍ന്നത്. പതിനെട്ട് തവണയും ചര്‍ച്ച ബാര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു. കള്ളുമന്ത്രിയായ കെ.ബാബുവിന് തന്നെയാണ് ഫിഷറീസ് വകുപ്പും. കള്ളിനെക്കുറിച്ച് മാത്രം ചര്‍ച്ച ചെയ്യുന്ന മന്ത്രി മത്സ്യപ്രവര്‍ത്തകരുടെ ദുരിതത്തെക്കുറിച്ച് മിണ്ടാത്തത് അപലപനീയമാണെന്ന് രാധാകൃഷ്ണന് പറഞ്ഞു. ലോകം മുഴുവന്‍ മോദിസര്‍ക്കാരിനെ ബഹുമാനിക്കുമ്പോള്‍ കേരളത്തില്‍ മാര്‍ക്സിസ്റ്റുകളും കോണ്‍ഗ്രസും അദ്ദേഹത്തെ എതിര്‍ക്കുകയാണ്. മോദി സംസാരിക്കുന്നത് പാവങ്ങള്‍ക്ക് വേണ്ടിയാണ്. പാവപ്പെട്ടവന്റെ ഹൃദയവികാരമാണ് സര്‍ക്കാരിന്റെ കരുത്ത്. അമ്പതിനായിരം ലക്ഷം കോടിരൂപ പാവപ്പെട്ടവര്‍ക്കായി നീക്കിവച്ചതിന്റെ പേരിലാണോ ഇടതുവലതു മുന്നണികള്‍ മോദിയെ എതിര്‍ക്കുന്നതെന്ന് വ്യക്തമാക്കണം. നിര്‍ധനര്‍ക്ക് സാമ്പത്തികസ്വാതന്ത്ര്യം പ്രഖ്യാപിച്ച സര്‍ക്കാരാണ് മോദിയുടേത്. എല്ലാവര്ക്കും ബാങ്ക് അക്കൗണ്ട്, ഒരു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്, റെയില്‍വേയില്‍ നവീകരണം, ഇന്ധനവിലക്കയറ്റം പിടിച്ചുനിര്‍ത്തി തുടങ്ങി എല്ലാ വിഷയത്തിലും പാവപ്പെട്ടവര്‍ക്കൊപ്പമാണ് മോദിയുടെ സര്‍ക്കാര്‍.
എന്നാല്‍ ഭൂപരിഷ്കരണം പ്രഖ്യാപിച്ച കേരളത്തില്‍ ആദിവാസികള്‍ നില്‍പ്പുസമരം തുടങ്ങിയിട്ട് 135 ദിവസമായി, കേരളത്തിലെ രാഷ്ട്രീയക്കാര്‍ മോദിയെ എതിര്‍ക്കുന്നത് എന്ത് നയത്തിന്റെ പേരിലാണെന്ന് പൊതുസമൂഹം ചോദിച്ചു തുടങ്ങിയതിന്റെ തെളിവാണ് ബിജെപിയിലേക്ക് ഇരുപാര്‍ട്ടികളില്‍ നിന്നുമുള്ള ഒഴുക്ക് സൂചിപ്പിക്കുന്നതെന്ന് രാധാകൃഷ്ണന് പറഞ്ഞു. സിപിഎം, സിപിഐ, ആര്‍എസ്പി, കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലേക്കെത്തിയവരെ സംസ്ഥാന ജനറല്‍സെക്രട്ടറി സ്വീകരിച്ചു. കാഥികന് വി.സാംബശിവന്റെ മകന് ജീസസ് സാംബശിവനടക്കമുള്ളവരുടെ പാര്‍ട്ടിലേക്കുള്ള വരവ് സദസിനെ ആവേശത്തിലാഴ്ത്തി.
പരിപാടിയില്‍ ബിജെപി ജില്ലാപ്രസിഡന്റ് എം.സുനില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാനസെക്രട്ടറിമാരായ ബി.രാധാമണി, രാജിപ്രസാദ്, മേഖലാ ജനറല്‍സെക്രട്ടറി എം.എസ്.ശ്യാംകുമാര്‍, ജില്ലാജനറല്‍ സെക്രട്ടറിമാരായ മാലുമേല്‍ സുരേഷ്, വെള്ളിമണ്‍ ദിലീപ്, വൈസ്പ്രസിഡന്റുമാരായ എസ്.ദിനേശ്കുമാര്‍, മാമ്പുഴ ശ്രീകുമാര്‍, ദേവകിയമ്മ പിള്ള, അഡ്വ.രൂപാബാബു, എസ്.ഷീലാ, സെക്രട്ടറിമാരായ പൂന്തോട്ടം സത്യന്, ബി.ഐ.ശ്രീനാഗേഷ്, പി.ശിവന്, സുമാദേവി, ലതാസോമന്, ട്രഷറര്‍ ബിജു, നീലാംബരന്‍, മോര്‍ച്ചകളുടെ നേതാക്കളായ സജി കരവാളൂര്‍, അഡ്വ.ആര്.എസ്.പ്രശാന്ത്, ബൈജു ചെറുപൊയ്ക, ആറ്റൂര്‍ മുരളി, മഠത്തില്‍ ശശി, വസന്താ ബാലചന്ദ്രന്, അശോക് കുമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: