ആലപ്പുഴ: പള്ളിപ്പുറം പട്ടാര്യസമാജം ഹൈസ്കൂളിലെ പ്രഥമാദ്ധ്യാപികയായിരുന്ന എല്‍. രമയെ അടിയന്തരമായി സ്കൂളില്‍ തിരിച്ചെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗം ആര്. നടരാജന് ഉത്തരവിട്ടു. അദ്ധ്യാപികയുടെ ശമ്പളകുടിശികയും മറ്റ് അലവന്‍സുകളും ഉടന്‍ നല്‍കണമെന്നും കമ്മീഷന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി. ഉത്തരവിന്റെ പകര്‍പ്പ് വിദ്യാഭ്യാസ സെക്രട്ടറിക്കും അയച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് സ്കൂള്‍ മാനേജര്‍ ഇക്കൊല്ലം മെയ് 27ന് തന്നെ സസ്പെന്‍ഡ് ചെയ്തെന്നും ആരോപണങ്ങള്‍ ശരിയല്ലെന്ന് കണ്ട് തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ നല്കിയ ഉത്തരവ് മാനേജര്‍ അനുസരിച്ചില്ലെന്നും ആരോപിച്ച് അദ്ധ്യാപിക നല്കിയ പരാതിയിലാണ് നടപടി. 30 വര്‍ഷമായി താന്‍ പട്ടാര്യസമാജം ഹെസ്കൂളില്‍ ജോലി ചെയ്യുകയാണെന്നും എല്‍. രമ പരാതിയില്‍ പറയുന്നു.
കമ്മീഷന് ഉപവിദ്യാഭ്യാസ ഡയറക്ടറില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. രക്ഷകര്‍ത്താക്കളില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അദ്ധ്യാപികയെ സസ്പെന്‍ഡ് ചെയ്തതെന്ന് മാനേജര്‍ അറിയിച്ചതായി സര്‍ക്കാര്‍ കമ്മീഷനെ അറിയിച്ചു. ഇതു സംബന്ധിച്ച് ഉപവിദ്യാഭ്യാസ ഡയറക്ടര്‍ നടത്തിയ അനേ്വഷണത്തില്‍ പരാതിക്കാരി കുറ്റക്കാരിയല്ലെന്ന് കണ്ട് കുറ്റവിമുക്തയാക്കിയിരുന്നു. അദ്ധ്യാപികയെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും അതിന് വഴങ്ങാതെ മാനേജര്‍ സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണെന്നും ഉപവിദ്യാഭ്യാസ ഡയറക്ടര്‍ കമ്മീഷനെ അറിയിച്ചു. സ്വകാര്യ മാനേജ്മെന്റിന് കീഴിലുള്ള ജീവനക്കാര്‍ അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളാണ് പരാതിയിലുള്ളതെന്ന് കമ്മീഷന് അംഗം ആര്. നടരാജന് ഉത്തരവില്‍ നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: