കോട്ടയം: കെഎസ്ആര്‍ടിസിക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കാനുള്ള കുടിശിക നല്കിയാല് കെഎസ്ആര്ടിസിയുടെപ്രവര്ത്തനം സുഗമമാകുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു. കോട്ടയത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന വിവിധ കണ്‍സഷനുകളാണ് കെഎസ്ആര്‍ടിസിക്ക് ബാദ്ധ്യതയായിത്തീരുന്നത്. ഈ ഇനത്തില്‍ 1600 കോടി രൂപയാണ് സര്‍ക്കാര്‍ കോര്പറേഷന് ലഭിക്കാനുള്ളത്. ഏകപക്ഷീയമായി കണ്സഷന് പ്രഖ്യാപിക്കുകയും അതുമൂലമുണ്ടാകുന്ന ബാദ്ധ്യത കോര്പറേഷന് വഹിക്കുകയും വേണം. 110 കോടി രൂപയാണിപ്പോള്‍ കെഎസ്ആര്‍ടിസിയുടെ പ്രതിമാസ നഷ്ടം.
ഡീസല്‍വില കുറഞ്ഞതുകൊണ്ടുമാത്രം കാര്യമില്ല, തിരുവനന്തപുരം, തിരുവല്ല, അങ്കമാലി, കോഴിക്കോട് എന്നിവിടങ്ങളില്‍ ഇപ്പോള്‍ നടക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ചെലവ് 192 കോടി രൂപയാണ്. സ്ഥലത്തിന്റെ വില വേറെ. ഇതിന് പതിനാലുശതമാനം പലിശ നല്കിക്കൊണ്ടിരിക്കുന്നു. ഇനി ഈ രീതിയിലുള്ള നിര്‍മ്മാണ പദ്ധതികള്‍ക്കു പകരം വാടക നിക്ഷേപ രീതി അനുസരിച്ച് മാത്രമേ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്താന്‍ ജീവനക്കാരുടെ സമരമല്ല വേണ്ടത്, സഹകരണമാണ്. നഷ്ടത്തില്‍നിന്നും കരകയറുന്നതിന് കളക്ഷന്‍ വര്‍ദ്ധിപ്പിക്കുകയാണ് ഒരുമാര്‍ഗ്ഗം. അത് ജീവനക്കാരുടെ ഉത്തരവാദിത്വമാണ്. 2,600 രൂപയില്‍ താഴെ പെന്ഷന് കൈപ്പറ്റുന്നവരുടെ കുടിശിഖ ഇപ്പോള്‍ത്തന്നെ തീര്‍ത്തുകഴിഞ്ഞു. അതിനു മുകളില്‍ പെന്ഷന് വാങ്ങുന്നവരുടെ കുടിശിഖ 12 കോടി 7 ലക്ഷമാണ്. അത് ഉടനെ തീര്‍ക്കുന്നതിനുള്ള നടപടികളെടുത്തിട്ടുണ്ട്. ഇപ്പോള്‍ സമരം നടത്തുന്നവരുടെ രാഷ്ട്രീയ നേതൃത്വം ചുമതല വഹിക്കുന്ന ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുതന്നെയാണ് വായ്പ എടുക്കുന്നതിന് ശ്രമിച്ചുവരുന്നതെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: