എരുമേലി : ശബരിമല തീര്‍ത്ഥാടകരുടെ പേട്ടതുള്ളല്‍ പാതയില്‍ നടപ്പാക്കിയ വണ്‍വെ സംവിധാനം കര്‍ശനമാക്കിയിട്ടും നിയമം ലംഘിച്ച പോലീസ് വനം വകുപ്പ് ഉദ്യോഗസ്ഥരടക്കം മുപ്പതോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
തീര്ത്ഥാടനമാരംഭിച്ച്് മൂന്നു നാലു ദിവസത്തിനുള്ളില്‍ പോലീസ് വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. പ്രാരംഭഘട്ടത്തില്‍ നിയമംതെറ്റിക്കുന്നവരെ താക്കീത് ചെയ്തും ഉപദേശിച്ചും വിട്ടയക്കുകയായിരുന്നുവെന്നും എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ വണ്‍വേ കര്‍ശനമാക്കുകയായിരുന്നുവെന്നും മണിമല സി.ഐ എം.എ. അബ്ദുള്‍ റഹിം പറഞ്ഞു.
വണ്‍വേ തെറ്റിക്കുന്ന കെഎപി ബറ്റാലിയനിലെ പോലീകാര്ക്കും വനവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ക്കും കയ്യോടെ പെറ്റി എഴുതി നല്‍കുകയായിരുന്നു. വാഹനസര്വ്വീസുമായി ബന്ധപ്പെട്ട മറ്റു വകുപ്പുകള്‍ക്കും ഇതു സംബന്ധിച്ച് അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും സിഐ പറഞ്ഞു.
പമ്പാവാലി, റാന്നി മേഖലകളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കെഎസ്ആര്‍ടിസി ജംഗ്ഷന് വഴി ടിബി റോഡിലൂടെയാണ് കടന്നു പോകേണ്ടത്. കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം ഭാഗത്തേക്ക് പോകേണ്ടവര്‍ കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ നിന്നും വണ്‍വേ തിരിഞ്ഞ് നേരെ ഓരുങ്കല്‍ കടവ് വഴി കുറുവാമൂഴിയിലോ കാരിത്തോട് ചേനപ്പാടി വഴിയോ കടന്നു പോകേണ്ടതാണെന്നു പോലീസ് പറഞ്ഞു. എന്നാല്‍ എംഇഎസ് – പ്രൊപ്പോസ്-എരുമേലി വഴിയുള്ള ഗതാഗതം തിരക്കിനനുസരിച്ച് വഴിതിരിച്ചുവിടുമെന്നും പോലീസ് പറഞ്ഞു. നിലവില്‍ പമ്പയില്‍ നിന്നും മടങ്ങിവരുന്ന തീര്‍ത്ഥാടക വാഹനങ്ങളെ എംഇഎസ് കോളജ് ജംഗ്ഷനില്‍ നിന്നും വഴിതിരിച്ച് പ്രൊപ്പോസ് ജംഗ്ഷനിലെത്തിച്ച് പേരൂര്ത്തോട്ടിലും കണ്ണിമല ജംഗ്ഷനിലും തിരിച്ച് കൊരട്ടിയിലെത്തിച്ചാണ് കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം ഭാഗത്തേക്ക് വിടുന്നത്. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട വണ്‍വേ സംവിധാനം വിജയിപ്പിക്കാന്‍ നാട്ടുകാര്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്നും സിഐ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: