ആലപ്പുഴ: ആലപ്പുഴയില്‍ ദേശീയ താറാവു രോഗഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മന്ത്രി കെ.പി. മോഹനന്. പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് കൂടിയ അവലോകനയോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
രോഗങ്ങളുണ്ടാകുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളിലെ ലാബുകളിലേക്ക് പരിശോധനയ്ക്ക് അയയ്ക്കുമ്പോള്‍ ഫലം ലഭിക്കാന്‍ കാലതാമസമുണ്ടാകുന്നുവെന്ന് പരാതിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ദേശീയ താറാവു രോഗ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് ആലപ്പുഴയില്‍ സ്ഥാപിക്കാന്‍ ആവശ്യപ്പെടും. ജില്ലയിലെ താറാവു കര്‍ഷകര്‍ക്ക് 68.48 ലക്ഷം രൂപ ഇതിനകം വിതരണം ചെയ്തു. താറാവുകളെ കൊന്നു സംസ്ക്കരിക്കാനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഗ്രാമപഞ്ചായത്തുകള്‍ക്ക് തനതു ഫണ്ടില്‍നിന്ന് 50,000 രൂപ ചെലവഴിക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ കൂടുതല്‍ തുക ചെലവായതായും തുക അനുവദിക്കണമെന്നും ഗ്രാമപഞ്ചായത്തുപ്രസിഡന്റുമാര് ആവശ്യപ്പെട്ടു. നഗരസഭ പണം ചെലവഴിക്കുന്നതു സംബന്ധിച്ച് ഉത്തരവിലുള്ള അവ്യക്തത പരിഹരിക്കാന്‍ നടപടിയെടുക്കും. രോഗംബാധിച്ച് ചത്ത താറാവുകള്ക്കുകൂടി നഷ്ടപരിഹാരം അനുവദിക്കണമെന്നും പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സജീവമായ ആശാ പ്രവര്‍ത്തകര്‍ക്ക് ആനുകൂല്യം അനുവദിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും.
താറാവുകളെ കൊല്ലുന്ന സംഘത്തോടൊപ്പം പ്രവര്‍ത്തിച്ച കര്‍ഷകര്‍ക്ക് പ്രതിരോധമരുന്ന് നല്കാന് മന്ത്രി നിര്‍ദേശിച്ചു. രോഗബാധയുള്ള പ്രദേശങ്ങള്‍ അണുവിമുക്തമാക്കുന്നതടക്കമുള്ള രണ്ടാംഘട്ട രോഗപ്രതിരോധ-നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സഹകരണം വേണമെന്നും ദ്രുതകര്‍മ സംഘത്തിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ 16 താറാവുകര്‍ഷകര്‍ക്ക് 21,55,400 രൂപയുടെ നഷ്ടപരിഹാരം മന്ത്രിയും എംപിയും ചേര്‍ന്ന് വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: