പലക്കാട്: സൈലന്റ് വാലി, മണ്ണാര്‍ക്കാട്, നെന്മാറ,അട്ടപ്പാടി മേഖലകളില്‍ കാട്ടാനകളുള്‍പ്പെടെ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ജീവനും കാര്‍ഷികവിളകള്‍ക്കും സംരക്ഷണം നല്കാന് വനം വകുപ്പ് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം വന്യമൃഗങ്ങള്‍ കാര്‍ഷിക വിളകള്‍ നശിപ്പിച്ചതിനുളള നഷ്ടപരിഹാരം ഉടന്‍ നല്കാന് വനം വകുപ്പ് അടിയന്തിര പ്രാധാന്യം നല്‍കണം.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എം.എല്‍.എ.മാരായ കെ. അച്ചുതന്, എ.കെ. ബാലന്, സി.പി. മുഹമ്മദ്, അഡ്വ.എന്‍.ഷംസുദ്ദീന്, ഷാഫി പറമ്പില്‍ , വി.ടി.ബല്‍റാം, വി. ചെന്താമരാക്ഷന്, കെ.വി. വിജയദാസ് പാലക്കാട് നഗരസഭാ ചെയര്മാന് പി.വി. രാജേഷ് എന്നിവരാണ് വിഷയം അവതരിപ്പിച്ചത്. ജില്ലാ കലക്ടര്‍ കെ. രാമചന്ദ്രന് അധ്യക്ഷത വഹിച്ചു. എ.ഡി.എം. കെ. ഗണേശന്, ഡപ്യൂട്ടി കളക്ടര്‍ പി എന്‍ പുഷ്കല ജില്ലാ പ്ലാനിങ് ഓഫീസര്‍ പി.പി. ജോണി എന്നിവരും വിവിധ വകുപ്പുകളുടെ ഉദേ്യാഗസ്ഥരും സംബന്ധിച്ചു.
നെന്മാറ, കോങ്ങാട്, മലമ്പുഴ, മണ്ണാര്‍ക്കാട് മേഖലകളില്‍ കാട്ടാനശല്യം രൂക്ഷമാണ്. കാട്ടുപന്നികളും വ്യാപകമായി കൃഷി നശിപ്പിക്കുന്നു. ജനവാസ മേഖലകളില്‍ പടക്കം പൊട്ടിച്ച് ആനകളെ വിരട്ടിയോടിക്കുന്നത് പ്രായോഗികമാകുന്നില്ല. കാട്ടിലേക്ക് കാട്ടാനകളെ തുരത്തുന്നതിന് മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കണം. വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ജനങ്ങള്‍ ഭീതിയിലാണെന്നും ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം വനമേഖലയില്‍ ഇടപെടുന്ന രീതി മാറണം.
വന്യമൃഗങ്ങള്‍ ജനവാസമേഖലയില്‍ പ്രവേശിക്കാതിരിക്കാന്‍ നടപടി വേണം. ഇലക്ട്രിക്കല്‍, സോളാര്‍ ഫെന്‍സിങ്, ട്രഞ്ച്് എന്നിവ നിര്‍മ്മിക്കണമെന്നും എം. എല്‍. എ. മാര്‍ ആവശ്യപ്പെട്ടു. മലമ്പുഴ മണ്ഡലത്തില്‍ വന്യമൃഗശല്യം തടയാന്‍ വൈദ്യുതി വേലികള്‍ നിര്‍മ്മിക്കുന്നതിന് എം.എല്‍.എ. ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
അട്ടപ്പാടി മേഖലയില്‍ മന്ത്രിമാരുടെ സന്ദര്‍ശനത്തിന് ശേഷം പ്രഖ്യാപിച്ച തീരുമാനങ്ങള്‍ നടപ്പാക്കിയതിന്റെ സമഗ്ര വിവരങ്ങള്‍ നോഡല്‍ ഓഫീസറായ സബ് കലക്ടര്‍ സമര്‍പ്പിക്കണം. . നോഡല്‍ ഓഫീസറുടെ കാര്യാലയം അട്ടപ്പാടിയില്‍ തുറക്കണം. മന്ത്രിസഭാ തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കണമെന്നും നിര്‍ദ്ദേശമുയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: