വൈക്കം: വൈക്കത്തഷ്ടമി മഹോത്സവത്തിന് മുന്നോടിയായി നടത്തുന്ന കുലവാഴ പുറപ്പാട് ഡിസംബര്‍ 2ന് നടക്കും. വൈകിട്ട് 4ന് ആചാരാനുഷ്ഠാനങ്ങളോടെ പുഴവായിക്കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നു പുറപ്പെടുന്ന ഘോഷയാത്ര ദീപാരാധനയ്ക്കു ശേഷം മഹാദേവ ക്ഷേത്രത്തില്‍ എത്തി കൊടിമരച്ചുവട്ടില്‍ താലപ്പൊലികളും, വാഴക്കുലകളും കരിക്കിന് കുലകളും സമര്‍പ്പിക്കും. പിന്നീട് ക്ഷേത്രത്തിലെ പ്രധാന ഭാഗങ്ങള്‍ കരിക്കിന് കുലകളും, വാഴക്കുലകളും കെട്ടി അലങ്കരിക്കും.
ഡിസംബര്‍ 3ന് കൊടിയേറ്റ്. ഇതിനുമുന്‍പ് ക്ഷേത്രം വര്‍ണ്ണാഭമാക്കുവാന്‍ വേണ്ടി നടത്തുന്ന ചടങ്ങാണ് കുലവാഴ പുറപ്പാട്. വൈക്കം താലൂക്ക് എന്‍.എസ്.എസ്. യൂണിയന്റെ സഹകരണത്തോടെ വൈക്കം ടൗണ്‍ മേഖലയിലെ 1573-ാം നമ്പര്‍ നടവിലെ മുറി, 1603-ാം നമ്പര്‍ പടിഞ്ഞാറ്റും ചേരി പടിഞ്ഞാറേമുറി 1820-ാം നമ്പര്‍ പടിഞ്ഞാറ്റുംചേരി തെക്കേമുറി, 1878-ാം നമ്പര്‍ കിഴക്കുചേരി വടക്കേമുറി, 1880 -ാം നമ്പര്‍ പടിഞ്ഞാറ്റും ചേരി വടക്കേമുറി എന്നീ കരയോഗങ്ങളുടെ ആഭിമുഖ്യത്തിലാണ് കരയോഗങ്ങളും ആഭിമുഖ്യത്തിലാണ് കുലവാഴ പുറപ്പാടും താലപ്പൊലിയും നടത്തുന്നത്. 1603-ാം നമ്പര്‍ കിഴക്കും ചേരി തെക്കേമുറി എന്‍.എസ്.എസ്. കരയോഗമാണ് ഇത്തവണ കുലവാഴ പുറപ്പാടിന് ആഥിതേയത്വം വഹിക്കുന്നത്. പുഷ്പാലങ്കാരമായ വാഹനത്തിലാണ് കുലവാഴകളും കരിക്കിന് കുലകളും ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നത്. തേരോഴി രാമക്കുറുപ്പ്, കീഴകള് മധുസൂദനക്കുറുപ്പ് തുടങ്ങിയ കലാകാരന്മാരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യം, ചെണ്ടമേളം, പമ്പമേളം തുടങ്ങിയവയുടെ അകമ്പടിയോടെ മഹാദേവക്ഷേത്രത്തിലേക്ക് പുറപ്പെടും.
തെയ്യം, കാവടി, നിശ്ചലദൃശ്യങ്ങള്‍, നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാര്, മുത്തുക്കുടകള്‍, വര്‍ണ്ണക്കുടകള്‍ തുടങ്ങിയവ കുലവാഴപുറപ്പാടിനൊടൊപ്പം ഉണ്ടാകും. പുഴവായിക്കുളങ്ങര ക്ഷേത്രത്തില്‍ നിന്നും അയ്യര്‍കുളങ്ങര, കവരപ്പാടിനട, ബോയ്സ് ഹൈസ്കൂള്‍, തെക്കേനട, പടിഞ്ഞാറേ നട വഴി വടക്കേഗോപുരത്തിലൂടെയാണ് കുലവാഴ പുറപ്പാട് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് സെറ്റുസാരി ഉടുത്ത രണ്ടായിരത്തിലധികം വനിതകള്‍ പങ്കെടുക്കുന്ന കുലവാഴ പുറപ്പാട് ഭംഗിയാക്കുന്നതിനുവേണ്ടി സംയുക്ത കരയോഗം ഭാരവാഹികളായ പ്രസിഡന്റ് എസ്. മധു, സെക്രട്ടറി അരവിന്ദാക്ഷന് നായര്‍, ബി. ശശിധരന്, എസ്. പ്രതാപ്, എസ്. ഹരിദാസന് നായര്‍, കെ. ശശികുമാര്‍, ആര്.കെ. നായര്‍. എസ്.യു.കൃഷ്ണകുമാര്‍, ബി. ജയകുമാര്‍, രവീന്ദ്രനാഥന്‍ നായര്‍, കെ.ജി. രാജലക്ഷ്മി, ദേവീപാര്‍വ്വതി, ശ്രീകല, ശാന്തകുമാരി ടീച്ചര്‍ ജംഗദംബിക തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: