ആലപ്പുഴ: പക്ഷിപ്പനി നിയന്ത്രണ വിധേയമായെങ്കിലും പലയിടത്തും താറാവുകളെ കൊന്നൊടുക്കുന്നത് ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പരാതിയുയരുന്നു. ഈ നടപടി ഭാവിയില്‍ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. വെള്ളക്കെട്ടുള്ള കുട്ടനാട്ടില്‍ കൊന്ന താറാവുകളെ കത്തിച്ചു കളയണമെന്നാണ് നിര്‍ദേശമെങ്കിലും പലയിടത്തും കുഴിച്ചിടുകയായിരുന്നു. വെള്ളക്കെട്ടില്ലാത്ത പ്രദേശങ്ങളില്‍ രണ്ടു മീറ്റര്‍ ആഴത്തില്‍ കുഴിയെടുത്ത് താറാവുകളെ കുഴിച്ചു മൂടണമെന്നാണ് നിര്‍ദേശം. എന്നാല്‍ ഒരു മീറ്റര്‍ കുഴിക്കുമ്പോള്‍ തന്നെ വെള്ളം കാണുന്ന കുട്ടനാട്ടില്‍ ആയിരക്കണക്കിന് താറാവുകളെ കുഴിയെടുത്തു മൂടിയത് ജനങ്ങളില്‍ ഭീതി പരത്തിയിട്ടുണ്ട്. നെടുമുടി പാലത്തിനു സമീപം വാട്ടര്‍ ടാങ്കിനരികെ വരെ ഇത്തരത്തില്‍ താറാവുകളെ കുഴിച്ചുമൂടി. ഇത് ജലസ്രോതസുകളെ മലിനപ്പെടുത്തുമോയെന്നും ആശങ്കയുയര്‍ത്തിയിട്ടുണ്ട്.
അതിനിടെ താറാവുകളെ കത്തിച്ചയിടങ്ങളില് പൂര്‍ണമായി കത്തിത്തീരാത്തതും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ ജില്ലയില്‍ ആശങ്കപ്പെടേണ്ട സ്ഥിതിയില്ലെന്നു മന്ത്രി വി.എസ്. ശിവകുമാര്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. പക്ഷിപ്പനി ബാധിതമേഖലയില്‍ നവംബര്‍ 26 മുതല്‍ ദ്രുതകര്‍മ സംഘം താറാവുകളെ കൊന്നുതുടങ്ങി. നവംബര്‍ 28 വരെ 70,431 താറാവുകളെ കൊന്ന് സംസ്കരിച്ചു. ആലപ്പുഴയില്‍ 61293ഉം കോട്ടയത്ത് 6,647ഉം പത്തനംതിട്ടയില്‍ 2,491 താറാവുകളെയുമാണ് കൊന്ന് സംസ്കരിച്ചത്. ആലപ്പുഴയില്‍ നാലിടങ്ങളില്‍ താറാവുകളെ കൊല്ലുന്നത് പൂര്‍ത്തീകരിച്ചു.
ഞായറാഴ്ച കൊണ്ട് മൂന്നു ജില്ലകളിലെയും പക്ഷിപ്പനി ബാധിതമേഖലയിലെ താറാവുകളെ കൊന്ന് സംസ്ക്കരിക്കുകയാണ് ലക്ഷ്യം. പക്ഷിപ്പനി ബാധിത മേഖലയിലെ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ ആരോഗ്യപ്രവര്‍ത്തകര്‍ പനി സര്‍വേ നടത്തി. 99,636 ആളുകളെ പരിശോധിച്ചു. പക്ഷിപ്പനിയുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങള്‍ വെറ്ററിനറി ഡോക്ടര്‍മാരടക്കം ആരിലും കണ്ടെത്തിയിട്ടില്ല.
പനി ബാധിച്ച വെറ്ററിനറി ഡോക്ടര്‍മാരുടെ രക്തപരിശോധനാ ഫലം നെഗറ്റീവാണ്. ആവശ്യത്തിനുള്ള പ്രതിരോധ മരുന്നുകള്‍ എത്തിച്ചിട്ടുണ്ട്. 30,000 പ്രതിരോധ ഗുളിക ആലപ്പുഴയിലെത്തിച്ചിട്ടുണ്ട്. മൂന്നു ലക്ഷം ഗുളിക വാങ്ങും. വണ്ടാനം ടിഡി മെഡിക്കല്‍ കോളേജ് ആശുപത്രി, ആലപ്പുഴ ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡുകള്‍ തുറന്നു. ആശുപത്രി സംവിധാനമൊരുക്കിയതടക്കമുള്ള കാര്യങ്ങളില്‍ കേന്ദ്രസംഘം തൃപ്തരാണെന്ന് അറിയിച്ചിട്ടുണ്ട്. പക്ഷിപ്പനി വ്യാപിക്കാതിരിക്കാന്‍ നടപടിയെടുത്തു. താറാവുകളെ കടത്തുന്നതു തടയാന്‍ പോലീസിനും മോട്ടോര്‍വാഹന വകുപ്പിനും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജില്ലയിലെ താറാവുകര്‍ഷകര്‍ക്ക് 45,52,800 രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്തു കഴിഞ്ഞു. നഷ്ടപരിഹാരം സമയബന്ധിതമായി നല്കാന് നടപടിയെടുത്തിട്ടുണ്ട്. രണ്ടാംഘട്ടമെന്ന നിലയില്‍ പക്ഷിപ്പനി ബാധിതമേഖലയിലെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലങ്ങളിലെ പക്ഷികളെ കൊല്ലും. ആരോഗ്യ-മൃഗസംരക്ഷണ വകുപ്പുകള്‍ സംയുക്തമായാണ് ഇത് നിര്‍വഹിക്കുക. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരടങ്ങുന്ന ദ്രുതകര്‍മ സംഘം പക്ഷികളെ കൊല്ലും. ആരോഗ്യപ്രവര്‍ത്തകര്‍ പരിസരം അണുവിമുക്തമാക്കും. താറാവുകളെ കൂട്ടത്തോടെ സംസ്കരിച്ച സ്ഥലത്ത് അണുവിമുക്ത പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി നടത്തും. ഇതിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ദിവസവും ദ്രുതകര്‍മ സംഘാംഗങ്ങളുടെ ആരോഗ്യപരിശോധന നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. താറാവുകര്ഷകര്ക്കുള്ള നഷ്ടപരിഹാരമായി അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ ചന്ദ്രബോസിന് 8,92,000 രൂപയുടെയും സന്തോഷിന് 6,05,400 രൂപയുടെയും ചെക്ക് മന്ത്രി വി.എസ്. ശിവകുമാര്‍ കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: