മാവേലിക്കര: പക്ഷിപ്പനി ഭീതിയില്‍ കോഴിയിറച്ചിക്ക് വിലകുറച്ചതോടെ കോഴിക്കടകളില്‍ വന്‍ തിരക്ക്. ശനിയാഴ്ച കിലോയ്ക്ക് 40 രൂപ നിരക്കിലാണ് വിറ്റത്. വിലകുറച്ചതോടെ രാവിലെ മുതല്‍ കോഴിയിറച്ചി വില്‍പ്പന കടകളില്‍ വലിയ തിരക്കായിരുന്നു. പല കടകളിലും ഉച്ചയോടെ സ്റ്റോക്ക് തീര്‍ന്നു. വൈകുന്നേരമായപ്പോള്‍ ചില കടകളില്‍ നീണ്ട നിര ഉണ്ടായി.
കഴിഞ്ഞ ദിവസങ്ങളില്‍ കച്ചവടം കുറഞ്ഞതിനെ തുടര്‍ന്നാണ് ഉണ്ടായിരുന്ന സ്റ്റോക്ക് വിറ്റ് തീര്‍ക്കുന്നതിനായി കച്ചവടക്കാര്‍ വില കുറച്ചത്. ഹോട്ടലുകളില്‍ കോഴിവിഭവങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറവായത് കോഴി മൊത്തക്കച്ചവടക്കാരെ ബാധിച്ചു. ഇതിനാലാണ് വലിയ നഷ്ടമൊഴിവാക്കാന്‍ വിലകുറച്ച് വില്‍പ്പന നടത്താന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ 80-100 രൂപയായി കുറച്ചെങ്കിലും വില്‍പ്പന കുറവായിരുന്നു. ഇതിനെ തുടര്‍ന്നാണ് വില കുത്തനെ കുറച്ചതെന്ന് വ്യാപാരികള്‍ പറഞ്ഞു. പ്രധാന കോഴിഫാമുകളില്‍ വില്‍പ്പനയ്ക്കായി തയ്യാറായിരുന്ന കോഴികള്‍ വിറ്റുതീര്‍ന്നു. ക്രിസ്മസ് ആകുമ്പോഴേക്കും ഇപ്പോഴത്തെ പ്രശ്നങ്ങള്‍ അവസാനിക്കുമെന്നും അപ്പോള്‍ കോഴിയുടെ ലഭ്യത കുറയുമെന്നും വിലകൂട്ടി നല്കി ഇപ്പോഴത്തെ നഷ്ടം നികത്താന്‍ സാധിക്കുമെന്നുമാണ് വ്യാപാരികളുടെ കണക്കുകൂട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: