ചേര്‍ത്തല: രോഗികള്‍ക്കും നിരാലംബര്‍ക്കും കൈത്താങ്ങായി ആശ്രയം ചാരിറ്റബിള്‍ ട്രസ്റ്റ്. ഒരുകൂട്ടം നല്ല ചെറുപ്പക്കാരുടെ കൂട്ടായ്മയില്‍ 2013 ജനുവരി 12ന് ചേര്‍ത്തല ആഞ്ഞിലിപ്പാലത്ത് രൂപം കൊണ്ട ട്രസ്റ്റ് ഇന്ന് നിരവധി രോഗികള്‍ക്ക് ആശ്രയമാണ്. ജാതി, മത, രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി ആരംഭിച്ച ട്രസ്റ്റിന്റെ ഉദ്ഘാടനം തന്നെ സൗജന്യ വീല്‍ചെയര്‍ വിതരണത്തോടെയായിരുന്നു. ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ നിരവധി പേര്‍ക്ക് ഒറ്റത്തവണ ചികിത്സാസഹായം നല്‍കിയും നിത്യരോഗികളായ നിരവധിപേര്‍ക്ക് തുടര്‍ച്ചയായി എല്ലാമാസവും മരുന്നുകള്‍ വിതരണം ചെയ്തും ട്രസ്റ്റ് മാതൃകയായി.
രക്തദാന സേനയുടെ രൂപീകരണവും, അവയവദാന സമ്മതപത്രസ്വീകരണവും, വിവിധ ആശുപത്രികളുടെ സഹായത്തോടെയുള്ള മെഡിക്കല്‍ ക്യാമ്പുംമെല്ലാം ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ ചിലതുമാത്രം. ഇതു കൂടാതെ അദ്ധ്യയന വര്‍ഷത്തില്‍ നിര്‍ധനരായ നിരവധി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തുവരുന്നു.
കഴിഞ്ഞദിവസം ട്രസ്റ്റിന്റെയും, ക്ലാസിക് ഗ്രൂപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ കാന്‍സര്‍ രോഗികളെ സഹായിക്കാന്‍ നടത്തിയ ചികിത്സാസഹായ ധനസമാഹരണം ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ക്ലാസിക് ഗ്രൂപ്പിന്റെ 13 ബസുകളുടെ ഒരു ദിവസത്തെ കളക്ഷനാണ് രോഗികള്‍ക്കായി മാറ്റി വച്ചത്. 71,603 രൂപയാണ് സമാഹരിച്ചത്. 13 ബസുകളിലെയും ജീവനക്കാരും തങ്ങളുടെ ഒരു ദിവസത്തെ വേതനം ഇതിനായി സംഭാവന ചെയ്തു. നിരവധിയാളുകളാണ് ടിക്കറ്റ് വിലയ്ക്ക് പുറമെ അധിക തുക നല്കി സംരഭത്തില്‍ പങ്കാളികളായത്. ചികിത്സാ സഹായത്തിനുള്ള നിരവധി അപേക്ഷകളും ലഭിച്ചു കഴിഞ്ഞതായി ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു.
12 അംഗങ്ങളുള്ള എക്സിക്ക്യുട്ടീവ് കമ്മറ്റിയാണ് ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളെ നയിക്കുന്നത്. ഇവരുടെ മാസവരുമാനത്തിന്റെ പത്തുശതമാനം ട്രസ്റ്റിനു വേണ്ടി നീക്കിവച്ചാണ് നിര്‍ദ്ധനരുടെ ചികിത്സക്കായി ഇവര്‍ പണം കണ്ടെത്തുന്നത്. നൂറ് അംഗങ്ങളാണ് നിലവില്‍ ട്രസ്റ്റിനുള്ളത്. ഇവരില്‍ നിന്ന് ലഭിക്കുന്ന 25 രൂപ വീതമുള്ള മാസവരിയും സേവന പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുകയാണ്. നിര്‍ദ്ധനരായ പെണ്‍കുട്ടികളുടെ സമൂഹവിവാഹവും, തെരുവില്‍ അന്തിയുറങ്ങുന്നവര്‍ക്കുള്ള അഗതി മന്ദിരവും, മദ്യം- മയക്കുമരുന്ന് അടിമപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതിയുമെല്ലാം ആശ്രയം ത്തിന്റെ ലക്ഷ്യങ്ങളാണ്. സാമ്പത്തികം വലിയൊരു പ്രശ്നമായി മുന്നിലുണ്ടെങ്കിലും മനുഷ്യത്വം മരവിക്കാത്തവര്‍ സഹായവുമായി മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷ. എസ്.പി. സുനില്‍ പ്രസിഡന്റും ഇ.ഡി. മൈക്കിള്‍ സെക്രട്ടറിയുമായുള്ള നേതൃത്വം ഇതിനായുള്ള പ്രയത്നത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: