കോഴിക്കോട്: സ്കൂള്‍ കലോത്സവത്തിന്റെ പ്രധാനവേദിയേതാകുമെന്ന തര്‍ക്കം തീര്‍ന്നു. മലബാര്‍ക്രിസ്ത്യന്‍ കോളജ് സ്കൂള്‍ ഗ്രൗണ്ട് മുഖ്യവേദിയാകും. ഇന്നലെ കോഴിക്കോട് ബി.ഇ.എം ഹൈസ്കൂളില്‍നടന്ന യോഗത്തില്‍ യാഗത്തിലാണ് അന്തിമതീരുമാനമായത്. സംഘാടകസമിതി ചെയര്‍പേഴ്സണായി മേയര്‍ പ്രൊഫ.എ.കെ പ്രേമജത്തേയും തെരഞ്ഞടുത്തു. പ്രധാനവേദി, സംഘാടകസമിതി ചെയര്മാന് എന്നീ കാര്യങ്ങളില്‍ ഉണ്ടായ വിവാദത്തിനാണ് ഇന്നലെ വിരാമമായത്.
പ്രധാനവേദി തീരുമാനമായതോടെ ഇന്നലെ നടന്ന യോഗത്തില്‍ സംഘാടകസമിതി ചെയര്മാന് ആരാകുമെന്ന തര്‍ക്കമായിരുന്നു അവശേഷിച്ചിരുന്നത്. പ്രധാനവേദിഉള്പ്പെടുന്ന സ്ഥലത്തെ പ്രതിനിധീകരിക്കുന്നത് പ്രദീപ് കുമാര്‍ എം.എല്‍.എ ആണെന്നതിനാല്‍ എംഎല്‍എ ചെയര്‍മാനാകട്ടെ എന്ന് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച മന്ത്രി എം.കെ. മുനീര്‍ പറഞ്ഞു. എന്നാല്‍ താന്‍ എല്ലാകാര്യത്തിലും സജീവമായി ഉണ്ടാകുമെന്നും മന്ത്രി തന്നെ ചെയര്‍മാനാകട്ടെ എന്നുമായിരുന്നു എം.എല്‍.എയുടെ മറുപടി. ചെയര്‍പേഴ്സണായി മേയര്‍ പ്രൊഫ. എ.കെ. പ്രേമജത്തിന്റെ പേര് മന്ത്രി മുനീര്‍ നാടകീയമായി പ്രഖ്യാപിച്ചതോടെ ആ തര്‍ക്കത്തിനും വിരാമമായി.
യോഗത്തില്‍ വിവിധ സബ് കമ്മിറ്റി പ്രസിഡന്റുമാരേയും കണ്‍വീനര്‍മാരേയും തെരഞ്ഞടുത്തു. ബി.ഇ.എം ഹൈസ്കൂള്‍ കലോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസായി പ്രവര്‍ത്തിക്കാന്‍ യോഗത്തില്‍ തീരുമാനമായി. സംഘാടകസമിതിയുടെ ആദ്യയോഗം ഡിസംബര്‍ മൂന്നിന് വൈകുന്നേരം അഞ്ചിന് ചേരുമെന്ന് മേയര്‍ അറിയിച്ചു.
സി.കെ. നാണു എം.എല്‍.എ, ജില്ലാ കളക്ടര്‍ സി.എ.ലത, സിറ്റി പൊലീസ് ചീഫ് എ.വി.ജോര്‍ജ്, സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ എ.ജെ. ബാബു, ഡി.പി.ഐ ഇന്‍ചാര്‍ജ് എല്‍.രാജന്, ഡി.ഡി.ഇ ഡോ.ഗിരീഷ് ചോലയില്‍, കോര്പറേഷന് പ്രതിപക്ഷനേതാവ് എം.ടി.പത്മ, കോര്പറേഷന് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.ഉഷാദേവി , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, വിവിധ അധ്യാപകസംഘടനാ പ്രതിനിധികളും പങ്കെടുത്തു. യോഗത്തില്‍ ഡിപിഐ ഇന്‍ചാര്‍ജ് എല്‍.രാജന് സ്വാഗതം പറഞ്ഞു.
എന്നാല്‍ ക്രിസ്ത്യന്‍ കോളേജ് സ്കൂള്‍ ഗ്രൗണ്ട് കലോത്സവത്തിന്റെ പ്രധാന വേദിയാക്കിയതിനെതിരെ ജില്ലാ സ്പോര്‍ട് കൗണ്‍സില്‍ പ്രസിഡന്റ് എ.ജെ. മത്തായി രംഗത്തുവന്നു. ദേശീയ ഗെയിംസ് ഫുട്ബോള്‍ ടീമിനുള്ള പരിശീലന ഗ്രൗണ്ടാണ് ഇതെന്നും പരിശീലനത്തിന് മറ്റൊരു ഗ്രൗണ്ട് കണ്ടെത്താതെ ഇത് പ്രധാന വേദിയായി പ്രഖ്യാപിച്ചത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: