കൊട്ടാരക്കര: കെഎസ്ആര്‍ടിസി പെന്‍ഷനേഴ്സ് ഓര്ഗനൈസേഷന് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന റോഡ് ഉപരോധം പോലീസ് തടസ്സപെടുത്താന്‍ ശ്രമിച്ചതിനെ ത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥ. കൊട്ടാരക്കര എംസി റോഡില്‍ ഇന്നലെ രാവിലെ 10.45 ഓടെയാണ് സംഭവം.
കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നും പ്രകടനമായെത്തിയ പെന്‍ഷന്‍കാര്‍ എംസി റോഡിന്റ തിരുവന്തപുരം ഭാഗം ഉപരോധിച്ചു. ഉപരോധം എഐടിയുസി നേതാവ് ഇന്ദുശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്ത് കൊണ്ടുനിന്നപ്പോള്‍ സ്ഥലത്തെത്തിയ കൊട്ടാരക്കര എസ്ഐ പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു. ഇത് സമരക്കാരും പോലീസും തമ്മില്‍ അല്പസമയം സംഘര്‍ഷത്തിനിടയാക്കി.
എസ്ഐക്കെതിരെ മുദ്രാവാക്യം വിളികളുമായി സമരക്കാര്‍ ഒത്തുകൂടിയെങ്കിലും നേതാക്കള്‍ ഇടപെട്ട് പിന്തിരിപ്പിച്ചു. സംസ്ഥാന വ്യാപകമായി ഒരുമണിക്കൂര്‍ റോഡ് ഉപരോധമാണെന്നും അതിന് ശേഷം മാത്രമെ പിരിഞ്ഞുപോകുകയുള്ളൂ എന്ന് സമരക്കാര്‍ പ്രഖ്യാപിച്ചതോടെ പോലീസ് പിന്‍വാങ്ങി. പിന്നീട് ഡിവൈഎസ്പിയും സിഐ യും എത്തി സമരക്കാരെ മാറ്റാന്‍ ശ്രമിച്ചങ്കിലും വിജയിച്ചില്ല.
ഒടുവില്‍ അറസ്റ്റ് ചെയ്ത് മാറ്റാന്‍ പോലീസ് ശ്രമം ആരംഭിച്ചെങ്കിലും അപ്പോഴേക്കും ഒരുമണിക്കൂര്‍ സമരം കഴിഞ്ഞ് സമരക്കാര്‍ സ്വയംപിരിഞ്ഞുപോയിരുന്നു. റൂറല്‍ ആസ്ഥാനമായിട്ടും അഞ്ഞൂറിലധികം വരുന്ന സമരക്കാരെ നേരിടാന്‍ എത്തിയത് പത്ത് പോലീസുകാര്‍ മാത്രം ആണ്. നിരവധി വനിതകളും സമരത്തിന് എത്തിയെങ്കിലും വനിതാപോലീസിന്റ സാന്നിദ്ധ്യവും കാണാന്‍ കഴിഞ്ഞില്ല.
പെന്ഷന് വിതരണം സര്‍ക്കാര്‍ ഏറ്റെടുക്കുക, കുടിശ്ശികയുള്ള പെന്ഷന് ഉടന്‍ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപരോധം. ജില്ലാസെക്രട്ടറി വിജയകൂമാര്‍, നേതാക്കളായ ജോബോയ് പെരേര, പി. മുരളീധരന്‍പിള്ള, എം. ശശിധരന്‍പിള്ള, പി.ആര്. ശിവന്‍കുട്ടി എന്നിവര്‍ നേതൃത്വം നല്കി.
സമരത്തെത്തുടര്‍ന്ന് മണിക്കൂറുകളോളം കൊട്ടാരക്കരയില്‍ ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. എംസിറോഡ് വഴിയുള്ള ദീര്‍ഘദൂര സര്‍വീസ് തടസ്സപെട്ടതോടെ യാത്രക്കാര്‍ ബുദ്ധിമുട്ടിലായി. ശബരിമല തീര്‍ത്ഥാടകരും ഗതാഗതക്കുരുക്കില്‍ അകപ്പെട്ടു. സമരക്കാര്‍ പിരിഞ്ഞുപോയ ശേഷവും മണിക്കൂറുകളോളം കൊട്ടാരക്കര പട്ടണം ഗതാഗതക്കുരൂക്കിന്റ പിടിയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: