കൊച്ചി: കൗമാര പ്രതിഭകള്‍ മാറ്റുരക്കുന്ന ജില്ലാ സ്കൂള്‍ കലോത്സവം സംഘാടകരുടെ പിടിപ്പു കേടുകൊണ്ട് ഇക്കറി താളം തെറ്റും. തൃപ്പൂണിത്തുറയില്‍ നവമ്പര്‍ 29 ഡിസംബര്‍ 1,2,3,4 തീയതികളിലായി നടക്കുന്ന കലോത്സവത്തിന്റെ മല്‍സരവേദികള്‍ തെരഞ്ഞെടുത്തതില്‍ തന്നെ സംഘടനാ പിഴവ് ദൃശ്യമാണ്. കലോത്സവത്തിന്റെ പ്രധാനവേദി തയ്യാറാക്കിയിരിക്കുന്നത് ഗവ. ബോയ്സ് സ്കൂളിലാണ്. ഇവിടെയാകട്ടെ 200ല്‍ താഴെ പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യമാണുള്ളത്.
വേദികള്‍ തമ്മിലുള്ള അകലം മല്‍സരാര്‍ത്ഥികളെ ഏറെ കുഴയ്ക്കും. കലോത്സവത്തിന്റെ പ്രധാന വേദിയില്‍ നിന്നും ഒരു കിലോമീറ്റര്‍ ദൂരെയുള്ള സംസ്കൃതം സ്കൂള്‍ മൈതാനിയിലാണ് ഭക്ഷണശാല തയ്യാറാക്കിയിരിക്കുന്നത്. ഇത് മല്സരാര്ത്ഥികളെയും അദ്ധ്യാപകരെയും രക്ഷകര്‍ത്താക്കളെയും ഏറെ വലക്കുന്ന മറ്റൊരുഘടകമാണ്. ഇവിടേക്കാണെങ്കില്‍ ഗതാഗത സൗകര്യം തീരെ കുറവാണ്.
കലോല്‍സവത്തിന്റെ ഉദ്ഘാടകനായ മന്ത്രി കെ.ബാബുവിന്റെ സൗകര്യാര്‍ത്ഥമാണ് 29ന് ഉദ്ഘാടനം നടത്തുന്നത്. പിറ്റേദിവസം ഞാറാഴ്ച മല്‍സരങ്ങള്‍ ഒന്നും തന്നെ നടക്കുന്നില്ല. കലവറയില്‍ പാല് കാച്ചല് ചടങ്ങ് മാത്രമാണുള്ളത്.
എട്ടുവര്‍ഷത്തെ ഇടവേളക്കു ശേഷമാണ് തൃപ്പൂണിത്തുറ ജില്ലാ കലോത്സവത്തിന് ആതിഥ്യമരുളാനൊരുങ്ങുന്നത്. ശനിയാഴ്ച രാവിലെ 10ന് എറണാകുളം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്റ്റര്‍ എം.കെ.ഷൈന്മോന് പതാകയുയര്‍ത്തുന്നതോടെ കലോത്സവത്തിന് തുടക്കമാകും. വൈകിട്ട് നാലുമണിക്ക് ആരംഭിക്കുന്ന ഘോഷയാത്ര ജില്ലാ കളക്റ്റര്‍ എം.ജി.രാജമാണിക്യം ഫ്ലാഗ് ഒഫ് ചെയ്യും. തൃപ്പൂണിത്തുറ ഹയര്‍സെക്കന്ററി സ്കൂളില്‍ നിന്നുമാരംഭിക്കുന്ന ഘോഷയാത്ര കിഴക്കേ കോട്ടവഴി ലായം മൈതാനിയില്‍ സമാപിക്കും. വൈകിട്ട് 5ന് പ്രധാനവേദിയായ ലായം മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി വി. കെ. ഇബ്രാഹിംകുഞ്ഞ് കലോത്സവത്തിന് തിരിതെളിയിക്കും. ചടങ്ങില്‍ കലോത്സവത്തിനവ് ലോഗോ തയാറാക്കിയ വിദ്യാര്‍ഥി വിഷ്ണുദാസ്, കലോത്സവവെബ്സൈറ്റ് ഡിസൈന്‍ ചെയ്ത കോട്ടപ്പടി മാര്‍ ഏലിയാസ് ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ഥി രോഹിത് പോള്‍ എന്നിവര്‍ക്ക് ഉപഹാരം നല്‍കും.
തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് മത്സരങ്ങളുടെ രജിസ്ട്രേഷന് ആരംഭിക്കുക. ലായം മൈതാനത്തിനു പുറമേ ഗവ.ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂള്‍, ഗവ,സംസ്കൃത ഹയര്‍ സെക്കന്ററി സ്കൂള്‍, സെന്റ് ജോസഫ് സിജിഎസ്എസ് ആന്‍ഡ് യുപിസ്കൂള്‍, ആര്എല്വിജി യുപി സ്കൂള്‍, സെന്റ് മേരീസ് എല്‍പി സ്കൂള്‍, സിഇഇസഡ്എംഎല്പി സ്കൂള്‍ എന്നിവിടങ്ങളിലായി പതിനാറു വേദികളിലാണ് മത്സരങ്ങള്‍ നടത്തുന്നത്. 297 മത്സരഇനങ്ങളിലായി ആറായിരത്തോളം വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. അധ്യാപകര്‍ക്കു വിദ്യാര്‍ഥികള്‍ക്കുമായി അറുന്നൂറ് പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്യാവുന്ന ഭക്ഷണശാലയും ക്രമീകരിച്ചിട്ടുണ്ട്. കലോത്സവ അടുപ്പുകളുടെ പാലുകാച്ചല്‍ ചടങ്ങും കലവറ നിറക്കലും ഞായറാഴ്ച വൈകിട്ട് മൂന്നു മണിക്ക് സംഘടിപ്പിക്കും.
കലോത്സവത്തിന്റെ രജിസ്ട്രേഷന്, നടത്തിപ്പ്, റിസള്‍ട്ടുകള്‍ എന്നിവക്കൊപ്പം ഓരോ വേദിയിലും അപ്പപ്പോള്‍ നടക്കുന്ന മത്സരങ്ങളുടെ വിവരങ്ങള്‍ തത്സമയം തന്നെ ണണണ.സമഹീഹമെ്മാ2014.ശി.എന്ന വെബ്സൈറ്റിലും പ്രത്യേകം തയാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷനിലും ലഭ്യമാകും. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.
വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്മാന് ആര്.വേണുഗോപാല്‍, ജനറല്‍ കണ്‍വീനര്‍ എം.കെ.ഷൈന്മോന്, പബ്ലിസിറ്റി കണ്‍വീനര്‍ ജോബി ബാലകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: