തൃശൂര്‍: മന്ത്രി വാക്കുപാലിച്ചില്ല. ഗവ.മെഡിക്കല്‍ കോളേജിലേക്കുള്ള റെയില്‍വെ മേല്‍പ്പാലത്തില്‍ ഇന്നു മുതല്‍ ടോള്‍ പിരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ജനങ്ങളുടെ സമരം നിര്‍ത്തുന്നതിന് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി സി.എന്‍.ബാലകൃഷ്ണന് നേരത്തെ നല്കിയ ഉറപ്പാണ് പാഴായത്. ഇന്നു രാവിലെ ഏഴുമുതല്‍ ടോള്‍ പിരിവ് തുടങ്ങും. ടോളിനെതിരെ വ്യാപകപ്രതിഷേധമുയരുന്നുണ്ട്.
ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സമരരംഗത്തുണ്ട്. നേരത്തെ ടോള്‍ ബൂത്ത് തകര്‍ക്കുക വരെ ചെയ്തിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു മന്ത്രി സി.എന്‍.ബാലകൃഷ്ണന്റെ ഇടപെടല്‍. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള റോഡായതിനാല്‍ ടോള്‍ പിരിക്കാനുള്ള തീരുമാനം പിന്‍വലിപ്പിക്കാമെന്നും ഇക്കാര്യത്തില്‍ മറിച്ചൊരു നിലപാട് സര്ക്കാരിനുണ്ടാവില്ലെന്നുമാണ് മന്ത്രി ഉറപ്പു നല്‍കിയിരുന്നത്. മന്ത്രിയുടെ ഉറപ്പിന്മേല് സമരം അവസാനിപ്പിക്കുകയായിരുന്നു.
നേരത്തെ അത്താണി മേല്‍പ്പാലത്തിലും ടോള്‍ പിരിക്കാന്‍ സര്‍ക്കാര്‍ തീരമാനിച്ചിരുന്നു. ഇവിടെയും നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് സമരം ശക്തമാക്കിയ സന്ദര്‍ഭത്തിലാണ് വടക്കാഞ്ചേരി മേല്‍പ്പാല ഉദ്ഘാടന വേദിയില്‍വച്ച് മുഖ്യമന്ത്രി ടോള്‍ പിരിവ് തീരുമാനം റദ്ദാക്കിയത്. തൃശൂര്‍ നഗരമടക്കം ജില്ലയുടെ തെക്കന്‍ മേഖലയില്‍ നിന്നുള്ള ആയിരക്കണക്കിന് രോഗികളാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ഇതുവഴിയെത്തുന്നത്. അതേസമയം മെഡിക്കല്‍ കോളേജിന്റെ പേരില്‍ ഒരു പാലത്തിലെ ടോള്‍ പിരിവ് റദ്ദാക്കിയിട്ടുണ്ട്. ഇതേ പേരില്‍ രണ്ടാമത്തെ പാലത്തിലെ ടോള്‍ പിരിവും വേണ്ടെന്ന് വയ്ക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
10 കോടി രൂപയില്‍ ഒതുങ്ങി നിര്‍മാണം പൂര്‍ത്തിയാക്കിയ പാലങ്ങളെ ടോളില്‍ നിന്ന് ഒഴിവാക്കുമെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് വെളപ്പായ പാലത്തെയും ഒഴിവാക്കുന്നതെന്ന ഉറപ്പാണ് അന്ന് മന്ത്രി നല്‍കിയിരുന്നത്. അതേസമയം, 15.2 കോടി രൂപ ചെലവിട്ടാണ് വെളപ്പായ മേല്‍പ്പാലം നിര്‍മാണം പൂര്‍ത്തിയാക്കിയതെന്നാണ് റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോര്പ്പറേഷന് അസി.മാനേജര്‍ പറഞ്ഞത്.
നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ ഫണ്ട് ലഭ്യമായിരുന്നില്ലെന്നും ഹെഡ്കോയില്‍ നിന്ന് കടമെടുത്താണ് പാലം പണിതതെന്നും അദ്ദേഹം പറഞ്ഞു. വായ്പ തിരിച്ചടയ്ക്കാന്‍ ടോള്‍ പിരിക്കുകയല്ലാതെ നിര്‍വാഹമില്ല. വെള്ളിയാഴ്ച മുതല്‍ പിരിവ് ആരംഭിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ടു-ത്രീ വീലര്‍ വാഹനങ്ങളെ ടോളില്‍ നിന്ന് ഒഴിവാക്കും. കാറുകള്‍ക്ക് ഒരു ഭാഗത്തേക്ക് അഞ്ച് രൂപയും ഇരുവശത്തേക്ക് 7.50 രൂപയും ബസുകള്‍ക്ക് ഒരു ദിവസത്തേക്ക് 15 രൂപയും ഒരു മാസത്തേക്കാവുമ്പോള് 450 രൂപയുമാണ് ഈടാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: