പാലക്കാട്: ഗവ കരാറുകാര്‍ക്ക് നല്‍കേണ്ട കുടിശിക ഉടന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ ഒന്നിന് രാവിലെ പതിനൊന്ന് മണിക്ക് സെക്രട്ടറിയേറ്റിന് മുന്നില്‍ ഉപവാസ സമരം നടത്തുമെന്ന് കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി നാഗരത്നന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്ത് പൊതുമരാമത്ത് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച വകയില്‍ റോഡ്സ്, ബില്‍ഡിംഗ്സ്, ഇറിഗേഷന്‍ പ്രോജ്ക്ട്, കേരള വാട്ടര്‍ അതോറിറ്റി മേഖലകളിലായി 2014 ജനുവരി വരെ 2400 കോടി രൂപയാണ് കുടിശിക് നല്‍കാനുള്ളത്. സംഘടനാ പ്രതിനിധികളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ കുടിശിക നല്‍കാമെന്ന് ഉറപ്പ് നല്‍കിയിട്ടും ഇത് വരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ടെണ്ടര്‍ ഷെഡ്യൂള്‍ വില 50ശതമാനം വര്‍ധിപ്പിച്ചത് പിന്‍വലിക്കുക, തദ്ദേശസ്വയഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന പ്രവര്‍ത്തികള്‍ പൊതുമരാമത്ത് വ്യവസ്ഥകള്‍ക്ക് വിധേയമായി ചെയ്യാന്‍ നടപടി സ്വീകരിക്കുക തുടങ്ങി ആവശ്യങ്ങളും ഉന്നയിച്ചു. സംസ്ഥാനത്ത് 200 ഓളം റോഡ് നിര്‍മാണത്തിന് റീ ടെണ്ടര്‍ നല്‍കിയതിലും വന്‍കിട പ്രവര്‍ത്തികള്‍ കണ്‍ട്രക്ഷന്‍ കോര്‍പ്പറേഷനെ കൊണ്ട് ക്വട്ടേഷന്‍ എടുപ്പിച്ച് കരാറുകാര്‍ക്ക് മറിച്ച് നല്‍കിയതിലും സാമ്പത്തിക അഴിമതി നടന്നിട്ടുണ്ട്. കണ്‍ട്രക്ഷന്‍ കോര്പ്പറേഷന് ചെയര്മാന്, പൊതുമരാമത്ത് സെക്രട്ടറിയടക്കമുള്ളവര്‍ക്ക് പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ആര് ബാലന്, ജില്ലാ സെക്രട്ടറി വൈ ഷാജി, ജില്ലാ സമിതിയംഗങ്ങളായ ബാപ്പുട്ടി, ജിതേഷ് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: