പാലക്കാട്: കഞ്ചിക്കോട് വ്യവസായ മേഖലയിലെ സ്റ്റീല്‍ ഫാക്ടറികളുടേയും തൊഴിലാളികളുടേയും സമഗ്ര വിവര ശേഖരണം നടത്താന്‍ സ്പെഷ്യല്‍ സ്ക്വാഡ് രൂപീകരിക്കണമെന്നും 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ക്ക് തൊഴിലും തൊഴിലാളി ക്ഷേമവും വിദ്യുച്ഛക്തിയും സംബന്ധിച്ച നിയമസഭാ സബ്ജക്ട് കമ്മിറ്റി നിര്‍ദ്ദേശം നല്കി.
സമയബന്ധിതമായി എല്ലാ സ്ഥാപനങ്ങളും പരിശോധിക്കണം. ഫാക്ടറിയുടെ രജിസ്ട്രേഷന്, സ്ഥിരം തൊഴിലാളികള്‍, മറ്റ് സംസ്ഥാന തൊഴിലാളികള്‍, സുരക്ഷാ സംവിധാനങ്ങള്‍, വേതനം, തൊഴിലാളികള്‍ക്ക് നല്കുന്ന മറ്റ് ആനുകൂല്യങ്ങള്‍, അവധി ദിനങ്ങള്‍ തുടങ്ങിയ എല്ലാ വിവരങ്ങളും ശേഖരിക്കും. തൊഴില്‍ വകുപ്പും ഫാക്ടറിയും ബോയിലേഴ്സും വകുപ്പ് ഉദേ്യാഗസ്ഥര്‍ ഉള്‍പ്പെടുന്ന സ്പെഷ്യല്‍ സ്ക്വാഡാണ് പരിശോധന നടത്തുക. റിപ്പോര്‍ട്ട് 10 ദിവസത്തിനകം സമിതിക്ക് നല്‍കും. റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം സമിതി വീണ്ടും കഞ്ചിക്കോട് സ്റ്റീല്‍ ഫാക്ടറികള്‍ സന്ദര്‍ശിക്കും.
തൊഴിലാളികള്‍ക്കാവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ നല്‍കാതെയും മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാതെയും പ്രവര്‍ത്തിക്കുന്ന ഫാക്ടറികള്‍ക്ക് ഉടന്‍ സ്റ്റോപ്പ് മെമ്മോ നല്‍കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു.
വിദ്യുച്ഛക്തിയും തൊഴിലും തൊഴിലാളിക്ഷേമവും സംബന്ധിച്ച നിയമസഭാ വിഷയ നിര്‍ണ്ണയ സമിതിയംഗങ്ങളോടൊപ്പം കഞ്ചിക്കോട് സ്റ്റീല്‍ ഫാക്ടറികള്‍ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. നാളെ മുതല്‍ ഫാക്ടറികള്‍ക്കെതിരെ നടപടിയാരംഭിക്കാന്‍ ഫാക്ടറി ആന്‍ഡ് ബോയ്ലേഴ്സ് വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്കി. കഞ്ചിക്കോട് മേഖലയിലെ സ്റ്റീല്‍ ഫാക്ടറികളില്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നതായും മനുഷ്യാവകാശ ധ്വംസനം നടക്കുന്നതായുമുളള പരാതികള്‍ പരിശോധിക്കുന്നതിനാണ് സമിതി ഫാക്ടറി സന്ദര്‍ശിച്ചത്.
കിട്ടിയ വിവരങ്ങള്‍ ശരിയാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷാ സംവിധാനങ്ങളില്ലാത്ത ഫാക്ടറികള്‍ അത്തരം ക്രമീകരണങ്ങള്‍ ഒരുക്കുന്നതുവരെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കണം. ഫാക്ടറി ഉടമകള്‍ നല്കിയ വിവരങ്ങളും തൊഴിലാളികള്‍ നല്കിയ മൊഴിയും തമ്മില്‍ പൊരുത്തക്കേടുണ്ട്. സുരക്ഷാ സംവിധാനങ്ങളില്ലാതെ ഒരു സ്ഥാപനവും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല.
ഗവ. ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന നിയമസഭാ സബ്ജക്ട് കമ്മിറ്റി യോഗത്തില്‍ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ഷിബു ബേബിജോണ്‍ അധ്യക്ഷത വഹിച്ചു. സമിതി അംഗങ്ങളായ എം.എല്‍.എ.മാര്‍, എ.കെ. ബാലന്, എം.ഹംസ, എം. ചന്ദ്രന്, എ.കെ. ശശീന്ദ്രന്, തൊഴിലും നൈപുണ്യവും വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോം ജോസ്, ജില്ലാ കലക്ടര്‍ കെ. രാമചന്ദ്രന്, ലേബര്‍ കമ്മീഷണര്‍ ഡോ.ജി. എല്‍. മുരളീധരന്, ഫാക്ടറി ആന്റ് ബോയിലേഴ്സ് വകുപ്പ് ഡയറക്ടര്‍ കെ. ശശി തുടങ്ങിവരും ജില്ലാതല ഉദേ്യാഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു. കഞ്ചിക്കോട് മേഖലയില്‍ 35 സ്റ്റീല്‍ ഫാക്ടറികളിലായി അയ്യായിരത്തോളം തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നതായും ഭൂരിപക്ഷവും മറ്റ് സംസ്ഥാന തൊഴിലാളികളാണെന്നും തൊഴില്‍ വകുപ്പ് ഉദേ്യാഗസ്ഥര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: