ഇടുക്കി : ജില്ലയിലെ അന്യ സംസ്ഥാന തൊഴിലാളികളില്‍ പകുതിപ്പേര്‍ക്ക് പോലും തിരിച്ചറിയല്‍ രേഖകളില്ലെന്ന് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചതായാണ് വിവരം. ജില്ലാ പോലീസിന്റെ പക്കലുള്ള ലിസ്റ്റില്‍ 1700 അന്യസംസ്ഥാന തൊഴിലാളികളാണ് ജില്ലയിലുള്ളത്. ഇതിന് നാലിരട്ടി അന്യ സംസ്ഥാന തൊഴിലാളികളാണ് ജില്ലയില്‍ കഴിയുന്നത്.
കൂടുതല്‍ പേരും ബംഗാള്‍ സ്വദേശികളാണ്. ബാഗ്ലാദേശികളും ഇവരുടെ കൂടെ ജില്ലയില്‍ തങ്ങുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. തൊടുപുഴ താലൂക്കില്‍ മാത്രം ആയിരത്തിലധികം അന്യസംസ്ഥാനക്കാര്‍ താമസിക്കുന്നുണ്ടെന്നാണ് വിവരം. ഓരോ തൊഴിലിടങ്ങളിലേക്കും പുതുതായി തൊഴിലാളികള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. പോലീസിന്റെ രേഖയിലുള്ള പല അന്യസംസ്ഥാനക്കാരും ജില്ലയില്‍ നിന്ന് മറ്റ് സ്ഥലത്തേയ്ക്ക് മാറിപ്പോയതായും പറയപ്പെടുന്നു.
രണ്ട് വര്‍ഷം മുന്‍പ് ഐ.ബി നടത്തിയ നീക്കത്തില്‍ പത്തോളം ബംഗാളികളെ കോട്ടയം കടുത്തുരുത്തിയില്‍ നിന്നും പിടികൂടിയിരുന്നു. ഒരു രേഖയുമില്ലാതെയാണ് ഇവര്‍ കഴിഞ്ഞിരുന്നത്. കോട്ടയം ജില്ലയിലെ പായിപ്പാട് പഞ്ചായത്തില്‍ അയ്യായിരത്തോളം അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. ഇവരില്‍ പലര്‍ക്കും വ്യക്തമായ രേഖകളില്ലെന്ന് ജില്ല സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ച്ച് ചെയ്തിട്ടും നടപടികളില്ല.
തൊടുപുഴയില്‍ രണ്ടാഴ്ച മുന്‍പ് അന്യ സംസ്ഥാന തൊളിലാളിയായ സ്ത്രീ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് അന്വേഷണം ആവശ്യമായി വന്നപ്പോഴാണ് ജില്ലയിലുള്ള അന്യസംസ്ഥാന തൊഴിലാളികളെക്കുറിച്ച് പോലീസ് ഓര്‍ക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികളുടെ ലിസ്റ്റ് കൃത്യമായി ശേഖരിക്കാന്‍ പോലീസിന് സാധിക്കാത്തത് വന്‍ വീഴ്ചയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: