ശബരിമല: സന്നിധാനത്ത് അരവണ നിര്‍മ്മാണം നിര്‍ത്തിവച്ചതിനു പിന്നാലെ മാളികപ്പുറത്ത് അപ്പ പ്രസാദ നിര്‍മ്മാണം നിലച്ചു. ഇതേ തുടര്‍ന്ന് മാളികപ്പുറം കൗണ്ടറുകളില്‍ അപ്പ പ്രസാദ വിതരണം തടസ്സപ്പെട്ടു. കാരാറുകാരന് നിര്‍മ്മാണത്തിന് ആവശ്യമായ അപ്പക്കൂട്ട് നല്‍കുന്നത് ദേവസ്വംബോര്‍ഡ് പരിമിതപ്പെടുത്തിയതാണ് അപ്പനിര്‍മ്മാണം തടസ്സപ്പെടാന്‍ കാരണം.
മാളികപ്പുറം നടപ്പന്തലിനു സമീപമുള്ള കൗണ്ടറുകളില്‍ ദിനംപ്രതി നാല്പതിനായിരം അപ്പമാണ് വിറ്റഴിച്ചിരുന്നത്. അപ്പനിര്‍മ്മാണം നിലച്ചതോടെ മാളികപ്പുറം കൗണ്ടറില്‍ അപ്പവിതരണം 12 മണിക്കൂറിലധികം നിര്‍ത്തിവച്ചു. ഇതേതുടര്‍ന്ന് സന്നിധാനത്തെ കൗണ്ടറില്‍ നിന്നും അപ്പം ഇവിടേക്ക് എത്തിച്ചാണ് പിന്നീട് വിതരണം പുനരാരംഭിച്ചത്. ഇന്നലെ ഉച്ചവരെ 15000ത്തില്പരം അപ്പമാണ് സന്നിധാനത്തുനിന്നും മാളികപ്പുറം കൗണ്ടറിലേക്ക് എത്തിച്ചത്.
ഇതേസമയം സന്നിധാനത്ത് ഉല്പാദിപ്പിച്ച ഉണ്ണിയപ്പത്തിന്റെ കരുതല്‍ ശേഖരത്തില്‍ 5000എണ്ണം കുറവ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മാസപൂജ സമയത്ത് ഉല്പാദിപ്പിച്ച് കരുതല്‍ ശേഖരമായി സൂക്ഷിച്ചിരുന്നവയാണ് കാണാതായത്. ഇത് അന്ന് നീക്കിയിരിപ്പായി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം ഉണ്ണിയപ്പത്തിന്റെ സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് കരുതല്‍ ശേഖരത്തില്‍ ഈ കുറവ് കണ്ടെത്തിയത്. പൂപ്പല്‍ ബാധയെ തുടര്‍ന്ന് അപ്പം കത്തിച്ചുകളഞ്ഞതായാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിശദീകരണം.
ഇത് മുഖവിലക്കെടുക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. ഇക്കാര്യം സംബന്ധിച്ച് സമഗ്ര അന്വേഷണം നടക്കുന്നതായാണ് സൂചന. അപ്പനിര്‍മ്മാണം മുടങ്ങുമ്പോള്‍ മാത്രമാണ് ഇക്കാര്യം ദേവസ്വത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പലപ്പോഴും അറിയുന്നത്. ദേവസ്വം ബോര്‍ഡും ദേവസ്വം ഉന്നത ഉദ്യോഗസ്ഥരും സര്‍ക്കാരും തമ്മിലുള്ള ഏകോപനക്കുറവ് സന്നിധാനത്ത് തീര്‍ത്ഥാടനം തുടങ്ങി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍തന്നെ പ്രതിഫലിച്ചിരുന്നു.
കോടിക്കണക്കിന് തീര്‍ത്ഥാടകരെത്തുന്ന ശബരിമലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ ഇനിയും സര്‍ക്കാരും ദേവസ്വം ബോര്‍ഡും അനാസ്ഥ തുടര്‍ന്നാല്‍ ഇവിടുത്തെ സ്ഥിതി കൂടുതല്‍ പരിതാപകരമാകും. മാത്രമല്ല ശബരിമലയിലെ പ്രധാന വഴിപാട് പ്രസാദമായ അപ്പവും അരവണയും കിട്ടാതെ അയ്യപ്പന്മാര്ക്ക് മലയിറങ്ങേണ്ടിവരും എന്ന കാര്യത്തിലും തര്ക്കമില്ലാതായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: