അമ്പലപ്പുഴ: അമ്പലപ്പുഴ ഉണ്ണിക്കണ്ണനെ നാലു പതിറ്റാണ്ടോളം പൂജിക്കാന്‍ പുണ്യം ലഭിച്ച മേല്‍ശാന്തി ശതാഭിഷേക നിറവില്‍. അമ്പലപ്പുഴ കണ്ടമംഗലത്ത് ശങ്കരന് നമ്പൂതിരിയുടെ ശതാഭിഷേകം നാടിന്റെ ഉത്സവമായി കൊണ്ടാടുവാന്‍ തീരുമാനിച്ചിരിക്കുകയാണ് ഭക്തര്‍.
കൊല്ലവര്‍ഷം 1107 വൃശ്ചികം എട്ടിന് കണ്ടമംഗലത്ത് ഇല്ലത്ത് കേശവന് നമ്പൂതിരിയുടെയും സാവിത്രി അന്തര്‍ജനത്തിന്റെയും മകനായി ജനിച്ച ശങ്കരന് നമ്പൂതിരി അമ്പലപ്പുഴ സ്കൂളിലെ പഠനത്തിന് ശേഷം അമ്പലപ്പുഴ ഗണപതി ശര്‍മ്മ നടത്തിയിരുന്ന സംസ്കൃത സ്കൂളില്‍ നിന്ന് ശാസ്ത്ര പരീക്ഷ പാസായി. തുടര്‍ന്ന് തന്ത്രവിദ്യ പുതുമന ദാമോധരന് നമ്പൂതിരിയില്‍ നിന്നും അഭ്യസിച്ചു. കാരായ്മ അവകാശ പ്രകാരം അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ 20-ാം വയസില്‍ ജോലിയില്‍ പ്രവേശിച്ചു. നീണ്ട നാല് പതിറ്റാണ്ട് അമ്പലപ്പുഴ ഉണ്ണിക്കണ്ണനെ പൂജിക്കാനുള്ള ഭാഗ്യം ലഭിച്ചു. സംസ്കൃതത്തില്‍ അഗാധ പാണ്ഡിത്യമുള്ള ശങ്കരന് നമ്പൂതികരി ശ്രീകൃഷ്ണ പുണ്യമൃതം, ഹരിവന്ദനം എന്നീ ഭക്തിനിര്‍ഭരമായ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.
പ്രായാധിക്യത്തെ തുടര്‍ന്ന് മകന് കേശവന് നമ്പൂതിരിക്ക് മേല്‍ശാന്തിയുടെ ചുമതല നല്കിയ ശങ്കരന് നമ്പൂതിരി ഇന്ന് വിശ്രമ ജീവിതം നയിക്കുകയാണ്. ഭാഗവത സപ്താഹയജ്ഞത്തോടെ ഒരാഴ്ച നീണ്ടു നില്ക്കുന്ന പിറന്നാള്‍ ആഘോഷം നടത്താനാണ് ശ്രീകൃഷ്ണ ഭക്തജന സമിതിയുടെ തീരുമാനം. വ്യാഴാഴ്ച വൈകിട്ട് ആറിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ പി. വേണുഗോപാല്‍ ഭദ്രദീപ പ്രകാശനം നടത്തുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. ഡിസംബര്‍ നാലിന് അനുമോദന സമ്മേളനം നടക്കും. മന്ത്രി രമേശ് ചെന്നിത്തല, ജി. സുധാകരന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാഹരി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം.പി. ഗോവിന്ദന് നായര്‍, ദേവസ്വം ബോര്‍ഡംഗം സുഭാഷ് വാസു തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: