ന്യൂദല്‍ഹി: സംസ്ഥാനത്ത് സ്ഥിരീകരിച്ച പക്ഷിപ്പനി ഗുരുതരമാണെന്ന് കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചു. പകര്‍ച്ചവ്യാധി പ്രതിരോധിക്കുന്നതിനായി കേരളത്തിന് എല്ലാ സഹായങ്ങളും അടിയന്തരമായി നല്‍കുമെന്ന് കേന്ദ്രആരോഗ്യമന്ത്രി ജെ.പി നദ്ദ വ്യക്തമാക്കി. മനുഷ്യരിലേക്ക് രോഗംപടരുന്നത് തടയാനുള്ള എല്ലാ മുന്‍കരുതലുകളും ഉടന്‍ സ്വീകരിക്കണമെന്നും സംസ്ഥാന സര്‍ക്കാരിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി.
പക്ഷിപ്പനി മൂലം താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയ സംഭവത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേരളത്തിലേക്ക് ഉന്നത സംഘത്തെ അയച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി ജെ.പി നദ്ദയും കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍ സിംഗും അറിയിച്ചു. ഇന്ത്യന്‍ വെറ്റിനിറി റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബെംഗളൂരു റീജിയണല്‍ ലാബില്‍ നിന്നുള്ള സംഘത്തെയാണ് കേരളത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ അയച്ചിരിക്കുന്നത്. ഇതിനുപുറമേ നാഷണല്‍ ലബോറട്ടറിയില്‍ നന്നുള്ള ഒരു വിദഗ്ധസംഘംകൂടി ഇന്ന് കേരളത്തില്‍ എത്തുന്നുണ്ട്.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ലഭ്യമായ എല്ലാ സഹായങ്ങളും സംസ്ഥാനത്തിന് നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പ്രതിരോധമരുന്നുകള്‍ ആവശ്യത്തിനു ലഭ്യമാക്കും. മാനദണ്ഡങ്ങള്‍ക്കനുസരിച്ച് താറാവ് കര്‍ഷകര്‍ക്കുള്ള സാമ്പത്തിക സഹായം ഉടന്‍ വിതരണം ചെയ്യും. അധികതുക നല്‍കാനും കേന്ദ്രസര്‍ക്കാര്‍ സജ്ജമാണ്. കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ മറ്റുനടപടികളിലേക്ക് കടക്കും. രോഗബാധ നിയന്ത്രണ വിധേയമാക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും അതിനാവശ്യമായ നടപടിക്രമങ്ങള്‍ സ്വീകരിച്ചുകഴിഞ്ഞതായും ആരോഗ്യമന്ത്രി ജെ.പി നദ്ദ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് ലഭ്യമാകുന്നതിന്റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനു നടപടികള്‍ സ്വീകരിക്കുമെന്ന് കൃഷി മന്ത്രി അറിയിച്ചു. പക്ഷിപ്പനി നിയന്ത്രിക്കാന്‍ ആവശ്യമായി മരുന്നു ലഭ്യമാക്കാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ നിന്നുള്ള എംപിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്രകൃഷിമന്ത്രി സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: