തിരുവല്ല: താലൂക്ക് ഓഫീസിലെ റീസര്‍വ്വേ വിഭാഗത്തില്‍ വന്‍ അഴിമതിയെന്ന് ആരോപണം. റീസര്‍വ്വേ സംബന്ധിച്ച വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസിലെത്തുന്നവരെ ജീവനക്കാര്‍ കറവപ്പശു കണക്കെ കൈകാര്യം ചെയ്യുന്നതായാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.
റീസര്‍വ്വേ സംബന്ധിച്ച സേവനങ്ങള്‍ ജനത്തിന് ലഭ്യമാകണമെങ്കില്‍ പതിനായിരം മുതല്‍ ഒന്നര ലക്ഷം രൂപവരെ കൈക്കൂലിയായി നല്‍കേണ്ട അവസ്ഥയാണ് ഉളളതെന്നും പറയപ്പെടുന്നു.
താലൂക്ക് ഓഫീസിലെ റീസര്‍വ്വേ രജിസ്റ്ററില്‍ പേര് തെറ്റായി രേഖപ്പെടുത്തിയിട്ടുളളവര്, വസ്തുവിന്റെ വിസ്തിര്ണ്ണ വ്യത്യാസവുമായി ബന്ധപ്പെട്ടുളള പരാതിക്കാര്‍, തര്‍ക്ക വസ്തു അളന്ന് തിട്ടപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് റീസര്‍വ്വേ വിഭാഗത്തിന്റെ സേവനം തേടിയെത്തുന്നവര്‍ എന്നിവരെയാണ് ജീവനക്കാര്‍ കൂടുതലായി പിഴിയുന്നത്.
ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയാണ് ഭീമമായ ഈ അഴിമതി അരങ്ങേറുന്നതെന്നും പറയപ്പെടുന്നു. പുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് പതിച്ചു നല്‍കുന്നത് അടക്കമുളള ഇടപാടുകള്‍ക്കായി വാങ്ങുന്ന ലക്ഷങ്ങളുടെ പങ്ക് ഉന്നതോദ്യോസ്ഥരുടെ കീശയിലും എത്തുന്നതായാണ് അറിയുവാന്‍ കഴിയുന്നത്.
കൈക്കൂലി നല്‍കുന്നവര്‍ക്ക് മണിക്കൂറുകള്‍ക്കകം കാര്യങ്ങള്‍ സാധിച്ചു കൊടുക്കുന്ന ജീവനക്കാര്‍ അത് നല്കാത്തവരെ പല കാരണങ്ങള്‍ പറഞ്ഞ് വട്ടം കറക്കുകയാണ് പതിവ്. റീസര്‍വ്വേ സംബന്ധിച്ച വിവിധ ആവശ്യങ്ങള്‍ക്കായി താലൂക്ക് ഓഫീസിലെത്തുന്ന സാധാരണക്കാരോട് പോലും ലക്ഷങ്ങളാണ് ജീവനക്കാര്‍ ആവശ്യപ്പെടുന്നത്. ഇത്തരം ആവശ്യങ്ങള്‍ക്കായി താലൂക്ക് ഓഫീസില്‍ എത്തുന്ന കൈക്കൂലി നല്കാന് തയാറാകാത്തവരെ ജില്ലാ റീസര്‍വ്വേ ഓഫീസിലേക്ക് പറഞ്ഞയച്ച് വട്ടം ചുറ്റിക്കുക എന്നതും പതിവ് രീതിയാണ്.
കൈക്കൂലി നല്കാന് തയാറല്ലത്തവരുടെ ഫയലുകള്‍ മുക്കുന്നതും പതിവാണ്. ഇക്കൂട്ടര്‍ നിരവധി പ്രാവശ്യം ഓഫീസില്‍ കയറിയിറങ്ങി കണ്ടെടുക്കുന്ന ഫയല്‍ പ്രശ്നങ്ങള്‍ പരിപരിച്ച് തീര്‍പ്പാക്കുന്നതിന് വര്‍ഷങ്ങള്‍ തന്നെ എടുക്കാറുമുണ്ടെന്നു പറയുന്നു..താലൂക്ക് വികസന സമിതിയികളില് താലൂക്ക് ഓഫീസില്‍ നടക്കുന്ന പകല്ക്കൊളളയെ സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. പക്ഷെ ഉന്നതരുടെ ഇടപെടീല്‍ മൂലം നടപടികള്‍ ഒന്നുംതന്നെ ഉണ്ടായിട്ടില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: