അഗളി: സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ നടത്തിയ അദാലത്തിലും തെളിവെടുപ്പിലും 70 അപേക്ഷകള്‍ ലഭിച്ചു. 57 പരാതികളില്‍ തീര്‍പ്പ് കല്‍പ്പിച്ചു. രാജ്യത്ത് ആദ്യമായാണ് ഗോത്രവര്‍ഗ മേഖലയില്‍ കമ്മീഷന്‍ ഇത്തരത്തില്‍ അദാലത്ത് നടത്തുന്നത്.
കമ്മീഷന്‍ ചെയര്‍മാന്‍ ജഡ്ജ് പി.എന്‍.വിജയകുമാര്‍, കമ്മീഷന്‍ അംഗങ്ങളായ എഴുകോണ്‍ നാരായണന്‍ മുന്‍ എം.എല്‍.എ, അഡ്വ.കെ.കെ. മനോജ് എന്നിവരടങ്ങിയ ഫുള്‍ കമ്മീഷനാണ് സിറ്റിങ് നടത്തിയത്. ഫുള്‍ കമ്മീഷന്‍ അദാലത്തില്‍ പരാതികള്‍ സ്വീകരിക്കുകയും ഉടന്‍ തന്നെ വിധി പറയുകയും ചെയ്തു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് അദാലത്ത് നടത്തിയത്. അദാലത്ത് ഇന്ന് (നവംബര്‍ 25) തുടരും.
അപേക്ഷകള്‍ സ്വീകരിച്ച കമ്മീഷന്‍ അംഗങ്ങള്‍ ബന്ധപ്പെട്ട ഉദേ്യാഗസ്ഥരോട് വിശദീകരണം തേടുകയും വിധിന്യായം പുറപ്പെടുവിക്കുകയുമായിരുന്നു. ജില്ലാ കലക്ടര്‍ കെ. രാമചന്ദ്രന്‍, ഐ.ടി.ഡി.പി. പ്രൊജക്ട് ഓഫീസര്‍ ചന്ദ്രശേഖരന്‍, അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ വി.ആര്‍. മധു, മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ പി. ഗോപാലകൃഷ്ണന്‍, ചൈല്‍ഡ് ഡവലപ്‌മെന്റ് ഓഫീസര്‍ മായാലക്ഷ്മി, ഐ.എം.എസ്. ഡി.വൈ. എസ്.പി ബാബുരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
ആദിവാസി മേഖലയിലും വയനാട് ഊരുകളിലും നിരന്തര ജാഗ്രത പുലര്‍ത്തുന്നതിനും പട്ടികജാതി പട്ടിക ഗോത്രവര്‍ഗ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ അതത് മാസങ്ങളില്‍ വിലയിരുത്തുന്നതിനും പരാതികള്‍ കേട്ട് തീര്‍പ്പ് കല്‍പ്പിക്കുന്നതിനും കമ്മീഷന്‍ എല്ലാ മാസവും അട്ടപ്പാടി, മാനന്തവാടി എന്നിവിടങ്ങളില്‍ രണ്ട് ദിവസം വീതം സിറ്റിങ് നടത്തുന്നതിന് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് അദാലത്ത് നടത്തിയത്.
കമ്മീഷന്‍ നാളെ ചിറ്റൂര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ഹാളില്‍ ഫുള്‍ കമ്മീഷന്‍ സിറ്റിങ് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: