പാലക്കാട്: കെഎസ്ആര്‍ടിസി ബസിടിച്ച് മരിച്ചതിനെതുടര്‍ന്ന് വിദ്യാര്‍ഥികളും നാട്ടുകാരും ചേര്‍ന്ന് രണ്ടരമണിക്കൂറോളം കോളേജ് റോഡ് ഉപരോധിച്ചു. കോളേജിന് മുന്നിലെ അപകടകരമായ വലിയ വളവാണ് വിദ്യാര്‍ഥിനി മരിക്കാനിടയായ സാഹചര്യം. ഡിവൈഡറുകളില്ലാതെ അശാസ്ത്രീയമായ ട്രാഫിക് സംവിധാനത്തില്‍ പ്രതിഷേധിച്ച് വിക്ടോറിയ കോളേജിന് മുന്നില്‍ രണ്ടരമണിക്കൂറോളം റോഡുപരോധം സംഘടിപ്പിച്ചത്. കോളേജിലെ രണ്ടാം വര്‍ഷ എക്കണോമിക്‌സ് വിദ്യാര്‍ഥിയും യുവകവയിത്രിയുമായ വിനീതയാണ് ഇന്നലെ കെഎസ്ആര്‍ടിസി ബസിടിച്ച് മരിച്ചത്. ഇതില്‍ പ്രതിഷേധിച്ച് കോളേജിലെ വിദ്യാര്‍ഥികളും യുവജനസംഘടനകളും നാട്ടുകാരും ചേര്‍ന്ന് റോഡുപരോധിക്കുകയായിരുന്നു.
ബസുകളുടെ അമിതവേഗവും ഡ്രൈവറുടെ അശ്രദ്ധയും മൂലം ജിവന്‍ നഷ്ടമായ ഗവ.വിക്‌ടോറിയ കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി വിനീതയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എബിവിപി ജില്ലാകമ്മറ്റി ആവശ്യപ്പെട്ടു. ബസ് ഡ്രൈവറെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. അശാസ്ത്രീയമായ ട്രാഫിക് പരിഷകരണവും അശ്രദ്ധമായ ഡ്രൈവിങ്ങും മൂലം വിദ്യാര്‍ത്ഥിനിയുടെ ജീവന്‍ നഷ്ടമാക്കിയ അധികാരികളുടെ തലതിരിഞ്ഞ നയങ്ങളില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനവും കലക്ടറേറ്റിലേക്ക് മാര്‍ച്ചും നടത്തി.
കോളേജിന് മുന്നിലൂടെ പോകുന്ന സംസ്ഥാനപാത അഞ്ചോളം പ്രാധാന വിദ്യാഭ്യാസ കേന്ദ്രങ്ങളുള്ള മേഖലയാണ്. അങ്ങനെയുള്ള ഭാഗത്ത് യാതൊരു സുരക്ഷസംവിധാനവുമൊരുക്കാത്തതിനാലാണ് ഇത്തരം അപകടങ്ങളുണ്ടാകുന്നതെന്നാരോപിച്ച് യുവജനസംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. നൂറകണക്കിന് വിദ്യാര്‍ഥിനികളുള്‍പ്പടെ വിദ്യാര്‍ഥികള്‍ നടുറോഡില്‍ കുത്തിയിരുന്നു ഉപരോധം തീര്‍ത്തു. പിംഎംജി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഗവ. മോയന്‍ സ്‌കൂളിന് സമീപം ഉപരോധം തീര്‍ത്തതോടെ നഗരത്തില്‍ വന്‍ ഗതാഗതക്കരുക്കുണ്ടായി. തുടര്‍ന്ന് കോളേജ് റോഡിലൂടെ പോകേണ്ട വാഹനങ്ങളെ താരേക്കാട്-കൊപ്പം വഴി തിരിച്ച് വിടുകയായിരുന്നു.
സംഭവമറിഞ്ഞ് ടൗണ്‍ നോര്‍ത്ത് സിഐ ആര്‍ ഹരിപ്രസാദ്, എസ്‌ഐ എം സുജിത് എന്നിവര്‍ കോളേജ്‌വിദ്യാര്‍ഥികള്‍, അധ്യാപകരുമായി ചര്‍ച്ചചെയ്തു വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്നേറ്റു. കോളേജിന് മുന്നില്‍ നൂറടിറോഡിലേക്ക് തിരിയുന്ന ഭാഗത്ത് താല്‍ക്കാലികമായി ഡിവൈഡറുകള്‍ സ്ഥാപിച്ചു. തുടര്‍ന്ന് ബിജെപി നേതാവ് എന്‍ ശിവരാജന്‍, സിപി ജില്ല സെക്രട്ടറി സി കെ രാജേന്ദ്രന്‍, ജനപ്രതിനിധികളായ ഷാഫി പറമ്പില്‍, ടി.എന്‍ കണ്ടമുത്തന്‍, നഗരസഭ ചെയര്‍മാന്‍ പി.വി. രാജേഷ് എന്നിവര്‍ സംഭവസ്ഥലത്തെത്തി വിദ്യാര്‍ഥികളുമായി സംസാരിച്ചു. എത്രയും പെട്ടെന്ന് ഈ റോഡിലെ അപരിഷ്‌കൃതമായ ഗതാഗതസംവിധാനം ഒഴിവാക്കി ശാശ്വതമായ സംവിധാനം കൊണ്ടുവരാന്‍ ഇടപെടുമെന്ന് ഇവര്‍ ഉറപ്പുനല്‍കി.
ജില്ല ആശുപത്രിയില്‍ പോസ്റ്റ്മാര്‍ട്ടം ചെയ്ത് വിനിതയുടെ മൃതദേഹം കോളേജില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ നൂറുകണക്കിന് വിദ്യാര്‍ഥികളും നാട്ടുകാരും ആദരാഞ്ജലി അര്‍പ്പിച്ചു. ചളവറ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപിക സ്‌നേഹലതയാണ് വിനിതയുടെ മാതാവ്. സഹോദരി വിനയ ചളവറ ഹയര്‍സെക്കണ്ടറി പത്താംതരം വിദ്യാര്‍ഥിനി. അച്ഛന്‍ വിജയകുമാര്‍ വിദേശത്താണ്. ഇന്ന് അദ്ദേഹം വീട്ടിലെത്തിയ ശേഷമേ മൃതദേഹം സംസ്‌കരിക്കുകയുള്ളൂ. കുട്ടികളിലെ സര്‍ഗാത്മകതക്കുള്ള ഭാരതത്തിലെ ഏറ്റവും ഉയര്‍ന്ന അംഗീകാരമായ കുട്ടികളുടെ പത്മശ്രീ എന്നറിയപ്പെടുന്ന ബാലശ്രീ അവാര്‍ഡ് നേടിയ വിദ്യാര്‍ഥിനിയാണ് വിനീത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: