കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ ദുരന്തം കേരളത്തില്‍ വരുത്തിവയ്ക്കരുതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ സി.ആര്.മഹേഷ്. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയും കുചേലന്മാരായെത്തി കുബേരന്മാരായി മാറിയ രാഷ്ട്രീയനേതാക്കള്‍ക്കെതിരെ അനങ്ങാപ്പാറനയം സ്വീകരിക്കുന്നതും ജനം തിരിച്ചറിയുന്നുണ്ടെന്നും ഈ പോക്കുപോയാല്‍ ദേശീയരാഷ്ട്രീയത്തിലെ പരാജയമാകും കോണ്‍ഗ്രസിന് കേരളത്തില്‍ സംഭവിക്കാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരത്തേക്കാള് കൂടുതല്‍ സമ്പത്തുള്ള രാഷ്ട്രീയനേതാക്കള്‍ കേരളത്തിലുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് നടത്തിയ അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. മറ്റു പാര്‍ട്ടികളിലുംപെട്ട നേതാക്കള്‍ ഇതിലുള്‍പ്പെടുന്നുണ്ട്. വിവിധ പാര്‍ട്ടിക്കാരില്‍ നിന്നും അവരുടെ യുവനേതാക്കളില്‍ നിന്നുമാണ് വിവരങ്ങള്‍ ശേഖരിച്ചത്. ഇത്തരത്തില്‍ കളങ്കിതരും അഴിമതിക്കാരുമായ അനധികൃത സ്വത്തുസമ്പാദകരുടെ ലിസ്റ്റ് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന് കൈമാറാനാണ് തീരുമാനം. ജനപക്ഷയാത്ര സമാപിക്കുന്നതിനുമുമ്പ് ഈ ലിസ്റ്റ് കൈമാറും. അഴിമതിയെ ചെറുക്കാന്‍ യൂത്ത് കോണ്‍ഗ്രസ് അഴിമതിവിരുദ്ധസെല് ഊര്‍ജ്ജിതപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.
വില്ലേജ് ഓഫീസ് മുതല്‍ സെക്രട്ടേറിയറ്റ് വരെ വിവിധ വകുപ്പുകളില്‍ നടക്കുന്ന അഴിമതി തടയാനും ഇത്തരം ഉദ്യോഗസ്ഥരെ നിരീക്ഷിക്കാനും സെല്ലിന് പ്രവര്‍ത്തകരുണ്ടാകും. ഭയം കൊണ്ട് പരാതി നല്കാന് മടിക്കുന്ന ജനങ്ങളുടെ പരാതികള്‍ ഏറ്റെടുത്ത് രഹസ്യമായി അധികൃതരുടെ ശ്രദ്ധയില്കൊണ്ടുവരികയാണ് സെല്ലിന്റെ ഉദ്ദേശ്യമെന്നും സി.ആര്.മഹേഷ് പറഞ്ഞു.
അഴിമതി നടത്തി അവിഹിത സ്വത്ത് സമ്പാദിച്ച് കോടീശ്വരന്മാരായ രാഷ്ട്രീയനേതാക്കളുടെയും മാറിമാറിവരുന്ന സര്‍ക്കാരുകളില്‍ സ്വാധീനം ചെലുത്തി സ്വത്ത് സമ്പാദിക്കുന്ന ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥരുടെയും ഇടപാടുകളും രഹസ്യങ്ങളും വിജിലന്‍സ് അന്വേഷിക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം.
പല നേതാക്കള്‍ക്കും അന്യസംസ്ഥാനങ്ങളില്‍ ബിനാമി പേരുകളില്‍ ഭൂമി ഉണ്ടെന്നും ഉന്നതനേതാക്കളുടെ മക്കള്‍ കളങ്കിതവ്യവസായികളുടെ തണലില്‍ വിദേശരാജ്യങ്ങളില്‍ ബിസിനസ് നടത്തുകയാണെന്നും മഹേഷ് ആരോപിച്ചു. ഒരു വിഭാഗം രാഷ്ട്രീയനേതാക്കളുടെ അടിക്കടിയുള്ള വിദേശപര്യടനങ്ങള്‍ ജനങ്ങള്‍ സംശയത്തോടെയാണ് കാണുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: