കുമളി:മുല്ലപ്പെരിയാര്‍ ഡാമില്‍ കേരളപൊലീസിന്റെ എണ്ണം കൂട്ടാന്‍ തിരുമാനമായി. ഇന്നലെ ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം. തമിഴ് നാട് പൊലീസിനെയും സി.ആര്.പി.എഫിനെയും നിയോഗിക്കണമെന്ന തമിഴ്നാടിന്റെ ആവശ്യം കേരളം അംഗീകരിച്ചില്ല.
ഡാമില്‍ സന്ദര്‍ശനം നടത്തുന്നവരുടെ വിശദവിവരം ശേഖരിക്കുന്നതിനായി രജിസ്ട്രേഷന് ഏര്‍പ്പെടുത്തും. ബേബിഡാമിന്റെ സ്വീപേജിന്റെ അളവ് തിട്ടപ്പെടുത്തുന്നതിനായി വെള്ളം ഒഴുകുന്ന സ്ഥലത്ത് പാത്തിനിര്മ്മിക്കാന് തീരുമാനമായി. കേരളത്തിന് സ്വീപേജ് വെള്ളത്തിന്റെ രാസപരിശോധന കൊച്ചിയിലും കോയമ്പത്തൂരിലുമായി നടത്തുന്നതിനും തീരുമാനിച്ചു.
142 അടിയായി ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഡാം സുരിക്ഷിതമെന്ന് മേല്‍നോട്ട സമിതി ചെയര്മാന് എല്‍.എ.വി.നാഥന് അവകാശപ്പെട്ടു. എന്നാല്‍ സമിതി ചെയര്‍മാന്റെ പ്രവര്‍ത്തനങ്ങളില്‍ വിശ്വാസം നഷ്ട്ടപ്പെട്ടതായി കേരള പ്രതിനിധി വി.ജെ.കുര്യന് പറഞ്ഞു. രാവിലെ ഡാം സന്ദര്‍ശന ശേഷം മേല്‍നോട്ട സമിതിക്കായി കുമളി വലിയകണ്ടത്തുള്ള ഓഫീസിലായിരുന്നു യോഗം.
കേരളത്തിന്റെ പ്രതിനിധിയായ അഡീഷണല്‍ ചീഫ് സെക്രട്ടറി വി.ജെ.കുര്യന്, ചീഫ് എഞ്ചിനീയര്‍ പി.ലതിക, ഏക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജോര്‍ജ് ദാനിയല്‍,അഡീഷണല്‍ ഏക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പ്രസീത്, ചെയര്മാന് എല്‍.എ.വി.നാഥന്, സായ്കുമാര് തുടങ്ങിയവര്‍ പങ്കെടുത്തു. ഇപ്പോള്‍ ഡാമില്‍ 141 അടി ജലമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: