തിരൂര്‍(മലപ്പുറം):സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിന് മലയാള ഭാഷാപിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ മണ്ണായ തിരൂര്‍ ഒരുങ്ങി. 26 മുതല്‍ 30 വരെയാണ് സ്കൂള്‍ ശാസ്ത്രോത്സവം നടക്കുന്നത്. തിരൂര്‍ ഗവ. ബോയ്സ് ഹയര്‍സെക്കണ്ടറി സ്കൂളാണ് പ്രധാന വേദി.
താനൂര്‍ ദേവദാര്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍, നിറമരുതൂര്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍, ആലത്തിയൂര്‍ സ്കൂള്‍, തിരൂര്‍ സീതി സാഹിബ് മെമ്മോറിയല്‍ പോളിടെക്നിക് കോളേജ് എന്നിവിടങ്ങളാണ് മറ്റുവേദികള്‍. വൊക്കേഷണല്‍ എക്സ്പോ, കരിയര്‍ ഫെസ്റ്റ് എന്നിവ തിരൂര്‍ ഗവ. ബോയ്സ് ഹയര്‍സെക്കണ്ടറി സ്കൂളിലും ശാസ്ത്ര നാടക മത്സരങ്ങള്‍ തിരൂര്‍ തുഞ്ചന്‍പറമ്പിലും നടക്കും. മേളയുടെ ഭാഗമായി സംസ്ഥാന തല ഫോട്ടോഗ്രഫി, പ്രശ്നോത്തരി മത്സരങ്ങള്‍, ശാസ്ത്ര സെമിനാറുകള്‍ എന്നിവയും നടക്കും.
26ന് രാവിലെ 9.30ന് ഡിപിഐ ഇന്‍ ചാര്‍ജ്ജ് എല്‍. രാജന് പതാക ഉയര്‍ത്തും. തുടര്‍ന്ന് 10.30 മുതല്‍ രജിസ്ട്രേഷന്. 27ന് രാവിലെ 10ന് തിരൂര്‍ ഗവ. ബോയ്സ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയര്മാന് സി. മമ്മൂട്ടി എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. സി.വി രാമന് ഉപന്യാസ രചനാ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്യും. രാവിലെ 9.30 മുതല്‍ മത്സരവിഭാഗങ്ങളുടെ മൂല്യനിര്‍ണ്ണയവും പ്രദര്‍ശനവും ആരംഭിക്കും. ശാസ്ത്രോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടുന്ന ജില്ലക്ക് 125 പവന്റെ സ്വര്‍ണ്ണക്കപ്പ് സമ്മാനിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കപ്പിന്റെ പണി പൂര്‍ത്തിയാകാത്തതിനാല്‍ മാതൃകയായിരിക്കും സമ്മാനിക്കുക. സ്വര്‍ണ്ണക്കപ്പ് പണിപൂര്‍ത്തിയാക്കി മറ്റൊരു ചടങ്ങില്‍ വെച്ച് സമ്മാനിക്കും.
അഞ്ചു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശാസ്ത്ര പ്രതിഭകള്‍ പങ്കെടുക്കും. ശാസ്ത്രോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകസമിതി ചെയര്മാന് സി. മമ്മൂട്ടി എംഎല്‍എ പത്രസമ്മേളനത്തില്‍ അറിയിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ. സഫിയ ടീച്ചര്‍, ജില്ലാ പഞ്ചായത്ത് അംഗം വെട്ടം ആലിക്കോയ, ഡിഇഒ കെ.കെ കമലം, ഡിഡിഇ പി.കെ ജയന്തി, പബ്ലിസിറ്റി കമ്മറ്റി കണ്‍വീനര്‍ വി. ഉണ്ണികൃഷ്ണന് മാസ്റ്റര്‍, കെ. രാജേന്ദ്രന് മാസ്റ്റര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
ശാസ്ത്രോത്സവത്തിന്റെ വിളംബരഘോഷയാത്ര ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നിന് തിരൂര്‍ ബസ്സ്റ്റാന്റ് പരിസരത്തുനിന്നും ആരംഭിച്ച് പ്രധാന വേദിയായ ബോയ്സ് സ്കൂള്‍ ഗ്രൗണ്ടില്‍ സമാപിക്കും. ശാസ്ത്രോത്സവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഫോണ്‍ വഴി അറിയുന്നതിന് 0494 – 2433020(തിരൂര്‍ എസ്എസ്എം പോളിടെക്നിക്ക് കോളേജ്), 9895068336(ശാസ്ത്രോത്സവം സെക്ഷന്‍, ഡിപിഐ ഓഫീസ്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: