ചെറുതോണി : ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനം കാലാതീതമാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ അഭിപ്രായപ്പെട്ടു.
കുളമാവ്എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗുരുദര്‍ശനം 2014-ല്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. ഇതര മതവിഭാഗങ്ങള്‍ ഹിന്ദു സംസ്കാരം തെറ്റാണെന്നും തങ്ങളുടെ മതമാണ് മെച്ചപ്പെട്ടതെന്നുമുള്ള വിലകുറഞ്ഞ പ്രചാരണമാണ് നടത്തുന്നത്.
ഹിന്ദുവിഭാഗത്തെ അധിക്ഷേപിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നത്. മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്റെ പേരില്‍ മണ്ഡലകാലം ആരംഭിക്കുന്ന നാളുകളില്‍ കുമളിയില്‍ സമര കോലാഹലമാണ് അരങ്ങേറുന്നത്. ഇത്തരത്തിലുള്ള സമരം സംശയാസ്പദമാണ്.
കുമളി വഴി അന്യ സംസ്ഥാനത്തുനിന്നും എത്തുന്ന ഭക്തരെ നിരുത്സാഹപ്പെടുത്തുക എന്ന തന്ത്രമാണ് മുല്ലപ്പെരിയാറില്‍ നടത്തുന്നതെന്നും ശശികല ടീച്ചര്‍ പറഞ്ഞു. സംഘടിച്ച് നിന്നാലേ ഹിന്ദുക്കള്‍ക്ക് സാമ്പത്തിക അടിത്തറയുണ്ടാകുകയുള്ളൂ.
ശ്രീനാരായണ ഗുരുദേവന് ഇത്തരത്തിലുള്ള മാര്‍ഗമാണ് പകര്‍ന്ന് തന്നത്. കേരളത്തിലെ 66 നിയോജകണമണ്ഡലങ്ങളില് ഹിന്ദുവിഭാഗത്തിന് ഭൂരിപക്ഷമുണ്ട്. എന്നാല്‍ ന്യൂനപക്ഷം ഭൂരിപക്ഷത്തെ ഭരിക്കുന്ന സ്ഥിതിയാണ് ഇന്ന് നിലനില്‍ക്കുന്നതെന്നും ടീച്ചര്‍ ചൂണ്ടിക്കാട്ടി.
ഇടുക്കി എസ്.എന്‍.ഡി.പി യൂണിയന് പ്രസിഡന്റ് പി.രാജന്, ഹിന്ദു ഐക്യവേദി ജില്ല പ്രസിഡന്റ് സ്വാമി ദേവചൈതന്യ, അജിത് കുമാര്‍, പി.കെ വിജയന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: