കാഞ്ഞങ്ങാട്:’മീനാപ്പീസ് കടപ്പുറത്തെ അഭിലാഷിന്റെ കൊലപാതകത്തിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തൃപ്തികരമല്ലെങ്കില്‍ സിബിഐയെ ആവശ്യപ്പെടുമെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് എന്‍.പി.രാധാകൃഷ്ണന് പറഞ്ഞു. അഭിലാഷ് കൊലപാതകത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്നാവശ്യപ്പെട്ട് പുതിയകോട്ടയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിനകത്ത് ദുരൂഹതയുണ്ട്. കഥകള്‍ മെനഞ്ഞെടുത്ത് കൊലപാതകത്തെ പോലീസ് ചെറുതാക്കാന്‍ നേക്കേണ്ട. കേസില്ലാതാക്കാന്‍ പണം കൊടുത്ത് പ്രശ്നങ്ങള്‍ ഒതുക്കി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായും അദ്ദേഹം പറഞ്ഞു. പോലീസ് കൊലപാതകത്തെ വെള്ളപൂശാനാണ് ശ്രമിക്കുന്നതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് സമ്പര്‍ക്ക പ്രമൂഖ് എ.വേലായുധന് പറഞ്ഞു. അഭിലാഷിന്റെ കൊലയ്ക്ക് പിന്നിലെ ദുഷ്ടശക്തികളെ സമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടുമെന്നും അദ്ദേഹം പറഞ്ഞു.
വെള്ളക്കെട്ടില്‍ അഭിലാഷിന് വേണ്ടി തെരച്ചില്‍ നടത്തിയ ആള് മദ്യപിച്ചിരുന്നുവെന്ന പോലീസിന്റെ വാദം പൊള്ളയാണെന്ന് മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. സംഭവ സ്ഥലത്തിന് തൊട്ടടുത്തുള്ള ഫയര്‍ഫോഴ്സ് സേവനം അന്നുരാത്രി എന്തുകൊണ്ട് ഉപയോഗപ്പെടുത്തിയില്ലെന്ന് പോലീസ് പറയണം. ഇതിന്റെ പിന്നില്‍ കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ട്. അഭിലാഷിന്റെ കൊലപാതകത്തിലെ അവസാന കണ്ണികളെ കൂടി പുറത്തുകൊണ്ടുവരുന്നതുവരെ സമരം ചെയ്യും. ആവശ്യമെങ്കില്‍ സിബിഐ അന്വേഷണവും ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
മകന്റെ മരണം മൂലം സര്‍വ്വ പ്രതീക്ഷയും തകര്‍ന്ന കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദുഐക്യവേദി താലൂക്ക് കണ്‍വീനര്‍ ജയകൃഷ്ണന് പൂച്ചക്കാട് സ്വാഗതവും ആര്‍എസ്എസ് താലൂക്ക് സഹകാര്യവാഹ് വി.ഗോവിന്ദന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: