ആലത്തൂര്‍: ശബരിമല തീര്‍ത്ഥാടകരുടെ ഇടത്താവളമായ മിനിപമ്പ എന്നറിയപ്പെടുന്ന വടക്കഞ്ചേരി രിമംഗലംപാലത്ത് കൂടുതല്‍ സൗകരയമൊരുക്കണമെന്ന് ആവശ്യമുയര്‍ന്നു. ഗോവിന്ദാപുരം വഴിയുള്ള തമിഴ്നാട്, ആന്ധ്ര തീര്‍ത്ഥാടകര്‍ വിശ്രമകേന്ദ്രമായി തിരഞ്ഞെടുക്കുന്ന ഇവിടെ പ്രാഥമികകൃത്യങ്ങള്‍ക്ക് വരെ സൗകര്യമില്ല. അന്യസംസ്ഥാന തീര്‍ത്ഥാടകര്‍ പുഴയോരത്തും റോഡരികിലും വിസര്‍ജിക്കുന്നത് പരിസരവാസികളുടെ ആരോഗ്യത്തെ ബാധിക്കുന്നതായി പരാതിയുയര്‍ന്നു.
വിസര്‍ജ്യം വഴി മംഗലംപുഴ മലിനമാകുന്നത് തടയുന്നതിന് നടപടിയെടുക്കണമെന്ന ആവശ്യവും ശക്തമാണ്. പുഴവെള്ളത്തില്‍ മനുഷ്യര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന ക്വാളിഫോം ബാക്ടീരിയയുടെ അളവ് മുന്നൂറ് ഇരട്ടിയാണെന്ന് നേരത്തെ ആരോഗ്യവകുപ്പ്പരിശോധനയില് കണ്ടെത്തിയിരുന്നു. ഇതു തടയുന്നതിനു അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
മംഗലംപുഴ സ്രോതസാക്കി നിരവധി കുടിവെള്ളപദ്ധതികള്‍ ഉള്ളതിനാല്‍ പുഴവെള്ളം മലിനമാകുന്നത് ഏറെ ഗൗരവമായി കാണണം. വയറിളക്കം, ശാരീരിക അസ്വസ്ഥതകള്‍ തുടങ്ങിയവയാണ് വെള്ളത്തില്‍ ക്വാളിഫോം ബാക്ടീരിയ കൂടുതലാകുന്നതിന്റെ പ്രാരംഭലക്ഷണങ്ങള്‍. പിന്നീട് രോഗം മൂര്‍ച്ഛിച്ച് മരണംവരെ സംഭവിക്കാവുന്ന സ്ഥിതിയുണ്ടാകും.
മനുഷ്യരുടെ മലവിസര്‍ജ്യത്തിലൂടെയാണ് ക്വാളിഫോം ബാക്ടീരിയ വെള്ളത്തില്‍ കലരുന്നത്. ശബരിമല സീസണായാല്‍ മംഗലംപാലത്ത് മലവിസര്‍ജനം വ്യാപകമാണ്. അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള തീര്‍ഥാടകരാണ് മംഗലംപാലം ജംഗ്ഷനിലെ ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ മലവിസര്‍ജനം നടത്തുന്നത്. റോഡുകളുടെ ഇരുവശങ്ങളിലും മലവിസര്‍ജ്യം നിറയും. തീര്‍ഥാടകരുടെ തിരക്ക് തുടങ്ങിയതോടെ ഇനി വഴിനടക്കാന്‍പോലും കഴിയില്ല.
വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ വിസര്‍ജ്യം ശരീരത്തിലേക്കു തെറിച്ചും പ്രശ്നങ്ങളുണ്ടാകാറുണ്ട്. മഴ പെയ്താല്‍ വിസര്‍ജ്യമെല്ലാം പുഴയിലേക്ക് ഒഴുകും. റോഡുകളിലും മറ്റു തുറസായ സ്ഥലങ്ങളിലും മല-മൂത്രവിസര്‍ജനം നടത്തുന്നതു തടയാന്‍ ഇനിയും അധികൃതര്‍ നടപടിയെടുത്തിട്ടില്ല. പൊതു ശൗചാലയങ്ങള്‍ നിര്‍മിച്ച് ഇതിനു പരിഹാരം കാണണമെന്ന ആവശ്യത്തിനും പഞ്ചായത്ത് തയാറാകുന്നില്ല എന്നതാണ് ജനങ്ങളുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: