തൃശൂര്‍: കണിമംഗലത്ത് വൃദ്ധദമ്പതികളെ ആക്രമിച്ച് കവര്‍ച്ച നടത്തുകയും ഗൃഹനാഥന് കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞപ്പോള്‍ പോലീസും അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്നു. പ്രൊഫഷണല്‍ തമിഴ് കവര്‍ച്ചാസംഘങ്ങളെയും പ്രാദേശിക ഗുണ്ടകളെയും കേന്ദ്രീകരിച്ച് നടന്ന അന്വേഷണം ചെന്നെത്തിയത് അയല്‍ക്കാരിയിലേക്ക്. നഗരത്തെ ഞെട്ടിച്ച കൊലപാതകത്തിലെ പ്രതികളുടെ പേരുകള്‍ പുറത്തറിഞ്ഞപ്പോള്‍ നാട്ടുകാരിലും അമ്പരപ്പ് വ്യാപിച്ചു. കുടുംബവുമായി അടുത്ത ബന്ധമുള്ള അയല്‍വീട്ടിലെ ഷൈനിയാണ് കാമുകന്റെ സഹായത്തോടെ കവര്‍ച്ച ആസൂത്രണം ചെയ്തത്.
കണിമംഗലം വേലുപ്പറമ്പില്‍ വീട്ടില്‍ പരേതനായ ജോര്‍ജ്കുട്ടിയുടെ ഭാര്യ ഷൈനി, കാമുകന് മനോജ്, ഷൈനിയുടെ 17 വയസുള്ള മകന്, 16 വയസുള്ള കൂട്ടുകാരന് എന്നിവരെ തൃശൂര്‍ സിറ്റി പോലീസ് മേധാവി ജേക്കബ് ജോബിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റു ചെയ്തതോടെയാണ് കവര്‍ച്ചയുടെയും കൊലപാതകത്തിന്റെയും ചുരുളഴിഞ്ഞത്.
ആര്‍ക്കും സംശയംതോന്നാത്ത വിധത്തിലായിരുന്നു ഷൈനിയുടെ പെരുമാറ്റം. കവര്‍ച്ച നടത്തിയ ശേഷം ഈ വീട്ടിലേക്ക് ആദ്യം ഓടിയെത്തിയതും പരിക്കേറ്റു കിടന്നിരുന്ന ദമ്പതിമാര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്കിയതുമൊക്കെ ഷൈനിയായിരുന്നു. പോലീസിനോടും മാധ്യമപ്രവര്‍ത്തകരോടും എല്ലാ വിവരങ്ങളും അറിയിക്കുന്നതിനും മുന്നിട്ടു നിന്നത് ഷൈനിയാണ്. വിന്‍സന്റിന്റെ മരണവാര്‍ത്തയറിഞ്ഞപ്പോഴും ഇവര്‍ ഏറെ ദു:ഖം പ്രകടിപ്പിച്ചു. മോഷ്ടാക്കള്‍ക്ക് പണമോ സ്വര്‍ണമോ എടുത്തുകൊണ്ടുപോയാല്‍ പോരെ ഇങ്ങിനെ ആളുകളെ കൊല്ലണോ എന്നും ഷൈനി പലരോടും പറഞ്ഞിരുന്നു.
പരിക്കേറ്റ വിന്‍സന്റിനെ ഓട്ടോയില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ മകനോട് നിര്‍ദ്ദേശിച്ചതും ഷൈനിയാണ്. ലില്ലി ടീച്ചറുടെ കരച്ചില് കേട്ടാണ് താന്‍ വീട്ടിലേക്ക് ഓടിയെത്തിയതെന്ന് ഷൈനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. പോലീസിനോ മാധ്യമപ്രവര്‍ത്തകര്‍ക്കോ യാതൊരു സംശയത്തിനും ഇട നല്‍കാത്ത വിധമായിരുന്നു ഷൈനിയുടെ പെരുമാറ്റം. എന്നാല്‍ തെളിവുസഹിതം പോലീസ് ചോദ്യം ചെയ്തതോടെ ഷൈനി എല്ലാം തുറന്ന് പറയുകയായിരുന്നു.
പെട്ടെന്ന് പണം കണ്ടെത്തുന്നതിനായാണ് ഷൈനി കാമുകനെയും മകനെയും കൂട്ടി കവര്‍ച്ചക്കിറങ്ങിയത്. വിധവയായ ഷൈനിയും മനോജും ഏഴ് വര്‍ഷത്തോളമായി അത്താണിയിലും മറ്റും പാര്‍ട്ണര്‍ഷിപ്പ് ആയി ഹോട്ടല്‍, തുണിക്കട ബിസിനസ് നടത്തി വരികയായിരുന്നു. ബിസിനസ് നഷ്ടത്തിലായതിനെ തുടര്‍ന്ന് സാമ്പത്തിക പരാധീനതയില്‍ പെട്ട ഇരുവരും കവര്‍ച്ച ആസൂത്രണം ചെയ്യുകയായിരുന്നു. അയല്‍വാസികളായ ലില്ലി ടീച്ചറും ഭര്‍ത്താവ് വിന്‍സന്റുമായി നല്ല ബന്ധത്തിലായിരുന്ന ഷൈനി തന്നെയാണ് പദ്ധതി പ്ലാന്‍ ചെയ്തത്.
ഷൈനിയുടെ പിന്തുണയും പ്രേരണയും മൂലം മനോജ് ഷൈനിയുടെ മകന്റെയും മകന്റെ കൂട്ടുകാരന്റെയും സഹായത്തോടെ കവര്‍ച്ച നടപ്പാക്കുകയായിരുന്നു. അറസ്റ്റിലായ പ്രതികളില്‍ നിന്ന് പണവും ആഭരണങ്ങളും പോലീസ് കണ്ടെടുത്തു. മനോജിനെ ഒല്ലൂരില്‍ നിന്നും ഷൈനിയെ കണിമംഗലത്തുനിന്നുമാണ് അറസ്റ്റു ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: