ശറഫിയ ലൂത്ത്വെയ്റ്റിനെ അറിയുമോ, പോട്ടെ, വെളുത്ത വിധവയെ അറിയുമോ? സഹതാപമാണ് അങ്ങനെ കേള്‍ക്കുമ്പോള്‍ തോന്നേണ്ടത്, പക്ഷേ ഭീകരതയെക്കുറിച്ച് കേട്ടിട്ടുള്ളവര്‍ക്ക് ആ പേര് ഞെട്ടലുണ്ടാക്കും.
ഇന്ന് ലോക കുറ്റാന്വേഷണ ഏജന്‍സികള്‍ ഏറ്റവുമധികം തേടുന്ന സ്ത്രീകളില്‍ ഒരാളാണ് അവര്‍. ഒരിടവേളയ്ക്കുശേഷം വെളുത്ത വിധവ വീണ്ടും വാര്‍ത്തയില്‍ നിറയുകയാണ്. ആശങ്കപ്പെടുത്തുന്നതും ആകാംക്ഷനിറഞ്ഞതുമായ വാര്‍ത്തകളാണ് ഇവരെക്കുറിച്ച് പുറത്തുവരുന്നത്.
30 വയസുകാരിയായ സാമന്ത വടക്കന്‍ അയര്‍ലന്റ് സ്വദേശിയാണ്. നാലു കുട്ടികളുടെ അമ്മ. ഭീകരത നിറഞ്ഞ സാമന്തയുടെ ജീവിതം ലോകത്തിനു പരിചിതവുമാണ്.
യുക്രൈന് സേനയ്ക്കൊപ്പം റഷ്യന്‍ വിരുദ്ധ പോരാട്ടത്തിനിടെ സാമന്ത കൊല്ലപ്പെട്ടെന്ന് മോസ്കോയിലെ റീഗ്നം വാര്‍ത്താ ഏജന്‍സി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വാര്‍ത്ത വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ എല്ലാവരെയും അമ്പരിപ്പ് പുതിയ വാര്‍ത്ത പരന്നു. അല്‍ഖ്വയ്ദ ഭീകര സംഘടനയില്‍ അംഗമായ ഭര്‍ത്താവിനൊപ്പം സാമന്ത ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയിലുണ്ടെന്നാണ് കെനിയയില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ട്.
ഇവര്‍ മരിച്ചതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സി പറഞ്ഞെങ്കിലും മൃതദേഹത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടാതിരുന്നത് സംശയങ്ങള്‍ക്ക് ഇടനല്കുന്നു. സാമന്ത യുക്രൈനിലെത്തിയെന്നു തെളിയിക്കുന്ന രേഖകളും ലഭ്യമായിരുന്നില്ല. വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട് റഷ്യയുടെ രാഷ്ട്രീയ തന്ത്രമാണെന്ന് നേരത്തെ തന്നെ അഭ്യൂഹവുമുണ്ടായിരുന്നു.
2005 ജൂലൈയില്‍ ലണ്ടനില്‍ ഭീകരാക്രമണം നടത്തിയ നാലു ചാവേറുകളില്‍ ഒരാളായ ജെര്മൈന് ലിന്‍ഡ്സേയുടെ ഭാര്യയാണ് വെളുത്ത വിധവ എന്നറിയപ്പെടുന്ന സാമന്ത ലൂത്ത്വെയ്റ്റ്. കെനിയയില്‍ അല്‍ ഷബാബ് ഭീകരവാദികളുമായി ചേര്‍ന്നു നടത്തിയ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഇന്റര്‍പോളിന്റെ നോട്ടപ്പുള്ളിയാണ് സാമന്ത.
കെനിയയിലെ ഷോപ്പിംഗ് സമുച്ചയത്തില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ ഭീകരാക്രമണത്തിന് ചുക്കാന്‍ പിടിച്ചത് സാമന്തയാണെന്നാണ് ഇന്റര്‍പോള്‍ അനുമാനം. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയില്‍ ചേര്‍ന്ന് സാമന്ത സിറിയയില്‍ പോരാട്ടം നടത്തുന്നതായി കഴിഞ്ഞ മാസം സ്ഥിരീകരിച്ചിരുന്നു.
ലോകത്തെ പല ഭീകരസംഘടനകളുമായും ബന്ധമുണ്ടെന്നും പല രാജ്യങ്ങളിലും അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ടുകളുണ്ട്. ബ്രിട്ടണ്, ദക്ഷിണാഫ്രിക്ക, താന്‍സാനിയ, സൊമാലിയ, കെനിയ തുടങ്ങിയ രാജ്യങ്ങളിലെല്ലാം സാമന്ത ലൂത്ത്വെയ്റ്റ് സ്വന്തം ഇഷ്ടത്തോടെ ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു.
കിഴക്കന്‍ യുക്രൈനിലെ റഷ്യന്‍ അനുകൂല വിമതരുടെ പക്ഷപാതിയായ അലെക്സി ടൊപൊറോവ്, മതതീവ്രതയ്ക്കെതിരായ പോരാട്ടത്തിലും ഇവര്‍ ശ്രദ്ധേയയാണ്. കള്ളപ്പേരിലാണ് സാമന്ത യുക്രൈനിലെത്തിയതെന്നാണ് ടൊപൊറോവിന്റെ അവകാശവാദം. തുടര്‍ന്ന് വിമതപോരാട്ടം രൂക്ഷമായ ഡൊനെട്സ്കില്‍ ഒളിപ്പോരിനായി നിയോഗിക്കപ്പെട്ടു. യുക്രൈന് അനുകൂല എയ്ഡര്‍ ബറ്റാലിയനിലായിരുന്നു സാമന്തയുടെ സേവനമെന്നും ഒട്ടേറെ വിമതരെ കൊന്നൊടുക്കിയെന്നും ടൊപൊറോവ് പറയുന്നു.
ബ്രിട്ടനില്‍ വെച്ചുണ്ടായ ഏറ്റുമുട്ടലില്‍ ഭര്‍ത്താവ് ജെര്മൈന് കൊല്ലപ്പെട്ടതോടെ ബ്രിട്ടനില്‍ തന്നെ പാകിസ്ഥാന്‍കാരനായ ഹബീബ് ഗനിയുമൊന്നിച്ചായിരുന്നു പിന്നീടുള്ള ജീവിതം. ലണ്ടനില്‍ സ്ഫോടനം നടത്താനുള്ള പദ്ധതി പൊളിഞ്ഞപ്പോള്‍ ഇരുവരും നാടുവിട്ടു. ഗനി പിന്നീട് സൊമാലിയയില്‍ വെച്ച് കൊല്ലപ്പെട്ടു.
കെനിയയിലെ മൊംബാസയില്‍ പിടിയിലായ ഇരുവരും ഒരു ജയിലിലാണ് കഴിഞ്ഞിരുന്നത്. ഇവര്‍ കെനിയയിലും സ്ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നു. ഗനി കൊല്ലപ്പെട്ടശേഷം അബ്ദുല്‍ വാഹിദ് എന്ന കെനിയക്കാരനൊപ്പമായിരുന്നു സാമന്തയുടെ താമസം. കെനിയയിലെ മുന്‍ നാവിക ഉദ്യോഗസ്ഥനായിരുന്ന അബ്ദി അല്‍ ഖാഈദ ബന്ധമുള്ള അല്‍ ശബാബ് എന്ന സൊമാലിയന്‍ ഭീകര സംഘടനയില്‍ ചേരുകയായിരുന്നു.
ഈ സംഘടനയാണ് കെനിയയിലെ ഷോപ്പിംഗ് സമുച്ചയത്തില്‍ ആക്രമണം നടത്തിയത്. രണ്ട് വര്‍ഷം മുമ്പാണ് സാമന്ത വാഹിദുമൊത്ത് താന്‍സാനിയയില്‍നിന്ന് കെനിയയിലെത്തിയത്. അവിടെ ഒരു വാടകവീട്ടിലായിരുന്നു താമസം. അതിന് മുമ്പ് കുറേക്കാലം ദക്ഷിണാഫ്രിക്കയിലായിരുന്നു. ദക്ഷിണാഫ്രിക്കയില്‍നിന്ന് പല തവണ മറ്റു രാജ്യങ്ങളിലേക്ക് സഞ്ചരിച്ചിട്ടും സാമന്തയെ ആരും കണ്ടെത്തിയിട്ടില്ലെന്നതാണ് അത്ഭുതം.
എന്തായാലും സാമന്തയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ ഏറുകയാണ്. ഒപ്പം വാര്‍ത്തകളില്‍ നിറയുകയാണ് ഈ ഭീകരവനിത…
പ്രതികരിക്കാൻ ഇവിടെ എഴുതുക: