ദ്വിദിന സന്ദര്‍ശനത്തിനെത്തിയ ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ
ഫിജി പ്രസിഡന്റ് ഫ്രാങ്ക് ബെയ്നിമാരമ സ്വീകരിക്കുന്നു
സുവ: ഗ്രാമങ്ങളുടെ സമഗ്ര വികസനത്തിന് ഭാരതം ഫിജിക്ക് 50 ലക്ഷം ഡോളര്‍ (ഏകദേശം 30,91,62,500 രൂപ) ധനസഹായം നല്‍കും. കൂടാതെ പഞ്ചസാര വ്യവസായം നവീകരിക്കാനും ഊര്‍ജ്ജോല്‍പ്പാദനം വര്‍ധിപ്പിക്കാനും 750 ലക്ഷം ഡോളര്‍ (463 കോടി രൂപ) വായ്പ നല്‍കുമെന്നും ഫിജി പ്രസിഡന്റ് ഫ്രാങ്ക് ബെയ്നിമാരമയുമായുള്ള ചര്‍ച്ചയ്ക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ഫിജിയില്‍ എത്തിയതാണ് മോദി.
പ്രതിരോധ, സുരക്ഷാ രംഗങ്ങളില്‍ സഹകരണം ശക്തമാക്കും. ഫിജിക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ (ഭാരതത്തില്‍ എത്തുമ്പോള്‍ വിസ നല്കുന്ന സംവിധാനം) അനുവദിക്കും. ഫിജി പാര്‍ലമെന്റിന് ലൈബ്രറി നിര്‍മ്മിച്ചു നല്‍കും, മോദി വ്യക്തമാക്കി. കൂടാതെ ഫിജിക്കാരായ വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പും പരിശീലന സമയവും ഇരട്ടിയാക്കി. ഫിജിയിലെ കാര്‍ഷികോല്‍പ്പാദനവും പാലുല്‍പ്പാദനവും മെച്ചപ്പെടുത്താന്‍ ഭാരതം സഹായിക്കും. മത്സ്യ, വസ്ത്ര, ആഭരണ മേഖലകളിലും ഇരുരാജ്യങ്ങളും തമ്മിലെ വാണിജ്യം ശക്തമാക്കും. ഫിജിയില്‍ വിവര സങ്കേതികവിദ്യാ രംഗത്ത് ഭാരതം മികവിന്റെ കേന്ദ്രം സ്ഥാപിക്കുമെന്ന് മോദി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മില്‍ മൂന്നു കരാറുകള്‍ ഒപ്പിട്ടു.
ഇന്നലെ പുലര്‍ച്ചെയായിരുന്നു ആസ്ട്രേലിയയില്‍ നിന്ന് മോദി ഫിജിയില്‍ എത്തിയത്. 1981-ല്‍ ഇന്ദിരാ ഗാന്ധിക്ക് ശേഷം ഇതാദ്യമായാണ് ഒരു ഭാരത പ്രധാനമന്ത്രി ഫിജി സന്ദര്‍ശിക്കുന്നത്.
സുവ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയ മോദിയെ മുന്‍ സൈനിക മേധാവി കൂടിയായ പ്രധാനമന്ത്രി ഫ്രാങ്ക് ബെയ്നിമാരമ സ്വീകരിച്ചു. തുടര്‍ന്ന് മോദി ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു. അതിനുശേഷം പരമ്പരാഗത രീതിയില്‍ മോദിയെ അവര്‍ വരവേറ്റു. ഫിജി പാര്‍ലമെന്റിനെ മോദിഅഭിസംബോധന ചെയ്തപ്പോള്‍ മറ്റൊരു ചരിത്ര നിമിഷം പിറന്നു.
ജനാധിപത്യമാണ് ഫിജിയെയും ഭാരതത്തെയും യോജിപ്പിക്കുന്ന കണ്ണിയെന്ന് അദ്ദേഹം പറഞ്ഞു. രണ്ടു പാര്‍ലമെന്റിലും സ്ത്രീകളാണ് സ്പീക്കര്‍മാര്‍. ഇക്കാര്യത്തില്‍ ഞങ്ങളേക്കാള്‍ കൂടുതല്‍ നിങ്ങള്‍ ചെയ്തു. ഫിജിയിലെ ഏഴ് പാര്‍ലമെന്റ് അംഗങ്ങളില്‍ ഒരാള്‍ വനിതയാണ്. ഭാരതത്തില്‍ അത് ഒമ്പതില്‍ ഒന്നു മാത്രം, മോദി വിലയിരുത്തി.
ഫിജിക്ക് പല ചരിത്രമാണുള്ളത്, പല മതങ്ങളാണ്, പല ഭാഷകളാണ്, പല വംശങ്ങളാണ്. ഫിജിയുടെ ഭരണഘടന അതിമനോഹരം. സ്വാതന്ത്ര്യവും പൗരാവകാശവും സംരക്ഷിക്കുക മാത്രമല്ല അടിസ്ഥാന ആവശ്യങ്ങള്‍ പോലും ഉറപ്പാക്കുന്ന, പൗരന്മാര്ക്ക് അധികാരം പകര്‍ന്നു നല്കുന്ന ഒന്നാണത്. ജീവിക്കാനുള്ള അവകാശം, സ്വാതന്ത്ര്യം, അന്തസ്, തുല്യത, മതസ്വാതന്ത്ര്യം, വിദ്യാഭ്യാസത്തിനും ജോലിക്കും ആരോഗ്യത്തിനും ഭക്ഷണത്തിനും കുടിവെള്ളത്തിനുമുള്ള അവകാശം തുടങ്ങിയവയെല്ലാം അത് ഉറപ്പാക്കുന്നു, മോദി ചൂണ്ടിക്കാട്ടി.
ജനസംഖ്യയല്ല മൂല്യങ്ങളും കാഴ്ച്ചപ്പാടുകളുമാണ് രാഷ്ട്രം നിര്‍മ്മിക്കുന്നത്. സാമ്പത്തിക പുരോഗതിയിലേക്ക് കുതിക്കുന്ന രാജ്യമാണ് ഫിജി. ജി 77നെ വ്യക്തമായ കാഴ്ചപ്പാടോടെ ഫിജി നയിക്കുന്നു.
ഫിജിയില്‍ ഭാരതത്തിന് പ്രത്യേക സ്ഥാനമുണ്ട്. അനവധി ഭാരതീയരാണ് ഫിജിയിലുള്ളത്. ഭാരതത്തിന്റെ ചൊവ്വ പര്യവേഷണ ദൗത്യമായ മംഗള്‍യാനിനെ പിന്തുടരാനുള്ള സംവിധാനം ഇവിടെ സ്ഥാപിക്കാനും ഫിജി ഭാരതത്തെ അനുവദിച്ചു. ശാസ്ത്ര, വിദ്യാഭ്യാസ രംഗങ്ങളില്‍ ഉഭയകക്ഷി സഹകരണം മെച്ചപ്പെടണം. ആശുപത്രികള്‍ സ്ഥാപിക്കുന്നതില്‍ സഹകരിച്ചതുപോലെ ഔഷധ രംഗത്തും ഒന്നായി പ്രവര്‍ത്തിക്കണമെന്നും ഭാരത പ്രധാനമന്ത്രി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: