കൊല്ലം: ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ സീസണ് എട്ടിന്റെ ഭാഗമായി കച്ചിപ്പടത്തില്‍ 14 ജില്ലകളുടെയും ചരിത്രടൂറിസം പ്രത്യേകതകള്‍ പുനര്‍സൃഷ്ടിക്കുന്നു. തൊഴില്‍വകുപ്പിന്റെ കീഴിലുള്ള കേരളാസ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ ഗ്രാന്റ് കേരളാഷോപ്പിംഗ് ഫെസ്റ്റിവലുമായി സഹകരിച്ചാണ് ഇത്തരമൊരു ശില്പചിത്രീകരണം നടത്തുന്നതെന്ന് ഡയറക്ടര്‍ കെ.എം.അനില്‍ മുഹമ്മദ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
അഞ്ചാലുംമൂട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നൂറോളം കരകൗശലശില്പികളാണ് ഇതില്‍ പങ്കാളികളാകുന്നത്. 14 മാസ്റ്റര്‍ ക്രാഫ്റ്റ്സുമാര് നേതൃത്വം നല്‍കും. 13 കണ്ണറപാലവും തെയ്യവും വള്ളംകളിയും തൃശൂര്‍പൂരവും ദഫ്മുട്ടുകളിയും കളരിപ്പയറ്റും ഇടുക്കി ഡാമുമൊക്കെ കച്ചിപ്പടത്തില്‍ ആവിഷ്കരിക്കും.
ശില്പനിര്മ്മാണപ്രവര്ത്തനം ഡിസംബര്‍ ഒന്നിന് ആരംഭിച്ച് ജനുവരി 10ന് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ശില്പികള്ക്ക് സര്‍ട്ടിഫിക്കറ്റും ദക്ഷിണയും ഗ്രാന്റ് കേരളാഷോപ്പിംഗ് ഫെസ്റ്റിവല്‍ നല്‍കും. പൂര്‍ത്തിയാക്കുന്ന ചിത്രങ്ങള്‍ അതത് ജില്ലകളിലെ സ്ഥാപനങ്ങള്‍ക്ക് നല്‍കുകയോ ലേലത്തില്‍ വിറ്റഴിച്ച് തുക ജില്ലയിലെ പാലിയേറ്റീവ് കെയറിന് നല്‍കുകയോ ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തില്‍ പി.ടി.ഗിരീഷ്, എന്‍.അജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: