റാന്നി: ശബരിമല തീര്‍ത്ഥാടനത്തിന്റെ ബേസ് ക്യാമ്പായ നിലയ്ക്കലിലേക്ക് നിലവിലുള്ള റോഡുകള്‍ക്ക് പുറമേ വനത്തിലൂടെ പുതിയ പാതതുറക്കാനുള്ള ചിലരുടെ ശ്രമം ഉന്നത ഗൂഡാലോചനയുടെ ഭാഗമാണെന്ന് തിരുവാഭരണപ്പാത സംരക്ഷണസമിതി.
നിലയ്ക്കലിലേക്ക് ആങ്ങമൂഴിയില്‍ നിന്നും കടുവാപ്പാറ വഴി സംരക്ഷിതവനമേഖലയിലൂടെയുള്ള കൂപ്പുറോഡ് തുറന്ന് കൊടുത്ത് സഞ്ചാരയോഗ്യമാക്കണമെന്ന് ഹൈന്ദവ സംഘടനകള്‍ ആവശ്യപ്പെട്ടതായ വാര്‍ത്ത പ്രചരിപ്പിച്ചുകൊണ്ടാണ് തല്പര കക്ഷികള്‍ ശ്രമം ശക്തമാക്കിയിട്ടുള്ളത്. ചില മാധ്യമങ്ങള്‍ പ്രത്യേക ലക്ഷ്യത്തോടെ ഇത്തരം വാര്‍ത്തകള്‍ക്ക് വന്‍ പ്രാധാന്യമാണ് നല്‍കിയത്. ഹൈന്ദവ സംഘടനകളുടെ പേരില്‍വന്ന വാര്‍ത്ത അയ്യപ്പഭക്തരെ തെറ്റിധരിപ്പിക്കുന്നതാണെന്നും നിബിഡ വനത്തിലൂടെ പുതിയപാത അനുവദിക്കരുതെന്നും തിരുവാഭരണപ്പാത സംരക്ഷണസമിതി യോഗം ആവശ്യപ്പെട്ടു. ഈ തീര്‍ത്ഥാടനക്കാലത്ത് അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന അയ്യപ്പന്മാരടക്കമുള്ളവരെ നിലയ്ക്കലിലേക്കെത്താന് എളുപ്പവഴി എന്ന് തെറ്റിധരിപ്പിച്ച് ആങ്ങമൂഴിയില്‍ നിന്നും വനപാതയിലൂടെ തിരിച്ചുവിടാന്‍ ശ്രമം നടക്കുന്നുണ്ട്.
1992 ല്‍ കടുവാപ്പാറ എക്യുമെനിക്കല്‍ സെന്ററിന് നല്കിയ സ്ഥലത്തുനിന്നും മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനായിഇതുവഴിയുള്ള കൂപ്പുറോഡിന് അനുമതിക്കായി പോപ്സണ് ഗ്രൂപ്പ് സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു. ഇതിന്റെ മറവില്‍ മരങ്ങള്‍ മുറിച്ച് നീക്കിയ ശേഷം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വനനിയമം ലംഘിച്ച് റോഡ് നിര്‍മ്മാണം നടത്തുകയും ചെയ്തു. ഇത് ശ്രദ്ധയില്‍പെട്ട 1992 ല്‍ ജന്മഭൂമിദിനപ്പത്രം പൂങ്കാവനത്തിലെ വനംകൊള്ള എന്ന ലേഖന പരമ്പര പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പിന്റെ റാന്നി ആസ്ഥാനമായ ഫ്ളൈയിംഗ് സ്ക്വാഡ് അന്വേഷണം നടത്തി.ഡിഎഫ്ഒ അമര്‍നാഥ് ഷെഡ്ഡിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വനത്തിലൂടെയുള്ള അനധികൃതപാത തടഞ്ഞിട്ടുള്ളതുമാണ്. ഇതേ റോഡാണ് ഇപ്പോള്‍ ശബരിമല തീര്‍ത്ഥാടനത്തിന്റെ മറവില്‍ തുറന്നുകൊടുക്കാന്‍ ചില നിക്ഷിപ്ത താല്പര്യക്കാര് ശ്രമം നടത്തുന്നത്. ഇതിനായി ഹൈന്ദവ സംഘടനകളുടെ പേരില്‍ വ്യാജ വാര്‍ത്തകള്‍ ചില മാധ്യമങ്ങളുടെ സഹായത്തോടെ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്.
ശബരിമല ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തരെ കടുവാപ്പാറ എക്യൂമെനിക്കല്‍ സെന്ററിലും മറ്റ്ും എത്തിക്കാനും സാമ്പത്തിക ലാഭമുണ്ടാക്കാനുമുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. ഏതാനും വര്‍ഷം മുമ്പ് ശബരിമല മേല്‍ശാന്തി പള്ളിയിലെ ചടങ്ങില്‍ പങ്കെടുത്തത് അയ്യപ്പഭക്തരുടെ പ്രതിഷേധത്തിന് കാരണമായിരുന്നു. പിന്നീടാണ് ദേവഹിതമനുസരിച്ച് ശബരിമല മേല്‍ശാന്തിമാര്‍ പുറപ്പെടാശാന്തിമാരായത്.
ശബരിമല തീര്‍ത്ഥാടകരുടെ യാത്രയ്ക്കുവേണ്ടി എന്ന പേരില്‍ പള്ളിയിലേക്കുള്ള വനപാതകള്‍ തുറക്കാനുള്ള ശ്രമങ്ങള്‍ ഒരു കാരണവശാലും അധികൃതര്‍ അനുവദിക്കരുതെന്നും തിരുവാഭരണപ്പാത സംരക്ഷണസമിതിയോഗം ആവശ്യപ്പെട്ടു.
ളാഹയ്ക്ക് സമീപം വനത്തിനുള്ളില്‍ മഞ്ഞക്കടമ്പ് ഭാഗത്ത് 45 ഏക്കര്‍ പട്ടയഭൂമിയിലും 1992ല്‍ കൈയേറ്റ ശ്രമം നടന്നിരുന്നു. പട്ടയഭുമിയുടെ അതിരിനും വനഭൂമിയിലെ ജണ്ടയ്ക്കും ഇടയില്‍ രണ്ട് മീറ്റര്‍ അകലത്തില്‍ മരങ്ങള്‍ നട്ടുവളര്‍ത്തി ഏക്കര്‍ കണക്കിന് ഭൂമി പിടിച്ചെടുക്കാന്‍ തല്പര കക്ഷികള്‍ നടത്തിയ ശ്രമവും അന്ന് ഡിഎഫ്ഒ തടഞ്ഞിരുന്നു.
ഇതിന് ശേഷമാണ് ളാഹയില്‍ ആദിവാസികളുടെ പേരില്‍ സമരമുണ്ടാക്കി ഭൂമിതട്ടാന്‍ ശ്രമം നടത്തിയതെന്നും യോഗം കുറ്റപ്പെടുത്തി. തിരുവാഭരണപ്പാത സംരക്ഷണസമിതി ചെയര്മാന് അഡ്വ.കെ.ഹരിദാസ്, ജനറല്‍ കണ്‍വീനര്‍ പ്രസാദ് കുഴിക്കാലാ, കെ.പി.സോമന്, ജി.രജീഷ്, വി.കെ.രാജഗോപാല്‍, രവി കുന്നയ്ക്കാട്, കെ.ആര്.രവി, വി.പി.രാഘവന്, രാജപ്പന് അടിച്ചിപ്പുഴ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: