കൊല്ലം: കെ.എം.മാണിക്ക് കോഴ നല്‍കിയെന്ന ചാനല്‍വാര്‍ത്ത നിഷേധിച്ചുകൊണ്ട് ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സ് സംസ്ഥാനപ്രസിഡന്റ് എസ്.മുരളീധരന് രംഗത്തെത്തി. ഫോണ്‍ സംഭാഷണമെന്ന പേരില്‍ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുകയാണ് ചാനല്‍ ചെയ്തതെന്നും വാര്‍ത്ത പിന്‍വലിക്കാത്തപക്ഷം നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
എറണാകുളത്തെ ചില പമ്പുടമകളുടെയും ഫെഡറേഷന് സെക്രട്ടറി കുമാരദാസിനെയും ഉപയോഗിച്ച് ചില എണ്ണക്കമ്പനികള്‍ നടത്തിയ ഗൂഡനീക്കമാണ് ഇത്തരം ആരോപണത്തിന്റെ പിന്നില്‍. കുമാരദാസിനെ ചുമതലയില്‍ നിന്ന് നീക്കം ചെയ്തതായും മുരളീധരന് പറഞ്ഞു. സംസ്ഥാനത്തെ രണ്ടായിരത്തോളം പെട്രോള്‍ പമ്പുകളും 80 ശതമാനം നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്.
പുതിയ പെട്രോള്‍ പമ്പിന്റെ കടന്നുവരവിനെതിരെ ഫെഡറേഷന് നടത്തിയ സമരമാണ് ഓയില്‍ കമ്പനികളെയും പമ്പ് കൃഷി നടത്തി ജീവിക്കുന്നവരെയും തങ്ങള്‍ക്കെതിരെ തിരിക്കാന്‍ പ്രേരിപ്പിച്ചത്. പുതിയ പെട്രോള്‍ പമ്പ് വരുന്നതിലേക്ക് 25 ലക്ഷം രൂപ ചില ഓയില്‍ കമ്പനി ഉദ്യോഗസ്ഥരും ഇടനിലക്കാരും കോഴയായി ഈടാക്കുന്നുണ്ടെന്നും മുരളീധരന് ആരോപിച്ചു.
ജില്ലാകളക്ടറില്‍ നിന്നും എന്‍ഒസി തരപ്പെടുത്തുന്നതിനായി അഞ്ച് ലക്ഷം രൂപവരെ ഇടനിലക്കാരും ചില റവന്യു ഉദ്യോഗസ്ഥരും കൈക്കലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തില്‍ ആക്ടിംഗ് സെക്രട്ടറി സഫാ അഷറഫും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: