ശബരിമല: ഭക്തജന തിരക്കനുസരിച്ച് പൂജാ സമയ ക്രമത്തില്‍ വ്യത്യാസങ്ങള്‍ വരുത്തുമെന്ന് എക്സിക്യുട്ടീവ് ഓഫീസര്‍ വി. എസ.് ജയകുമാര്‍ അറിയിച്ചു. സന്നിധാനത്ത് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തന അവലോകന യോഗത്തിലാണ് തീരുമാനം. അപ്പം, അരവണ എന്നിവയുടെ കരുതല്‍ ശേഖരം ഉണ്ട്. കൂടുതല്‍ കൗണ്ടറുകള്‍ പതിനെട്ടാം പടിയുടെ വലത് ഭാഗത്തും മാളികപ്പുറത്തും അക്കോമഡേഷന്‍ ഓഫീസിനു താഴെയുമായി പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുണ്യം പൂങ്കാവനം പദ്ധതിയില്‍ എല്ലാ വകുപ്പുകളെയും ഉള്‍പ്പെടുത്തി ദിവസവും രാവിലെ 9 മണി മുതല്‍ 10 മണി വരെ ശുചീകരണ പ്രവര്‍ത്തനം നടത്തും. അപ്പം, അരവണ പ്ലാന്റിലെ ജീവനക്കാര്‍ക്ക് കര്‍ശന വൈദ്യ പരിശോധന നടത്തി ആരോഗ്യ കാര്‍ഡ് നല്‍കും.
ആരോഗ്യ വകുപ്പും അഖില ഭാരത അയ്യപ്പ സേവാ സംഘവും ചേര്‍ന്ന് നടത്തുന്ന ഓക്സിജന്‍ പാര്‍ലര്‍ ശരംകുത്തി, മരക്കൂട്ടം, ശബരി പീഠം എന്നിവിടങ്ങളില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.
അമിത വിലയീടാക്കി കച്ചവടം നടത്തിയ 3 കടകള്‍ക്ക് നോട്ടീസ് നല്‍കിയതായി തഹസില്‍ദാര്‍ അറിയിച്ചു.
കോടതി ഉത്തരവനുസരിച്ച് മുതിര്‍ന്ന പൗരന്മാര്, അംഗ പരിമിതര്‍, മാളികപ്പുറം എന്നിവര്‍ക്ക് പ്രത്യേക ദര്‍ശനസൗകര്യം സന്നിധാനത്ത് ക്രമീകരിച്ചിട്ടുണ്ട്. ഭക്തജനങ്ങളുടെ തിരക്ക് നിയന്ത്രിക്കാന്‍ പതിനെട്ടാം പടിയുടെ താഴെയായി ബാരിക്കേഡുകള്‍ സ്ഥാപിക്കാനും യോഗത്തില്‍ തീരുമാനമായി.
എക്സിക്യുട്ടീവ് ഓഫീസര്‍ വി. എസ്. ജയകുമാര്‍, ദേവസ്വം വിജിലന്‍സ് വിഭാഗം മേധാവി സി. പി. ഗോപകുമാര്‍, എസ്ഓ പി. എ. വത്സന്, എഎസ്ഓ ടി. നാരായണന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: