ചേര്‍ത്തല: അന്ധതയെ സംഗീതമെന്ന മഹാമന്ത്രം കൊണ്ട് അതിജീവിച്ച് നാദത്തിന്റെ നിലയ്ക്കാത്ത പ്രവാഹം തീര്‍ക്കുകയാണ് അഖില്‍ എന്ന കൊച്ചു മിടുക്കന്. കണ്ണൂരില്‍ നടന്ന സ്പെഷ്യല്‍ സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത ഇനങ്ങളിലെല്ലാം മികച്ച വിജയം നേടിയ അഖില്‍ കൊക്കോതമംഗലം ഗ്രാമത്തിന് അഭിമാനമായി. തണ്ണീര്‍മുക്കം പഞ്ചായത്ത് അഞ്ചാം വാര്‍ഡ് ശാസ്താങ്കല്‍ വാഴപ്പള്ളില്‍ വീട്ടില്‍ സുധികുമാറിന്റെയും മായയുടെയും മൂത്ത മകനായ അഖില്‍ (16) ജന്മനാ അന്ധനാണ്. ഗ്ലൂക്കോമാ എന്ന വില്ലന്‍ കണ്ണിന്റെ കാഴ്ചകളെ മറച്ചപ്പോള് ദൈവം ഈ കുരുന്നിന് പാടുവാനുള്ള കഴിവ് വാരിക്കോരി നല്കി.
ചേര്‍ത്തല ബാഹുലേയന് മാഷിന്റെ കീഴിലായിരുന്നു സംഗീതത്തിന്റെ ആദ്യാക്ഷരങ്ങള്‍ ഹൃദിസ്ഥമാക്കിയത്. ഇപ്പോള്‍ വാരനാട് രാജേഷാണ് ഗുരു. ലളിതസംഗീതമായിരുന്നു ആദ്യമൊക്കെ അഖിലിന് പ്രിയം. പിന്നീട് ശാസ്ത്രീയ സംഗീതവും കീബോര്‍ഡുമൊക്കെ അഖിലിന്റെ ലോകമായി. ആരുടേയും ശിക്ഷണമില്ലാതെയാണ് അഖില്‍ കീബോര്‍ഡ് വായനയിലേക്ക് കടന്നത്.
പാട്ടു കേട്ട് അഖില്‍ കീബോര്‍ഡില്‍ വായിക്കും. ആറ് മാസം മുമ്പ് കീബോര്‍ഡില്‍ അഖില്‍ വായിച്ച ഗാനം ആകാശവാണി ബാലലോകം പരിപാടിയില്‍ സംപ്രേഷണം ചെയ്തിരുന്നു. ഇപ്പോള്‍ കോട്ടയത്തുള്ള അന്ധവിദ്യാലയത്തിലെ അദ്ധ്യാപകരായ അനില്‍കുമാര്‍, ഹരി എന്നിവരുടെ നേതൃത്വത്തില്‍ ഹാര്‍മോണിയം പരിശീലിക്കുന്നുണ്ട്.
സ്കൂള്‍ കലോത്സവ വേദികളില്‍ നിത്യ സാന്നിദ്ധ്യമായ അഖില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. സ്പെഷ്യല്‍ സ്കൂള്‍ കലോത്സവത്തില്‍ നാലിനങ്ങളിലാണ് അഖില്‍ മാറ്റുരച്ചത്. ഇതില്‍ ലളിതഗാനത്തിന് ഒന്നാം സമ്മാനവും, ഹാര്മ്മോണിയത്തിനും, ശാസ്ത്രീയസംഗീതത്തിനും രണ്ടാം സ്ഥാനവും, പദ്യപാരായണത്തിന് എ ഗ്രേഡും കരസ്ഥമാക്കി. ഇപ്പോള്‍ തണ്ണീര്‍മുക്കം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് വണ്ണിന് പഠിക്കുകയാണ് അഖില്‍. അച്ഛന് സുധികുമാര്‍ മഹാരാഷ്ട്രയിലെ ഷിപ്പിങ് കമ്പനിയില്‍ ഫിറ്ററായി ജോലി ചെയ്യുകയാണ്. അമ്മയാണ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അഖിലിനൊപ്പം കൂട്ടുപോകുന്നത്. നിരവധിപേരാണ് അഖിലിന് ആശംസകളുമായി വാഴപ്പള്ളി വീട്ടിലെത്തുന്നത്. വിധിയുടെ വെല്ലുവിളികളെ അതിജീവിച്ചുള്ള ഈ കൊച്ചുമിടുക്കന്റെ വിജയത്തിന് പത്തരമാറ്റ് തിളക്കമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: