ആലപ്പുഴ: വൈദ്യുതി ഉപഭോക്താക്കളുടെ കുടിശിക അടച്ചുതീര്‍ക്കാന്‍ പ്രത്യേക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി വൈദ്യുതിബോര്‍ഡ് പ്രഖ്യാപിച്ചു. രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ കുടിശികയുള്ള ഉപഭോക്താവിന് ഇതിന്റെ പ്രയോജനം ലഭിക്കും. പുതിയ പദ്ധതി പ്രകാരം അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ കുടിശികയുള്ളവരുടെ പിഴപ്പലിശ ആറു ശതമാനമായും രണ്ടുവര്‍ഷത്തിന് മുകളില്‍ അഞ്ചുവര്‍ഷത്തിന് താഴെ കുടിശികയുള്ളവര്‍ക്ക് പിഴപ്പലിശ എട്ട് ശതമാനമായും കുറച്ചു നല്‍കും. പലിശയുള്‍പ്പെടെയുള്ള മുഴുവന്‍ തുകയും ഒറ്റത്തവണയായി അടയ്ക്കേണ്ടതാണ്. ബുദ്ധിമുട്ടുള്ളവര്‍ക്ക് പലിശ ആറ് തവണകളായി അടയ്ക്കുന്നതിന് വ്യവസ്ഥയുണ്ട്.
റവന്യു റിക്കവറി നടപടികള്‍ നേടിരുന്ന ഉപഭോക്താക്കള്‍ക്കും കോടതിയില്‍ കേസ് നടപടികള്‍ തുടരുന്നവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി ഇതിന്റെ പ്രയോജനം ലഭിക്കും. എന്നാല്‍ വൈദ്യുതി മോഷണമായും അനധികൃതമായി വൈദ്യുതി ഉപയോഗിച്ചതുകൊണ്ടും ഉണ്ടായ കുടിശികയ്ക്ക് പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നതല്ല.
പദ്ധതിയുടെ പ്രയോജനം ലഭിക്കാന്‍ എല്‍ടി ഉപഭോക്താക്കള്‍ ബന്ധപ്പെട്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകളിലും എച്ച്ടി ഇഎച്ച്ടി ഉപഭോക്താക്കള്‍ തിരുവനന്തപുരത്തുള്ള സ്പെഷ്യല്‍ ഓഫീസര്‍ റവന്യുവിനും ഡിസംബര്‍ ഒന്നിന് മുമ്പ് അപേക്ഷ നല്‍കണം. കുടിശികത്തുക 2015 മാര്‍ച്ച് 31ന് മുമ്പ് അടയ്ക്കണം. പ്രത്യേക പദ്ധതി ആനുകൂല്യം ഉപഭോക്താക്കള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് വൈദ്യുതിബോര്‍ഡ് ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ എസ്. രാജ്കുമാര് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: